തിരയുക

കൂടിക്കാഴ്ചാവേളയിൽ  ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

സഭ എവിടെയും, എല്ലാവർക്കും ഒരു അഭയസ്ഥലമാകണം: ഫ്രാൻസിസ് പാപ്പാ

സ്‌പെയിനിലെ ഫിലിപ്പൈൻ സമൂഹത്തിന്റെ പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

'തഹനാൻ' എന്ന പേരിൽ സ്‌പെയിനിൽ പ്രവർത്തിക്കുന്ന ഫിലിപ്പൈൻ സമൂഹത്തിന്റെ പ്രതിനിധി സംഘത്തെ, ഡിസംബർ മാസം പതിനാറാം തീയതി തിങ്കളാഴ്‌ച്ച, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച നടത്തി സന്ദേശം നൽകുകയും ചെയ്തു. തഹനാൻ എന്ന ഫിലിപ്പൈൻ ഭാഷയിലുള്ള വാക്കിന്റെയർത്ഥം, വാസസ്ഥലം എന്നാണ്. ഈ വാക്കിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, നാം പോകുന്നിടത്തെല്ലാം സഭ എല്ലാവർക്കും ഒരു വാസസ്ഥലമാണെന്നു പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. വിശുദ്ധ പത്രോസിന്റെ ഭവനത്തിലേക്കും സഭയുടെ ഭവനത്തിലേക്കും സമൂഹാംഗങ്ങളെ ക്ഷണിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ കൂട്ടിച്ചേർത്തു.

മാദ്രിദിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഇടവകയിൽ സ്ഥിതി ചെയ്യുന്ന സമൂഹത്തിന്റെ ആസ്ഥാനത്തെ പറ്റി ചിന്തിക്കുമ്പോൾ, ഈ ഒരു ഭവനം കണ്ടെത്തുവാൻ സാധിക്കാതെ  നിരവധി ബുദ്ധിമുട്ടുകളും, തെറ്റിദ്ധാരണകളും അനുഭവിക്കുന്ന കുടിയേറ്റക്കാരെക്കുറിച്ചു താൻ ഓർക്കുന്നുവെന്നു പാപ്പാ പറഞ്ഞു. മുള്ളുകൾ ഏറെ നിറഞ്ഞ ആ വഴിയിൽ പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിലും, പിന്തുണയിലും ആശ്രയിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

ബാഴ്സലോണയിലെ അമലോത്ഭവത്തിൻെറയും, വിശുദ്ധ  ലോറൻസ് റൂയിസിന്റെയും മാധ്യസ്ഥ്യതയിലുള്ള വ്യക്തിഗത ഇടവകയുടെ കാനോനിക നിർമ്മാണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് സമൂഹാംഗങ്ങൾ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചത്. തദവസരത്തിൽ, വിവിധ കാരണങ്ങളാൽ സ്വന്തം ദേശം ഉപേക്ഷിച്ചുകൊണ്ട് കുടിയേറുവാൻ നിർബന്ധിതരാകുന്ന എല്ലാവർക്കും,  വിശുദ്ധ ലോറൻസ്  റൂയിസിന്റെ ജീവിത മാതൃകയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. കുടിയേറിവന്ന സ്ഥലത്തു, വിശ്വാസസാക്ഷ്യത്തിനായി സ്വന്തം ജീവൻ ത്യാഗം ചെയ്ത രക്തസാക്ഷിയായ വിശുദ്ധ ലോറൻസിന്റെ ജീവിതം അനുകരിക്കുവാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. "തഹനാൻ" എന്ന ഊഷ്മളമായ വാസസ്ഥലം എല്ലാവർക്കുമായി പണിയാൻ സാധിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2024, 11:47