തിരയുക

പ്രത്യാശ നമ്മുടെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗം- 2024 ഡിസംബർ - പ്രത്യാശയുടെ തീർത്ഥാടകർക്കു വേണ്ടി പ്രാർത്ഥിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജൂബിലിയാചരണം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ കത്തോലിക്കാ സഭാതനയരെ ക്ഷണിക്കുന്നു.

ഡിസംബർ 24-ന് സാധാരണ ജൂബിലിവത്സരത്തിന് തുടക്കംകുറിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ മാസത്തെ പ്രാർത്ഥനാനിയോഗത്തിൽ ഈ ക്ഷണം നല്കിയിരിക്കുന്നത്.

“പ്രത്യാശയുടെ തീർത്ഥാടകർക്കായി” എന്ന ശീർഷകത്തോടുകൂടി,  പാപ്പായുടെ സ്പാനിഷ് ഭാഷയിലുള്ള പ്രാർത്ഥനാനിയോഗ വീഡിയൊ ചൊവ്വാഴ്ചയാണ് (03/12/24) ഇറങ്ങിയത്.

പാപ്പാ ഈ പ്രാർത്ഥനാ നിയോഗത്തിൽ ഇപ്രകാരം പറയുന്നു:

നമ്മുടെ ജീവിതത്തെ സന്തോഷത്താൽ നിറയ്ക്കുന്ന ദൈവിക ദാനമാണ് ക്രിസ്തീയ പ്രത്യാശ. ഇന്ന്, നമുക്ക് അത് വളരെയധികം ആവശ്യമാണ്. ലോകത്തിന് ഇത് ഏറെ ആവശ്യമായിരിക്കുന്നു! നാളെ നിനക്ക് നിൻറെ മക്കളെ പോറ്റാൻ കഴിയുമോ, അല്ലെങ്കിൽ നീ പഠിക്കുന്നത് നിനക്ക് മാന്യമായ ജോലി നേടിത്തരുമോ എന്നറിയാതെ വരുമ്പോൾ, നിരാശയിൽ പെട്ടെന്നു നിപതിച്ചേക്കാം.

പ്രത്യാശ എവിടെയാണ് തേടേണ്ടത്? പ്രത്യാശ ഒരു നങ്കൂരമാണ്. നീ കയറുകൊണ്ട് എറിയുകയും മണലിൽ ആഴ്ന്നിറങ്ങുകയും ചെയ്യുന്ന ഒരു നങ്കൂരം. നാം പ്രത്യാശയുടെ കയറിൽ പിടിച്ചുനിൽക്കണം. അതിൽ മുറുകെ പിടിക്കണം. നമുക്ക് ജീവൻ പ്രദാനം ചെയ്യുന്ന ക്രിസ്തുവുമായുള്ള ഈ കൂടിക്കാഴ്ചയിലെത്താൻ നമുക്ക് പരസ്പരം സഹായിക്കുകയും ജീവിതം ആഘോഷിക്കാൻ പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് പുറപ്പെടുകയും ചെയ്യാം. അടുത്ത ജൂബിലിയും ഒരു ഘട്ടം പോലെ ജീവിതത്തിൽ പ്രവേശിക്കുന്നു.

ദൈവം നമുക്കേകുന്ന പ്രത്യാശയുടെ ദാനം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിറയ്ക്കുകയും അത് തേടുന്ന സകലരിലും നമ്മിലൂടെ എത്തിച്ചേരുന്നതിന് ഇടവരുത്തുകയും ചെയ്യാം. മറക്കരുത്: പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തില്ല. ഈ ജൂബിലി നമ്മെ വിശ്വാസത്തിൽ ശക്തരാക്കുന്നതിനും, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നമ്മുടെ ജീവിതങ്ങളിൽ തിരിച്ചറിയുന്നതിനും, ക്രിസ്തീയ പ്രത്യാശയുടെ തീർത്ഥാടകരായി നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2024, 16:39