വചനപ്രവർത്തികളാൽ യേശുവിലേക്കുള്ള ചൂണ്ടുപലകകളാകുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എളിമയുള്ളവനും കാരുണ്യവാനുമായ ക്രിസ്തുവിൻറെ ഹൃദയത്തിനനുസാരം ഇടയന്മാരെ വാർത്തെടുക്കുകയാണ് വൈദികപരിശീലനത്തിൻറെ ലക്ഷ്യമെന്ന് മാർപ്പാപ്പാ.
സ്പെയിനിലെ സന്ധ്യാഗൊ ദെ കൊമ്പൊസ്തേല അതിരൂപതയുടെയും തുയി വിഗൊ, മൊന്തൊഞേദൊ ഫെറോൾ എന്നീരൂപതകളുടെയും സംയുക്ത വലിയ സെമിനാരിയായ (മേജർ സെമിനാരി) “അപോസ്തൊൽ സന്ധ്യാഗൊ”യിലെ വൈദികപരിശീലകരും വൈദികാർത്ഥികളും രൂപതാദ്ധ്യക്ഷന്മാരുമടങ്ങിയ മുപ്പതോളം പേരെ വ്യാഴാഴ്‌ച (12/12/24) രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
പുത്തനുണർവോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു. വൈദികപരിശീലന പ്രയാണത്തെ ഒരു തീർത്ഥാടനത്തോടു ഉപമിച്ച പാപ്പാ തീർത്ഥാടകർ എന്ന നിലയിൽ, സർവ്വോപരി, നമുക്ക് ഒരു വിളി അനുഭവപ്പെടുന്നുവെന്നും അത് നമ്മെ നമ്മിൽ നിന്ന് പുറത്തുകടാക്കാൻ പ്രേരിപ്പിക്കുന്നുവെന്നും തുടർന്ന് സാഹസിക നീക്കം തുടങ്ങുകയും വിഭിന്നങ്ങളായ ഘട്ടങ്ങളിലൂടെ കടന്ന് ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞു. പൗരോഹിത്യ പരിശീലനത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണെന്ന് പാപ്പാ വ്യക്തമാക്കി.
ദൈവജനത്തിൻറെ ഇടയന്മാരായിത്തീരുകയാണ് വൈദികപരിശീലനത്തിൻറെ ലക്ഷ്യമെന്ന് എടുത്തു പറഞ്ഞ പാപ്പാ ഈ യാത്രയിൽ ആരും തനിച്ചല്ലെന്ന് ഓർക്കുക അടിസ്ഥാനപരമാണെന്ന് വൈദികാർത്ഥികളെ ഓർമ്മിപ്പിച്ചു. തങ്ങളുടെ ജീവിതത്തെ കർത്താവ് രൂപപ്പെടുന്നതുന്നതിനായി അവിടത്തോടു ഹൃദയം തുറക്കാനും അവനാൽ നയിക്കപ്പെടുന്നതിന് അനുവദിക്കാനും ഭയപ്പെടരുതെന്നും പാപ്പാ അവരോടു പറഞ്ഞു.
പ്രയാസങ്ങൾ അനുഭവിക്കുന്നവർ, മുറിവേറ്റവർ, അപരിചിതർ എന്നിങ്ങനെ വ്യത്യസ്തരായ ആളുകളെ ഈ പ്രയാണത്തിൽ കണ്ടുമുട്ടാമെന്നു പറഞ്ഞ പാപ്പാ അവർക്കെല്ലാവർക്കും മുന്നിൽ സുവിശേഷാനന്ദത്തിൻറെ സാക്ഷികളാകണമെന്ന് പാപ്പാ വൈദികാർത്ഥികളെ ഓർമ്മിപ്പിച്ചു. 2025-ലെ ജൂബിലി വത്സരത്തോടു നാം അടുത്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ, നമുക്കു ലഭിച്ചിരിക്കുന്ന ഈ ജൂബിലിയുടെ കൃപയാൽ നമ്മുടെ സ്വർഗ്ഗീയ മാതൃരാജ്യത്തിലേക്ക് പ്രത്യാശയുടെ തീർത്ഥാടകരായി ഒരുമിച്ചു ചരിക്കുന്നത് തുടരാൻ പ്രചോദനം പകർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: