ഖാർക്കിവിൽ കുട്ടികൾ കൊല്ലപ്പെട്ടു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർക്കിവിൽ ഒക്ടോബർ മാസം മൂന്നാം തീയതി, അഞ്ച് നിലകളുള്ള കെട്ടിടത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ നിരവധിയാളുകൾക്ക് പരിക്കുകളേറ്റു. ഉക്രൈനിലെ യൂണിസെഫ് സംഘടനയുടെ എക്സ്(X) രേഖപ്പെടുത്തിയ സന്ദേശത്തിൽ, ആറുമാസം മാത്രം പ്രായമുള്ള ഒരു ശിശു മരണപ്പെട്ടതായും അറിയിച്ചു. മറ്റു രണ്ടു കുട്ടികൾക്ക് ഗുരുതരമായ പരിക്കുകളേറ്റതായും സന്ദേശത്തിൽ പറയുന്നു. ഖാർഖിവിനു പുറമെ ചേർനിഹിവിലും ബോംബാക്രമണം നടത്തിയിട്ടുണ്ട്. അവിടെയും രണ്ടു കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിനിടയിൽ റഷ്യൻ സൈന്യം ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റിലെ ഒരു പട്ടണമായ വുഹ്ലെദാർ കീഴടക്കി, ഡോൺബാസിലേക്കുള്ള മുന്നേറ്റം തുടരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം പതിനാലായിരത്തോളം ആളുകൾ താമസിച്ചിരുന്ന പട്ടണത്തിൻ്റെ മധ്യഭാഗത്ത് പോരാട്ടം രൂക്ഷമായതിനാൽ, ഇപ്പോൾ നൂറുപേരിൽ താഴെ ആളുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. മനുഷ്യത്വപരമായ സഹായം എത്തിക്കാൻ പോലും പ്രവേശിക്കുന്നത് അസാധ്യമായ ഒരു സാഹചര്യമാണ് അവിടെയെങ്ങും നിലനിൽക്കുന്നത്.
അതിനിടയിൽ ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളോട് അഭ്യർത്ഥനകൾ നടത്തുന്നതായും വിവിധ മാധ്യമറിപ്പോർട്ടുകൾ പറയുന്നു. മറുഭാഗത്ത്, 2025 ലെ ബജറ്റിൽ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുമെന്ന് മോസ്കോയും പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: