തിരയുക

ബാംഗളുരുവിൽ നിർമ്മിക്കുന്ന കുടിയേറ്റസംരക്ഷണകേന്ദ്രത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽനിന്ന് ബാംഗളുരുവിൽ നിർമ്മിക്കുന്ന കുടിയേറ്റസംരക്ഷണകേന്ദ്രത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽനിന്ന് 

കുടിയേറ്റക്കാർക്കുവേണ്ടി ബൃഹത്പദ്ധതിയുമായി ബാംഗ്ലൂർ അതിരൂപത

കർണാടകത്തിലെ യെശ്വന്ത്പൂർ റെയിൽവേ നിലയത്തിന് സമീപം, മതികെരെ പ്രദേശത്തു കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് ആതിഥ്യമരുളുന്നതിനും, അവരെ സംരക്ഷിക്കുന്നതിനും ലക്‌ഷ്യം വച്ചുകൊണ്ട്, ബാംഗ്ലൂർ അതിരൂപത ബൃഹത്തായ പദ്ധതികൾ തയാറാക്കുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കുടിയേറ്റക്കാരുടെ ഉന്നമനവും, സംരക്ഷണവും ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്ന് ഉദ്ബോധിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നു, ബാംഗ്ലൂർ അതിരൂപത, കർണാടകത്തിലെ യെശ്വന്ത്പൂർ റെയിൽവേ നിലയത്തിന് സമീപം, മതികെരെ പ്രദേശത്തു കുടിയേറ്റസംരക്ഷണ കേന്ദ്രം  നിർമ്മിക്കുന്നതിനുള്ള തറക്കല്ലിട്ടു. ഡിസംബർ മാസം ഒന്നാം തീയതി നടന്ന ചടങ്ങിൽ, ഇന്ത്യയിലേക്കുള്ള വത്തിക്കാൻ സ്ഥാനപതി, ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറെല്ലിയാണ് കർമ്മം നിർവ്വഹിച്ചത്. തദവസരത്തിൽ, ആർച്ചുബിഷപ്പ് പീറ്റർ മച്ചാഡോ, സഹായമെത്രാൻ ആരോക്യ രാജ് സതീഷ് കുമാർ, ഈ സംരംഭത്തിനു ചുക്കാൻ പിടിക്കുന്ന ക്രിസ്തു രാജ ഇടവകയിലെ ഇടവക വികാരി, ഇടവക അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

'കുടിയേറ്റക്കാരായ സഹോദരങ്ങളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള ഒരു ഭവനമായി ഈ കേന്ദ്രം മാറട്ടെ'യെന്നു ആർച്ചുബിഷപ്പ് ആശംസിച്ചു. ഇന്ത്യൻ സാംസ്കാരിക ധാർമ്മികതയായ 'അതിഥി ദേവോ ഭവ' എന്നതിൽ  അടിസ്ഥാനമാക്കി, കുടിയേറ്റക്കാർ ദൈവത്തെപ്പോലെയാണ്, അവരെ മാന്യമായി സ്വാഗതം ചെയ്യണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകുന്നത്. ഈ സംരംഭത്തെ കൂടുതൽ അവിസ്മരണീയമാക്കിയ  വത്തിക്കാൻ പ്രതിനിധിയുടെ സാന്നിധ്യത്തിനും,  പ്രചോദനാത്മകമായ വാക്കുകൾക്കും ആർച്ചുബിഷപ്പ് മച്ചാഡോ നന്ദിയർപ്പിച്ചു.

"കുടിയേറ്റക്കാർ യാത്രയിലുള്ള വ്യക്തികൾ മാത്രമല്ല; അവർ പ്രതീക്ഷയും അവസരങ്ങളും തേടുന്ന നമ്മുടെ സഹോദരീസഹോദരന്മാരാണ്. അവരെ ഹൃദയത്തോടും തുറന്ന കരങ്ങളോടും  കൂടി സ്വാഗതം ചെയ്യേണ്ടത് നമ്മുടെ ക്രിസ്തീയ കടമയാണെന്ന്", ആർച്ചുബിഷപ്പ് പീറ്റർ മച്ചാഡോ തന്റെ ആശംസാപ്രസംഗത്തിൽ എടുത്തു പറഞ്ഞു. ബാംഗ്ലൂർ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2024, 13:49