വചനം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഏലിയാ-സ്ളീവാ-മൂശക്കാലത്തിന്റെ പത്താമത്തേതും, ഏറ്റവും അവസാനത്തേതുമായ ഞായറാഴ്ചയിലാണ് സീറോ മലബാർ സഭ ആയിരിക്കുന്നത്. കുരിശിന്റെ വിജയവും കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവും പ്രത്യേകമായി വിശ്വാസജീവിതത്തിൽ ധ്യാനവിഷയമാക്കുന്ന കാലഘട്ടം കൂടിയാണിത്. മിശിഹായുടെ രണ്ടാമത്തെ വരവിനു മുമ്പായി ഏലിയാ വരുമെന്നും (മലാക്കി4:5) വിനാശത്തിന്റെ പുത്രനുമായി തര്‍ക്കിച്ച് അവന്റെ തെറ്റിനെ ലോകത്തിനു ബോദ്ധ്യപ്പെടുത്തുമെന്നും ആദിമസഭ വിശ്വസിച്ചുപോന്നു. കര്‍ത്താവിന്റെ രൂപാന്തരീകരണവേളയില്‍ അവിടുത്തോടൊപ്പം ഏലിയായും ഉണ്ടായിരുന്നുവെന്ന വസ്തുത ഈ വിശ്വാസത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. കര്‍ത്താവിന്റെ രൂപാന്തരീകരണം അവിടുത്തെ രണ്ടാമത്തെ വരവിന്റെ പ്രതീകവുമാണല്ലോ. രൂപാന്തരപ്പെട്ട സമയത്ത് മൂശയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നതായിരിക്കാം സ്ളീവ നടുവില്‍ വരത്തക്കവിധം ഏലിയാ- സ്ളീവാ-മൂശക്കാലങ്ങള്‍ രൂപപ്പെട്ടതിനു കാരണം. ലോകാവസാനം, മരണം, അവസാനവിധി എന്നിവയാണ് ഈ കാലങ്ങളിലെ പ്രധാന വിഷയങ്ങള്‍. അതോടൊപ്പം, പിശാചിന്റെ പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തി, പാപത്തെ തുടച്ചുമാറ്റാനുള്ള ആഹ്വാനവും നമുക്കു നല്കുന്നു.
ഈ ആഹ്വാനങ്ങൾക്ക് ജീവൻ നൽകുന്നതാണ് ഇന്ന് വായിച്ചുകേട്ട വചനഭാഗങ്ങൾ. നിയമാവർത്തന പുസ്തകം പതിനൊന്നാം അദ്ധ്യായത്തിൽ നിന്നുമുള്ള ആദ്യവായന നമുക്ക് മനസിലാക്കിത്തരുന്ന രണ്ടു കാര്യങ്ങൾ, ഒന്ന്: ഇസ്രായേൽ ജനതയുടെ രക്ഷയ്ക്കുവേണ്ടി എപ്പോഴും പിതൃതുല്യം കൂടെ നിന്ന ദൈവത്തെക്കുറിച്ചുള്ള സന്ദേശം. രണ്ടു, ദൈവം ജീവിതത്തിൽ ചെയ്ത മഹനീയമായ കാര്യങ്ങളെ മറക്കരുതെന്നുള്ള ഓർമ്മപ്പെടുത്തലും. കുരിശോളം ദൈവത്തിന്റെ സ്നേഹം വളർന്നതിന്റെ അടിസ്ഥാനം മനസിലാക്കണമെങ്കിൽ, ഇസ്രായേൽ ജനതയെ ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച ദൈവത്തിന്റെ കരുണയെ ആഴത്തിൽ മനസിലാക്കണമെന്നും ഇന്നത്തെ ആദ്യ വായന നമുക്ക് കാട്ടിത്തരുന്നു. ദൈവത്തിന്റെ കരം കണ്ടതും, അറിഞ്ഞതും, അനുഭവിച്ചതുമായ ഒരു ജനതയാണ് ഇസ്രായേൽ എന്ന ബോധ്യത്തിലേക്ക് നയിക്കുമ്പോൾ. അറിഞ്ഞവർ എത്രയോ അധികം ദൈവത്തിങ്കലേക്കു ചേർന്നുനിൽക്കണമെന്ന മുന്നറിയിപ്പും ആദ്യവായന നമുക്ക് നൽകുന്നു. എന്നാൽ എല്ലാം വിസ്മൃതിയിൽ ആഴ്ത്തിക്കൊണ്ട് ഒന്നും അറിയാത്തവരെ പോലെ ജീവിക്കുകയാണെങ്കിൽ, അവസാന വിധിദിവസം ശോകമായിരിക്കുമെന്നും ആദ്യവായന നമ്മെ പഠിപ്പിക്കുന്നു.
ഇപ്രകാരം ദൈവം കാട്ടിയ കരുണയുടെ സ്നേഹത്തിനു, തിരികെ മോശ, ഇസ്രായേൽ ജനതയോട് ആവശ്യപ്പെടുന്നത് ദൈവത്തോടുള്ള അനുസരണമാണ്. വിശ്വസ്തതയ്ക്കും അനുസരണത്തിനുമുള്ള ആവശ്യം ഇസ്രായേൽ ജനതയോട് ഉന്നയിക്കുവാൻ മറ്റൊരു കാരണം, മരുഭൂമിയുടെ വരൾച്ചയിൽ നിന്നും ദൈവം ഒരുക്കിയ ഫലഭൂയിഷ്ഠമായ ദേശത്തേക്ക് യാതൊരു ഉപാധികളും കൂടാതെ അവരെ നയിച്ച ദൈവത്തിന്റെ സ്നേഹമാണ്. ഈ ദേശത്തിന്റെ പശ്ചാത്തലവും നമ്മെ ഈ വചനങ്ങൾ ആഴത്തിൽ മനസിലാക്കുവാൻ നമ്മെ സഹായിക്കുന്നു. മനുഷ്യാധ്വാനത്തിലൂടെയോ കൃത്രിമ പ്രക്രിയകളിലൂടെയോ ജലസേചനം നടത്തി വിളയിച്ച ഒരു ദേശമല്ല കാനാൻ, മറിച്ച്, പ്രകൃതിദത്തമായ ജലവിതരണത്തിലൂടെ ഇസ്രായേലിനു ദാനമായി നൽകിയ ഒന്നാണ്. അതുകൊണ്ട്, ദാനമായി നൽകിയ ദൈവ സ്നേഹത്തിനു മറുപടിയായിട്ടാണ് അനുസരണത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ മോശ ആവശ്യപ്പെടുന്നത്.
ഏലിയാ-സ്ളീവാ-മൂശക്കാലത്തിന്റെ വലിയ തീക്ഷ്ണതയും ഇത് തന്നെയാണ്. കുരിശിലൂടെ നമുക്ക് ദാനമായി നേടിത്തന്ന രക്ഷയുടെ ഫലങ്ങൾ ജീവിതത്തിൽ അനുസരണമായി മറുപടി നൽകുവാനുള്ള ക്രൈസ്തവവിളിയാണ് ഈ കാലം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഒന്നാം വായനയുടെ തുടർച്ചയാണ് ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുമുള്ള രണ്ടാം വായന. രാജാക്കന്മാരോടുള്ള മുന്നറിയിപ്പാണ് ഈ രണ്ടാം വായനയിൽ ഉൾച്ചേർന്നിരിക്കുന്നത്. ഈ വാക്കുകൾ രാജാക്കന്മാരെ അഭിസംബോധന ചെയ്യുന്നത് അവരുടെ ഉത്തരവാദിത്തങ്ങൾ എങ്ങനെ നിർവഹിക്കണമെന്ന മുന്നറിയിപ്പോടെയാണ്. അവരുടെ അധികാരം നിസ്സാരമായി എടുക്കാനോ സ്വന്തം കാര്യം അന്വേഷിക്കാനോ ഉള്ള ഒന്നല്ല എന്ന മുന്നറിയിപ്പ്. അതായത്, കർത്താവിൽ നിന്ന് ലഭിച്ച സാമ്രാജ്യവും, അധികാരവും കാലചക്രങ്ങൾ ഉരുണ്ടപ്പോൾ, സ്വന്തമാക്കിയതിന്റെയും, വെട്ടിപ്പിടിച്ചതിന്റെയും തിക്തഫലങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് രണ്ടാം വായന. ഉന്നത സ്ഥാനം വഹിക്കുന്നവർ ജീവിതത്തിൽ പാലിക്കേണ്ടുന്ന ദൈവീക വിധേയത്വത്തെക്കുറിച്ചും ഈ രണ്ടാമത്തെ വായന നമ്മെ ഓർമ്മപ്പെടുത്തുന്നു. എല്ലാ ശക്തിയും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് ഭരണാധികാരികൾ ഓർക്കണമെന്നുള്ളതാണ് ഈ ഭാഗത്തിന്റെ പ്രധാന ആശയം.
അതായത്, ദൈവഹിതം വിശ്വസ്തതയോടെ അനുസരിക്കുന്നവർ ന്യായവിധിയിൽ 'വിശുദ്ധരായി' അംഗീകരിക്കപ്പെടുമെന്ന വലിയ സത്യമാണ് ഇന്നത്തെ രണ്ടാം വായന നമുക്ക് നൽകുന്നത്. ഇത് എല്ലാവർക്കും ഒരു പോലെ ബാധകമാണെന്നും, ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ പൂർണ്ണ മനസോടെ ദൈവത്തോട് വിശ്വസ്തരായി വർത്തിക്കുവാനും നമ്മെ ഈ വായന ക്ഷണിക്കുന്നു. യഥാർത്ഥ ജ്ഞാനം, ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചുള്ള യഥാർത്ഥ ഉൾക്കാഴ്ച്ചയും, ആളുകളെ നന്മയിലും നീതിയിലും നിലനിർത്തുന്നതാണെന്നും ഈ വായന നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതിനാൽ അധികാരം നാം എപ്രകാരം ഉപയോഗിക്കണമെന്നും, അധികാരദുർവിനിയോഗങ്ങൾ ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുമുള്ള മുന്നറിയിപ്പും കൂടിയാണിത്. നേരെമറിച്ച്, മറ്റുള്ളവരെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകൾ പൂർണ്ണമായി കണ്ടെത്തുന്നതിനും, ഉപയോഗിക്കുന്നതിനും അവരെ സഹായിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ അധികാരസ്ഥാനം എത്രത്തോളം ഉയർന്നുവോ അത്രയും വലുതാണ് നമ്മുടെ ചുമതലയിൽ പ്രതിജ്ഞാബദ്ധരായവരുടെ സേവനത്തിൽ നമുക്കുണ്ടായിരിക്കേണ്ടത്. ഇവിടെ യേശുവിന്റെ കല്പനയും നാം ചേർത്ത് വായിക്കണം. നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് സേവിക്കപ്പെടാനല്ല മറിച്ച്, സേവിക്കുവാൻ വേണ്ടിയാണ്.
മൂന്നാമത്തെ വായനയും ഈ രണ്ടുവായനകളുടെ തുടർച്ചയാണ്. എന്താണ് നമ്മെ കുറിച്ചുള്ള ദൈവഹിതമെന്ന് തെസ്സലോനിക്കക്കാർക്കെഴുതപ്പെട്ട ലേഖനത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹ വെളിപ്പെടുത്തുന്നുണ്ട്, അത് ദൈവത്തോടുള്ള വിശ്വസ്തതയും, സഹോദരങ്ങളോടുള്ള ആർദ്രതയുമാണ്. തിന്മ ചെയ്യാതിരിക്കുവാൻ ആവശ്യപ്പെടുന്നതോടൊപ്പം, നന്മ ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. അല്ലാതെ നിർഗുണവ്യക്തികളായി മാറുന്നത് ദൈവഹിത പൂർത്തീകരണമല്ല എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. നാം ദൈവത്തിൽ അർപ്പിക്കുന്ന വിശ്വസ്തതയ്ക്കു കാരണമായി പൗലോസ് ശ്ലീഹ പറയുന്നത്, ദൈവം നമ്മോട് കാണിച്ച വിശ്വസ്തതാപൂർവ്വമായ സ്നേഹമാണ്. എപ്പോഴും സന്തോഷിക്കുക! തുടർച്ചയായി പ്രാർത്ഥിക്കുക! എല്ലാറ്റിലും നന്ദി പറയുക , ക്രൈസ്തവ ജീവിതത്തിൽ ഓരോ വ്യക്തിയും പാലിക്കേണ്ടുന്ന അല്ലെങ്കിൽ ജീവിക്കേണ്ടുന്ന മൂന്നു തത്വങ്ങളാണിവ. ഇപ്രകാരം ജീവിക്കുന്ന ഓരോ വ്യക്തിയും സമൂഹത്തിനു നൽകുന്ന നന്മകളുടെ എണ്ണം അനന്തമായിരിക്കും, അങ്ങനെയുള്ളവർക്കാണ് ദൈവത്തിന്റെ വിശുദ്ധീകരണ പ്രക്രിയയയിൽ പൂർണ്ണമായി പങ്കാളികളാകുവാൻ സാധിക്കുകയുള്ളൂ എന്നും ഇന്നത്തെ മൂന്നാം വായന നമ്മെ ബോധ്യപ്പെടുത്തുന്നു.
ഈ വചങ്ങളുടെയെല്ലാം പൂർത്തീകരണമാണ് ഇന്നത്തെ സുവിശേഷ ഭാഗം. നിങ്ങളുടെ ആത്മാവും ശരീരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ വരവിൽ കുറ്റമറ്റ രീതിയിൽ സംരക്ഷിക്കപ്പെടട്ടെ എന്ന പൗലോസ് ശ്ലീഹായുടെ ക്ഷണം, ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുള്ള ബുദ്ധിമുട്ടുകൾ ഇന്നത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നു. അന്ധനും, ഊമനുമായ പിശാചുബാധിതനെ പറ്റി പറഞ്ഞുകൊണ്ടാണ് ഈ സുവിശേഷഭാഗം ആരംഭിക്കുന്നത്. ഇത്, ക്രൈസ്തവ ജീവിതത്തിൽ ഓരോ വ്യക്തിയും അനുഭവിക്കുന്ന പ്രലോഭനങ്ങളുടെയും, പാപങ്ങളുടെയും അടിമത്തത്തെ സൂചിപ്പിക്കുന്നു. ഈ അടിമത്തം നമ്മെ കൊണ്ടെത്തിക്കുന്നതോ അന്തച്ഛിദ്രമാകുന്ന ബന്ധങ്ങളിലേക്കും. നമ്മെക്കാൾ ശക്തമായ ഒരു നിഷേധാത്മക ശക്തി നമ്മുടെ ഉള്ളിൽ കുടിയേറുമ്പോൾ, നാം മനസിലാക്കണം, അവയിൽ നിന്നും പുറത്തുകടക്കുവാൻ യേശുവിന്റെ ശക്തി കൂടിയേ തീരൂ. രക്ഷയുടെ മുഴുവൻ ചരിത്രവും, വിശുദ്ധ ഗ്രന്ഥവും ഈ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള പ്രഖ്യാപനമാണ്. എന്നാൽ സ്വയം ശക്തിയിൽ ആശ്രയിക്കുന്നവനോ, ഈ നിഷേധാത്മക യാഥാർത്ഥ്യത്തെ മറികടക്കാനുള്ള ഏതൊരു സിദ്ധാന്തവും ഒരു നാടകീയ മിഥ്യയാണ്!
അതിനാൽ നമ്മെ പിടിമുറുക്കിയിരിക്കുന്ന അന്ധകാര ശക്തികളിൽ നിന്നും മോചനം പ്രാപിക്കുന്നതിനായി യഥാർത്ഥ വിമോചകനായ യേശുവിലേക്ക് തിരിയണമെന്നു വചനം നമ്മോട് ആവശ്യപ്പെടുന്നു. ഇത് സാത്താൻ്റെ ഭരണത്തിൻ്റെ അവസാനമാണ്! ഇത് തിന്മയുടെ ആധിപത്യത്തിൻ്റെ അവസാനമാണ്!. കാരണം ഭിന്നിപ്പിൽ അവസാനം അവൻ ചിതറിക്കപ്പെടുകയും, നന്മ ചെയ്യുന്നവരെ ദൈവം ഒരുമിച്ചുകൂട്ടുകയും ചെയ്യും. മനുഷ്യരാശിക്ക് യേശു പ്രദാനം ചെയ്യുന്ന ദൈവരാജ്യത്തിന്റെ നിലനിൽപ്പും ശക്തിയും ഇന്നത്തെ വായന നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാൽ അവസാന ഭാഗത്തേക്ക് എത്തുമ്പോൾ, ജീവിതത്തിൽ എപ്പോഴും പാലിക്കേണ്ടുന്ന ഒരു വലിയ കൽപ്പനയും യേശു നൽകുന്നു, പരിശുദ്ധാത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല എന്ന ഒരു മുന്നറിയിപ്പ്. "ആത്മാവിൻ്റെ പാപം" എന്നത് ജീവിതം ദൈവത്തിൻ്റെ ആത്മാവിനാൽ നയിക്കപ്പെടുന്നുവെന്ന് വിശ്വസിക്കാൻ വിസമ്മതിക്കുന്നതാണെന്ന് ബൈബിൾ പണ്ഡിതന്മാർ പറയുന്നു. ആയതിനാൽ, ജീവിതത്തിൽ ദൈവീക സാന്നിധ്യം, അതായത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുക എന്നത് ഏറെ അവശ്യമാണെന്നും ഇന്നത്തെ വചനവായനകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: