ആയുധങ്ങൾ നിശബ്ദമാകുന്നതിനായി അക്ഷീണം പ്രാർത്ഥിക്കുക, കർദ്ദിനാൾ ത്സൂപ്പി
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആയുധങ്ങൾ നിശബ്ദമാകുന്നതിനും വിദ്വേഷത്തിൻറെ സ്ഥാനം സ്നേഹവും അനൈക്യത്തിൻറെ ഇടം ഐക്യവും പിടിച്ചെടുക്കുന്നതിനു വേണ്ടി അക്ഷീണം പ്രാർത്ഥിക്കാൻ ഇറ്റലിയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തേയൊ ത്സൂപ്പി ആഹ്വാനം ചെയ്യുന്നു.
ലോക സമാധാനത്തിനു വേണ്ടി ഒക്ടോബർ 6-ന് താൻ നയിക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കുചേരാനും ഒക്ടോബർ 7-ന് പ്രാർത്ഥനാ-ഉപവാസദിനമായി ആചരിക്കാനും ഫ്രാൻസീസ് പാപ്പാ സഭാതനയരെ ക്ഷണിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻറെ ആഹ്വാനം.
ഭോഷത്തമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നു പറയുന്ന കർദ്ദിനാൾ ത്സൂപ്പി നാം ഒരോരുത്തരും സമാധാനത്തിൻറെ ശില്പികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. സമാധാനത്തിനായി പ്രാർത്ഥിക്കാനും പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും ഇറ്റലിയിലെ കാരിത്താസ് സംഘടനയും എല്ലാവർക്കും പ്രചോദനം പകരുന്നു. ജറുസലേമിലെ കാരിത്താസ് സംഘടനയുമായി ചേർന്ന് അവിടത്തെ സമാധാന-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് ഈ സംഘടന.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: