പരിശുദ്ധ മറിയത്തിന്റെ മാതൃത്വം വിശ്വാസം വർധിപ്പിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
1531 ൽ മെക്സിക്കോയിലെ വടക്കൻ ഗ്രാമമായ ഗ്വാഡലൂപ്പെയിൽ ഹുവാൻ ദിയേഗോ എന്ന ചെറുപ്പക്കാരന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ തിരുനാൾ ദിവസമായ ഡിസംബർ മാസം പന്ത്രണ്ടാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. നൂറുകണക്കിന് വൈദികരും, ആയിരക്കണക്കിന് വിശ്വാസികളും ദിവ്യബലിയിൽ സന്നിഹിതരായിരുന്നു.
പരിശുദ്ധ അമ്മയുടെ മാതൃത്വം അതിന്റെ മാധുര്യതയിൽ വെളിപ്പെടുത്തിയ പ്രത്യക്ഷപ്പെടലിന്റെ പ്രത്യേകതകൾ പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. നിന്റെ മാതാവായ ഞാൻ ഇവിടെ ഇല്ലേ? നീ എന്തിനാണ് ഭയപ്പെടുന്നത് എന്ന് ഹുവാനോട് ചോദിച്ച പരിശുദ്ധ അമ്മയുടെ ആർദ്രത ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. നിരവധി പ്രത്യയശാസ്ത്രങ്ങൾ ഈ മാതൃത്വത്തിന്റെ മനോഹാരിതയെ വഴിതിരിച്ചുവിടാൻ പരിശ്രമിച്ചിട്ടുണ്ടെന്ന കാര്യവും പാപ്പാ എടുത്തു പറഞ്ഞു. തികച്ചും ലളിതമായ മൂന്നു അടയാളങ്ങളാണ് പരിശുദ്ധ അമ്മ ഹുവാൻ ദിയെഗോയ്ക്ക്, നൽകിയതെന്നും, ഇവ മൂന്നും പരിശുദ്ധ അമ്മയുടെ മനുഷ്യരോടുള്ള അടുപ്പം എടുത്തു കാണിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു.
ദിയെഗോയുടെ വസ്ത്രവും, അതിൽ തെളിയപ്പെട്ട റോസാപ്പൂക്കളും, പരിശുദ്ധ അമ്മയുടെ മാതൃത്വത്തിന്റെ ഭംഗിയെ എടുത്തു കാണിക്കുന്നതും, അവിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്ക് നയിക്കുവാൻ സഹായകരമായെന്നും പാപ്പാ എടുത്തു പറഞ്ഞു. ജീവിതത്തിന്റെ ദൈനംദിനമുള്ള പ്രയാസകരവും, സന്തോഷകരവുമായ നിമിഷങ്ങളിൽ പരിശുദ്ധ അമ്മയുടെ ലളിതമായ സാന്നിധ്യം ഉറപ്പിക്കുന്ന വാക്കുകൾ മാത്രമാണ് നമുക്ക് തുണയെന്നും, അതിനപ്പുറമുള്ളതെല്ലാം നിഗൂഢമായ പ്രത്യയ ശാസ്ത്രങ്ങൾ മാത്രമാണെന്നും പാപ്പാ പറഞ്ഞു.
പ്രത്യക്ഷപ്പെട്ട സ്ഥലത്ത്, 1976 ലാണ് നിലവിലുള്ള ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടനകേന്ദ്രം പണികഴിപ്പിച്ചത്. തനിക്ക് ലഭിച്ച ദര്‍ശനം മെത്രാനു മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ഹുവാന്‍ തന്റെ മേലങ്കി മെത്രാനു മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ഹുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: