“ക്രിസ്തു ജീവിക്കുന്നു”: വിദ്യാഭ്യാസത്തിലും പരിശീലനത്തിലും കളികൾക്കുള്ള ശക്തിയെ സഭ വിലകുറച്ച് കാണരുത്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
ഏഴാം അദ്ധ്യായം
ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ''മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.
227. യുവജനം കളികൾക്കു നൽകുന്ന ഊന്നൽ തുല്യതോതിൽ പ്രാധാന്യമർഹിക്കുന്നു. വിദ്യാഭ്യാസത്തിലും പരിശീലനത്തിലും കളികൾക്കുള്ള ശക്തിയെ സഭ വിലകുറച്ച് കാണരുത്; പകരം അവിടെ സുശക്തമായ സാന്നിധ്യം നിലനിറുത്തണം. താരാധനാ, കച്ചവടവൽക്കരണം, ഏത് വിധേയനുമുള്ള ജയം എന്നീ പ്രശ്നങ്ങളെ കീഴടക്കാൻ കളികളുടെ ലോകത്തിന് സഹായം ആവശ്യമാണ്.” കായിക വിനോദങ്ങളിൽ ഒന്നിച്ചായിരിക്കുന്നതിന്റെ, സജീവരായിരിക്കുന്നതിന്റെ ഓരോ ദിവസവും സൃഷ്ടാവ് നൽകുന്ന ദാനങ്ങളെ ആസ്വദിക്കുന്നതിന്റെ സന്തോഷമുണ്ട്.” ചില സഭാ പിതാക്കന്മാർ
അത്ലെറ്റുകളെ പരിശീലിപ്പിക്കുന്നതിന്റെ മാതൃക പ്രബോധനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. യുവാക്കളെ അവരുടെ ശക്തി വികസിപ്പിക്കാനും മടിയും മുഷിപ്പും കീഴടക്കാനും പ്രോത്സാഹിപ്പിക്കുന്നതിനാണ് അവർ അത് ഉപയോഗിച്ചത്. മഹാനായ വിശുദ്ധ ബേസിൽ യുവാക്കന്മാർക്ക് എഴുതുമ്പോൾ, സദ്ഗുണത്തിൽ വളരാനുള്ള മാർഗ്ഗം എന്ന നിലയിൽ ആത്മപരിത്യാഗത്തിന്റെ മൂല്യം വെളിപ്പെടുത്താൻ അത്ലെറ്റികൾക്കുകൾക്ക് ആവശ്യമായിരിക്കുന്ന പരിശ്രമത്തെ പരാമർശിച്ചു: ഈ മനുഷ്യർ അസഖ്യം പീഡകൾ സഹിക്കുന്നു. അവരുടെ ശക്തിയെ പടുത്തുയർത്താൻ അനേകം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു. അവർ പരിശീലിക്കുമ്പോൾ സ്ഥിരം വിയർക്കുന്നു. മത്സരത്തിനു മുമ്പുള്ള ജീവിതം മുഴുവനും അതിനായുള്ള ഒരു തയ്യാറെടുപ്പാണ് എന്ന നിലയിൽ അവർ സ്വയം ശിക്ഷണം നടത്തുന്നു. അങ്ങനെയെങ്കിൽ അവാച്യമായ അസംഖ്യം മിഴിവുറ്റ പ്രതിഫലനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടവരായ നമ്മൾക്ക് ജീവിതവിശ്രമത്തിൽ മുഴുകിയും അർദ്ധമനസ്സുള്ള പരിശ്രമങ്ങൾ നടത്തിയും എങ്ങനെ അവ നേടിയെടുക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയും? (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ കായിക വിനോദങ്ങളിൽ സഭയുടെ ശ്രദ്ധ ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്നു. പല അവസരങ്ങളിലായി ഫ്രാൻസിസ് പാപ്പാ വിവിധ കായിക താരങ്ങളോടു പങ്കുവച്ച സന്ദേശത്തിലൂടെ കടന്നു ചെന്ന് കൊണ്ട് ഈ ഖണ്ഡിക നമുക്ക് ചിന്താവിഷയമാക്കാം.
2019 ഒക്ടോബര്‍ പതിമൂന്നാം തിയതി, ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമുമായി പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയപ്പോൾ പന്തിനെ ആവരണം ചെയ്യുന്ന തുണികൊണ്ട് പോലും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന് പാപ്പാ പങ്കുവച്ചു. ബംബീനോ ജെസു ആശുപത്രിയിലെ കുട്ടികളെ സന്ദർശിച്ചതിന് കായികതാരങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ എല്ലാവരിലുമുള്ളതും എന്നാൽ പലപ്പോഴും മറയ്ക്കപ്പെടുന്നതുമായ ആർദ്രത എന്ന സുകൃതത്തെ പരിശുദ്ധപിതാവ് ഊന്നിപറയുകയും ചെയ്തു. 2022 ജൂലൈ നാലാം തിയതി സംഘർഷങ്ങൾക്കും ശത്രുതകൾക്കും സംതുലിത വരുത്താൻ ശരിയായ കായിക വിനോദങ്ങളുടെ ആവശ്യമുണ്ടെന്ന് യൂറോപ്യൻ നീന്തൽ അസോസിയേഷന്റെ അധ്യക്ഷന്മാരെ അഭിസംബോധന ചെയ്തവസരത്തിൽ പാപ്പാ സൂചിപ്പിച്ചു. നമ്മുടെ ലോകത്തെ ഭാരപ്പെടുത്തുന്ന സംഘർഷങ്ങൾക്കും, ശത്രുതകൾക്കും സംതുലിത വരുത്താൻ ഇന്ന് നമുക്ക് ശരിയായ കായിക വിനോദങ്ങളുടെ ആവശ്യമുണ്ട് എന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു. ഇതുപോലുള്ള ഒരു വലിയ കായിക സംഭവം വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് പരസ്പരം കണ്ടുമുട്ടാനും, ഇടപഴകുവാനുമുള്ള പ്രത്യേക അവസരമാണെന്നതിലും, അത് മനുഷ്യ കുടുംബത്തിന്റെ ഭാവിക്ക് പ്രത്യാശ നൽകുന്ന അതിശയകരമായ അടയാളമാണെതിലും തനിക്കുള്ള സന്തോഷം പാപ്പാ പങ്കുവച്ചു. ഉപയോഗിക്കാനും ഇടയാക്കട്ടെ എന്നും പരിശുദ്ധ പിതാവ് ആശംസിച്ചു.
സെപ്റ്റംബർ 27ആം തിയതി, അന്തർദേശീയ ഐസ് ഹോക്കിയുടെ അർദ്ധ വാർഷിക കോൺഗ്രസിൽ പങ്കെടുത്തവർക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക മാർഗ്ഗമാണ് കായികവിനോദമെന്നും, വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന വ്യക്തികള്‍ ഒരുമിക്കുന്ന വേദിയാണെന്നും വ്യക്തമാക്കി. കായികരംഗത്ത് എങ്ങനെ ഒരു സമൂഹ അവബോധം പ്രകടിപ്പിക്കാമെന്നതിന് മികച്ച ഉദാഹരണമാണ് ഹോക്കിയെന്നും ഇത് ഒരു സംഘമായി ഒന്ന് ചേർന്ന് കളിക്കുന്ന വിനോദമാണെന്നും അതിൽ ഓരോ അംഗത്തിനും ഒരു പ്രധാന പങ്കുണ്ടെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. നമ്മുടെ വളർച്ചയിലും സമഗ്രവികസനത്തിലും കായികരംഗത്തിന് പങ്കുണ്ടെന്ന കാര്യം ഓർമ്മിക്കണം. അതുകൊണ്ടാണ് വിനയം, ധൈര്യം, ക്ഷമ എന്നീ പുണ്യങ്ങള്‍ വളർത്തിയെടുക്കാനും നന്മ, സത്യം, ആനന്ദം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനുമുള്ള ഒരു മേഖലയായി സഭാമാതാവ് കായികരംഗത്തെ വിലമതിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.
ഇന്നത്തെ സംസ്കാരം ചിലപ്പോൾ കായിക പ്രവർത്തനങ്ങളെ തെറ്റായ പാതയിലേക്ക് നയിച്ചേക്കാം. പക്ഷേ നിർദ്ദിഷ്ടമായ ലക്ഷ്യം നിറവേറ്റുന്നതിനും അരാജകത്വത്തിലേക്കിറങ്ങുന്നതിനെ ഒഴിവാക്കുന്നതിനും നിയമങ്ങളുണ്ടെന്ന് നാം ഓർമ്മിക്കണമെന്നും കായികതാരങ്ങൾ നിയമങ്ങൾ അനുസരിക്കുക മാത്രമല്ല, എതിരാളികളോടു നീതി പാലിക്കുകയും ചെയ്യുമ്പോൾ എല്ലാ മത്സരാർത്ഥികൾക്കും കായിക വേദിയിൽ സ്വതന്ത്രമായി കളിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി.
ഫോറെൻസിക് ടോക്സിക്കോളജിസ്റ്റുകളുടെ 60മത് അന്തർദ്ദേശിയ സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു കൊണ്ട് ആഗസ്റ്റ് 27 ആം തിയതി നൽകിയ സന്ദേശത്തിൽ കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നിനടിമകളാകുന്നവരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിനെക്കുറിച്ചുള്ള തന്റെ ആശങ്ക പാപ്പാ പ്രകടിപ്പിച്ചു. ഏകാന്തതയുടേയും, അസമത്വത്തിന്റെയും, പുറം തള്ളലിന്റെയും യഥാർത്ഥ അനുഭവങ്ങൾ അതിനു പിന്നിലുണ്ട് എന്നതിനാൽ നമുക്ക് നിസ്സംഗതരായി തുടരാൻ കഴിയില്ലയെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഡിജിറ്റൽ ചത്വരങ്ങളിലെ ഡാർക്ക് വെബ് പോലുള്ളയിടങ്ങളിൽ മയക്ക് മരുന്നുകളുടെ ദുരുപയോഗവും വിൽപ്പനയും വർദ്ധിച്ചു വരുന്നതിൽ ആശങ്കയും ഫോറെൻസിക് ടോക്സിക്കോളജിസ്റ്റുകളിൽ വിശ്വാസവും രേഖപ്പെടുത്തിക്കൊണ്ടാണ് അവരുടെ 60മത് അന്തർദ്ദേശിയ സമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള സന്ദേശം പാപ്പാ രേഖപ്പെടുത്തിയത്.
കൗമാര യൗവനകാലഘട്ടങ്ങളുടെ മാർദ്ദവത്തോടും അതിലെ ദൗർബല്യങ്ങളോടും കൂടെ ഇന്നത്തെ സമൂഹത്തിന്റെ അനിശ്ചിതത്വവും അരക്ഷിതത്വവും ചേരുമ്പോൾ പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രയിലേക്ക് യുവാക്കൾ വലിച്ചിഴക്കപ്പെടുകയാണെന്ന് ഫ്രാൻസിന് പാപ്പാ പറഞ്ഞു. ഇതു വരെ അറിയാത്തവ തേടാനും, പുറം തള്ളപ്പെടുമെന്ന ഭീതിയും സമപ്രായക്കാരുമായുള്ള ഇടപെടലുകളും യുവാക്കളെ സൈക്കോ ആക്ടീവ് പദാർത്ഥങ്ങളുടെയും, മദ്യത്തിന്റെയും, ദുരുപയോഗം പോലുള്ള അപകടകരമായ തിരഞ്ഞെടുപ്പുകളിലേക്കും തീവ്രമായ സാഹചര്യങ്ങളിലേക്കും നയിച്ചേക്കാം. പാപ്പാ ഓർമ്മപ്പെടുത്തി. മയക്കുമരുന്നുകളുടെ ഉപയോഗം കൊണ്ടുവരുന്ന അപകടങ്ങളെയും, അവയുടെ അതിവേഗ വളർച്ചയേയും അവയ്ക്കു പിന്നിലെ സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ പ്രതിപാദിച്ചു. എന്തു വില കൊടുത്തും ലക്ഷ്യങ്ങൾ നേടാനും ഉയർന്ന പ്രകടനഫലം ഉണ്ടാക്കാനുമുള്ള ആസക്തിയെയാണ് കാണിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ഇന്നത്തെ സമൂഹത്തിൽ പരാജയങ്ങൾ അനുവദനീയമല്ലാത്ത കാര്യക്ഷമതയുടേയും ഉൽപ്പാദനക്ഷമതയുടേയും സംസ്കാരം പ്രതിഫലിക്കുന്നതിന്റെ ലക്ഷണമാണിതെന്നും പാപ്പാ പറഞ്ഞു. പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാനും വിജയപ്രതിച്ഛായ നൽകാനും ദൗർബല്യവും ബലഹീനതയും അംഗീകരിക്കാൻ കഴിയാത്തതും സമഗ്രമായ മാനസിക വികസനത്തിന് തടസ്സമായി നിൽക്കും എന്ന മുന്നറിയിപ്പും പാപ്പാ നൽകി. ജീവിതത്തിന്റെ അടിസ്ഥാനം കണ്ടെത്താൻ യുവാക്കളെ വിദ്യാഭ്യാസം കൊണ്ടും, ചികിൽസാ പുനരധിവാസ പാതകളിലൂടെയും, ബദൽ സംസ്കാരിക മാതൃകകളിലൂടെയും പ്രോൽസാഹിപ്പിക്കാനും അവരോടു തന്റെ സന്ദേശത്തിലൂടെ പാപ്പാ ആവശ്യപ്പെട്ടു.
മെയ് മുപ്പത്തൊന്നാം തിയതി വത്തിക്കാനിൽ വിശുദ്ധ ക്ലമ൯റ്റൈ൯ ഹാളിൽ ഇറ്റാലിയൻ ബാസ്കറ്റ്ബോൾ ഫെഡറേഷ൯ പ്രതിനിധികളുമായി പാപ്പാ കൂടികാഴ്ച നടത്തിയവസരത്തിൽ 1955ൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പായുടെ മുന്നിൽ കളിച്ച ഒരു കളിയുടെ ഓർമ്മ ഇപ്പോഴും സജീവമാണെന്നും അത് ഫെഡറേഷന്റെ ചരിത്രത്തിൽ ഓർമ്മയിൽ നിലനിൽക്കുമെന്നും സൂചിപ്പിച്ച പാപ്പാ തുടർന്നുള്ള വർഷങ്ങളിൽ സഭയും കായിക ലോകവും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴും വളർത്തിയെടുത്തിട്ടുണ്ടെന്നും അവ രണ്ടും വ്യത്യസ്ഥ രീതികളിൽ വ്യക്തികളുടെ അവിഭാജ്യ വളർച്ചയുടെ പ്രവർത്തനത്തിലാണെന്നും അതിലൂടെ നമ്മുടെ സമൂഹത്തിന് വിലയേറിയ സംഭാവന നൽകാമെന്നും അവരോടു പങ്കുവെച്ചു. ബാസ്കറ്റ് ബോളിനെ കുറിച്ച് ഒരു ചിന്ത പങ്കുവയ്ക്കാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഉന്നതത്തിലേക്കു ഉയരുന്ന ഒരു കായികവിനോദമാണ് അതെന്നും നിലത്ത് നോക്കി ജീവിക്കുന്ന എല്ലാവർക്കും ഒരു യഥാർത്ഥ വെല്ലുവിളിയാണെ അത് എന്നും പറഞ്ഞ പ്രശസ്തനായ ഒരു മുൻ കളിക്കാരന്റെ വാക്കുകളെയും പാപ്പാ അനുസ്മരിച്ചിട്ടുണ്ട്. കുട്ടികളും യുവജനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ കളികൾ പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളെ ഉയരങ്ങളിൽ നോക്കാൻ സഹായിക്കുക, ഒരിക്കലും ഉപേക്ഷിച്ചു വിട്ടുപോകാതെ വിജയങ്ങളുടെയും പരാജയങ്ങളുടെയും ഒരു യാത്രയാണ് ജീവിതം എന്ന് കണ്ടെത്തുന്നതിന് കളിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് പ്രധാനമെന്നും പാപ്പാ അവരെ അനുസ്മരിപ്പിച്ചു.
നാം കണ്ട പാപ്പയുടെ സന്ദേശങ്ങൾ സഭ കായിക ലോകത്തെ എത്ര കരുതുന്നുവെന്നും വിലമതിക്കുന്നുവെന്നും എടുത്തു കാണിക്കുന്നു. നമ്മുടെ യുവജനങ്ങളിൽ പ്രത്യേകിച്ച് കായിക ലോകത്തുള്ളവർക്കു പ്രചോദനവും നന്മയും നൽകുവാൻ പാപ്പയുടെ പ്രബോധനങ്ങൾ നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: