തിരയുക

ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമൊത്ത് ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമൊത്ത്   (VATICAN MEDIA Divisione Foto)

ദൈവശാസ്ത്രപഠനങ്ങൾ കൂട്ടായ്മജീവിതം ത്വരിതപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

ദൈവശാസ്ത്ര പഠനത്തിന്റെ ലക്‌ഷ്യം, ദരിദ്രരുടെ സേവനമായിരിക്കണമെന്നു ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സിസിലിയയിൽ നിന്നുള്ള ദൈവശാസ്ത്ര വിദ്യാർത്ഥികൾക്ക് അനുവദിച്ച സ്വകാര്യകൂടിക്കാഴ്ച്ചയുടെ അവസരത്തിലാണ് പാപ്പാ സന്ദേശം നൽകിയത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ സിസിലിയയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമധേയത്തിലുള്ള ദൈവശാസ്ത്ര പഠനകേന്ദ്രത്തിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ച്ച നടത്തി. ഡിസംബർ മാസം ആറാം തീയതി വത്തിക്കാനിൽ വച്ചാണ് സ്വകാര്യസദസ് നടത്തിയത്. 1969 ൽ സ്ഥാപിതമായ ഈ പഠനകേന്ദ്രം, പുരോഹിതാർത്ഥികൾക്കും, സമർപ്പിതർക്കും, അല്മായർക്കും ദൈവശാസ്ത്രപഠനം നടത്തുന്നതിന് ഏറെ ഫലപ്രദമായി തുടരുന്നത് പ്രത്യേകം അനുസ്മരിച്ച പാപ്പാ, സഭാപരവും സാമൂഹികവുമായ ജീവിതത്തിൽ തീക്ഷ്ണമായ ഒരു വിശാല പാതതുറക്കുന്നതിനും, കൂട്ടായ്മാനുഭവത്തിൽ ഒരുമിച്ചുനടക്കുന്നതിനും മറ്റു സഭാപ്രവർത്തനങ്ങൾക്കു മാതൃകയാണെന്നും എടുത്തു പറഞ്ഞു. ഇതാണ് സഭയുടെ യഥാർത്ഥ സിനഡൽ കൂട്ടായ്മയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ദൈവശാസ്ത്ര പഠനത്തിന്, ആ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇടവുമായുള്ള ദൗത്യപരമായ ബന്ധത്തെക്കുറിച്ചും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. പഠിച്ച കാര്യങ്ങൾ സഹ-ഉത്തരവാദിത്തത്തിന്റെ ഒരു ശൈലി പുലർത്തിക്കൊണ്ട്, സഭാജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചുവരുന്ന വനിതാപ്രാതിനിധ്യത്തെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. ഇത് കാലത്തിന്റെ അടയാളമാണെന്നും, സിസിലിയയിലെ വിശുദ്ധ രക്തസാക്ഷികളായ അഗാത്തയയുടെയും, ലൂസിയയുടെയും ജീവിതമാതൃകകൾ, സഭാജീവിതത്തിൽ സ്ത്രീപങ്കാളിത്തത്തിന്റെ മഹനീയത എടുത്തു കാണിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു.

പ്രകൃതിപരവും കലാപരവുമായ സൗന്ദര്യം നിറഞ്ഞ സിസിലിയയിൽ, മാഫിയ ശക്തികളും, അഴിമതികളും  വികസനത്തെ മന്ദഗതിയിലാക്കുന്ന സ്ഥിതിഗതികളും പാപ്പാ അനുസ്മരിച്ചു. ഭാവിയെ പ്രത്യാശയോടെ നോക്കിക്കാണാനും, പൊതുനന്മ പരിപാലിക്കുന്നതിനും, ദാരിദ്ര്യം തുടച്ചുനീക്കാനും പ്രാപ്തരായ ആളുകളെ സിസിലി നാടിനു ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ദൈവശാസ്ത്ര പഠനത്തിന്റെ ലക്‌ഷ്യം, ദരിദ്രരുടെ സേവനമായിരിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. കുടിയേറ്റക്കാരായ ആളുകളെ സ്വീകരിക്കുന്ന നാടെന്ന നിലയിൽ സാഹോദര്യത്തിന്റെ ഊഷ്മളത സമൂഹ ജീവിതത്തിൽ പുലർത്തുന്നതിനുള്ള അവശ്യകതയും പാപ്പാ ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2024, 13:32