തിരയുക

ഫ്രാൻസിസ് പാപ്പായും സ്ലോവേനിയയുടെ പ്രെസിഡന്റ് നതാഷ പിർച്ച് മുസാറും ഫ്രാൻസിസ് പാപ്പായും സ്ലോവേനിയയുടെ പ്രെസിഡന്റ് നതാഷ പിർച്ച് മുസാറും  (VATICAN MEDIA Divisione Foto)

ഫ്രാൻസിസ് പാപ്പാ സ്ലോവേനിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ഫ്രാൻസിസ് പാപ്പായും സ്ലോവേനിയയുടെ പ്രെസിഡന്റ് നതാഷ പിർച്ച് മുസാറുമായി കൂടിക്കാഴ്ച നടന്നു. ഡിസംബർ 5 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ, സ്ലോവേനിയയിലെ പ്രാദേശികസഭയും രാഷ്ട്രവും, പൊതുസമൂഹവുമായുള്ള ബന്ധം, പടിഞ്ഞാറൻ ബാൽക്കൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മദ്ധ്യപൂർവ്വദേശങ്ങളിലെയും ഉക്രൈനിലേയും സംഘർഷങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്ലോവേനിയൻ പ്രെസിഡന്റ് ശ്രീമതി നതാഷ പിർച്ച് മുസാറിന് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ഡിസംബർ 5 വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ വച്ച് നടന്ന ഈ ഔദ്യോഗിക കൂടിക്കാഴ്ചയിൽ, അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലുമുള്ള പ്രശ്നങ്ങൾ ചർച്ചയ്ക്ക് വിഷയമായതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ പരിശുദ്ധസിംഹാസനവും സ്ലോവേനിയൻ റിപ്പബ്ലിക്കുമായുള്ള നല്ല ബന്ധവും സഭയും രാഷ്ട്രവുമായുള്ള ബന്ധത്തിലെ തുറന്ന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു. സ്ലോവേനിയയിലെ പൊതുസമൂഹത്തിന് അവിടെയുള്ള പ്രാദേശികസഭയിൽനിന്നുൾപ്പെടെ, കത്തോലിക്കാസഭയിൽനിന്ന് ലഭിക്കുന്ന സംഭാവനകൾ എടുത്തുകാണിക്കപ്പെട്ടു.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ  പിയെത്രോ പരൊളീനുമായും ശ്രീമതി മുസാർ സംസാരിച്ചു. ഈ കൂടിക്കാഴ്ചയിൽ കർദ്ദിനാൾ പരൊളീനൊപ്പം, വത്തിക്കാനും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗത്തിന്റെ ഉപസെക്രെട്ടറി മോൺസിഞ്ഞോർ മിറോസ്ളാവ് വാഹോവിസ്കിയും ഉണ്ടായിരുന്നതായി പ്രെസ് ഓഫീസ് അറിയിച്ചു.

അര മണിക്കൂറോളം നീണ്ട ചർച്ചകളിൽ അന്താരാഷ്ട്രതലത്തിലുള്ള വിവിധ കാര്യങ്ങൾ ഉണ്ടായിരുന്നുവെന്നും, പടിഞ്ഞാറൻ ബാൽക്കൻ പ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കപ്പെട്ടുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് വ്യക്തമാക്കി. മദ്ധ്യപൂർവ്വദേശങ്ങളിലും ഉക്രൈനിലുമുള്ള സംഘർഷങ്ങളും ചർച്ചകളിൽ ഉണ്ടായിരുന്നുവെന്നും വത്തിക്കാൻ അറിയിച്ചു.

അഭിഭാഷകയും, പത്രപ്രവർത്തകയും കൂടിയായ ശ്രീമതി നതാഷ പിർച്ച് മുസാർ 2022 ഡിസംബർ 22-നാണ് സ്ലോവേനിയയുടെ പ്രസിഡന്റായി ചുമതലയേറ്റത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2024, 15:34