തിരയുക

ഘാന മെത്രാൻ സമിതി അംഗങ്ങൾ ഘാന മെത്രാൻ സമിതി അംഗങ്ങൾ  

നിയമവിരുദ്ധ സംഭാവനകൾ വേണ്ട: ഘാന മെത്രാൻ സമിതി

നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ല എന്ന് ഘാനയിലെ മെത്രാൻ സമിതി കൽപ്പന പുറപ്പെടുവിച്ചു. സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഘാനയിലെ മെത്രാൻ സമിതിയുടെ സമഗ്രസമ്മേളനത്തിൽ, നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങളുടെ പാരിതോഷികമായി സഭയ്ക്ക് സംഭാവനകൾ നൽകുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നു തീരുമാനിച്ചു. ഇത് സംബന്ധിച്ച കർശന നിർദേശങ്ങളും മെത്രാൻ സമിതി നൽകി. കെനിയൻ രാഷ്ട്രത്തലവൻ നൽകിയ സംഭാവനകൾ നിരസിച്ച കെനിയയിലെ മെത്രാന്മാരുടെ  തീരുമാനവും ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു.

പരിസ്ഥിതിക്കും ജനസംഖ്യയ്ക്കും വളരെ ഗുരുതരമായ നാശം വരുത്തുന്ന ധാതുക്കളുടെ (പ്രത്യേകിച്ച് സ്വർണ്ണം) അനധികൃതവും അനിയന്ത്രിതവുമായ ഖനനത്തിനു മൗന  അനുമതി നൽകിയതിനെത്തുടർന്ന്, വൻതോതിലുള്ള അനീതിയാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. ഇതിനു ഒത്താശ ചെയ്യുന്നതിനുവേണ്ടി, സഭയ്ക്കും സംഭാവനകൾ നൽകുവാൻ കുത്തക മുതലാളിമാർ സന്നദ്ധരായ അവസരത്തിലാണ്, അനീതിയുടെ സംഭാവനകൾ സ്വീകരിക്കുവാൻ പാടില്ല എന്ന നിർദേശം കല്പനയായി ഘാനയിലെ മെത്രാൻ സമിതി പുറപ്പെടുവിച്ചിരിക്കുന്നത്.

അതോടൊപ്പം നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിൽ ഏർപ്പെടാനും മെത്രാൻ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭൂമി സംരക്ഷിക്കുവാൻ ഓരോരുത്തരും അവരവരുടെ ഭൂമി ഏറ്റെടുക്കണമെന്നും, പുറത്തുനിന്നുള്ളവർക്ക് ഭൂമി അനീതിപരമായി ഉപയോഗിക്കുവാൻ വിട്ടുകൊടുക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഒക്ടോബറിൽ, അക്ര അതിരൂപത ഘാനയിലെ മേജർ സുപ്പീരിയർമാരുടെ സമ്മേളനവുമായി  സഹകരിച്ച്, നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കാൻ കർശനമായ നടപടികൾ ആവശ്യപ്പെട്ട് രാഷ്ട്രത്തലവന് നിവേദനവും നൽകിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2024, 10:46