ഫ്രാൻസിനു നന്മകൾ നേർന്നു ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
“അജക്സിയോയും, ഫ്രാൻസും വിട്ട് റോമിലേക്കുള്ള എന്റെ യാത്രയിൽ താങ്കൾക്കും, ഫ്രാൻസിലെ ആളുകൾക്കും എന്റെ നന്ദിയും ആശംസകളും അറിയിക്കുവാൻ അതിയായി ആഗ്രഹിക്കുന്നു”, ഈ വാക്കുകളോടെയാണ്, ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനമായ അജക്സിയോയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയേഴാമത് അപ്പസ്തോലികസന്ദർശനം പൂർത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങവേ, ഫ്രാൻസിന്റെ രാഷ്ട്രപതി എമ്മാനുവേൽ മക്രോണിന് ടെലിഗ്രാം സന്ദേശമയച്ചത്. സർവ്വവിധ ഐശ്വര്യങ്ങളും, ഐക്യവും രാഷ്ട്രത്തിനു പാപ്പാ ആശംസിച്ചതോടൊപ്പം, ദൈവാനുഗ്രഹങ്ങളും നേർന്നു.
ഡിസംബർ 15-ന് ഞായറാഴ്ച, “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” (La religiosité populaire en Méditerranée ) എന്ന ശീർഷകത്തിൽ അജക്സിയൊ രൂപത സംഘടിപ്പിച്ച സമ്മേളനത്തിൻറെ സമാപനത്തിൽ സംബന്ധിക്കുന്നതിനുവേണ്ടിയാണ് ഫ്രാൻസിസ് പാപ്പാ എത്തിയത്. “യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്നതായിരുന്നു ഈ സന്ദർശനത്തിൻറെ ആപ്തവാക്യം.
ഫ്രഞ്ച് രാഷ്ട്രപതി, എമ്മാനുവേൽ മക്രോണുമായി, അജക്‌സിയോ വിമാനത്താവളത്തിൽ വച്ച് സ്വകാര്യകൂടിക്കാഴ്ച്ചയും പാപ്പാ നടത്തിയിരുന്നു. തുടർന്ന് ഇരുവരും വിവിധ സമ്മാനങ്ങളും കൈമാറി. ഫ്രാൻസിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തിയ യാത്രയ്ക്കും, സന്ദർശനത്തിനും പ്രസിഡന്റ് നന്ദിയർപ്പിച്ചു. പാപ്പായുടെ സന്ദർശന വേളയിൽ, ജനങ്ങൾ അനുഭവിച്ച അതിയായ സന്തോഷം താൻ കണ്ടിരുന്നുവെന്നും, സന്ദർശനം ഫ്രഞ്ച് ജനതയ്ക്കു അഭിമാനം ഉളവാക്കുന്നതായിരുന്നുവെന്നും ഇമ്മാനുവേൽ മക്രോൺ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: