മാനവികതയുടെ പരാജയമായ യുദ്ധത്തിനെതിരെ സമാധാനഹ്വാനവുമായി: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് ന്യൂസ്
യുദ്ധമെന്ന തിന്മയ്ക്കെതിരെ സ്വരമുയർത്തിയും സമാധാനത്തിനായുള്ള പ്രാർത്ഥനകൾ തുടരാമെന്നോർമ്മിപ്പിച്ചും ഫ്രാൻസിസ് പാപ്പാ. ഡിസംബർ 4 ബുധനാഴ്ച പതിവുപോലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് യുദ്ധഭീകരതയ്ക്കെതിരെ പാപ്പാ വീണ്ടും ശബ്ദമുയർത്തിയത്. യുദ്ധമെന്നത് മാനവികതയുടെ പരാജയമാണെന്ന് പരിശുദ്ധ പിതാവ് വിശേഷിപ്പിച്ചു.
യുദ്ധങ്ങൾ ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യുദ്ധം എപ്പോഴും ഒരു തിന്മയാണെന്നും അത് നാശം മാത്രമാണ് കൊണ്ടുവരികയെന്നും പാപ്പാ തന്റെ പ്രഭാഷണമദ്ധ്യേ പറഞ്ഞു.
യുദ്ധദുരിതങ്ങളിലൂടെ കടന്നുപോകുന്ന രാജ്യങ്ങളെ പാപ്പാ ഇത്തവണത്തെ തന്റെ പ്രഭാഷണത്തിലും അനുസ്മരിച്ചു. പീഡനങ്ങളേറ്റുവാങ്ങുന്ന ഉക്രൈനെ പ്രത്യേകം പരാമർശിച്ച പാപ്പാ, പാലസ്തീന, ഇസ്രായേൽ, മ്യാന്മാർ എന്നിവിടങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്ന് പറഞ്ഞു.
നിരവധി കുട്ടികളും നിഷ്കളങ്കരായ മനുഷ്യരുമാണ് ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളിലും സായുധസംഘർഷങ്ങളിലും കൊല്ലപ്പെടുന്നതെന്ന് പാപ്പാ അപലപിച്ചു. ദൈവം നമുക്ക് സമാധാനമെത്തിക്കട്ടെയെന്ന് പ്രാർത്ഥിക്കാമെന്ന് പറഞ്ഞ പാപ്പാ, സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും അവർത്തിച്ച് ആഹ്വാനം ചെയ്തു.
കഴിഞ്ഞ മാസങ്ങളിലെ പൊതുകൂടികാഴ്ചാവേളകളിലും, ഞായറാഴ്ചകളിലും വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിക്കുന്ന അവസരങ്ങളിലും യുദ്ധത്തിനെതിരെയും, സമാധാനസ്ഥാപനത്തിന്റെ ആവശ്യത്തക്കുറിച്ചും പാപ്പാ സംശയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: