തിരയുക

പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസി ഒരുക്കിയ ആരോഗ്യകേന്ദ്രത്തിലെത്തിയ പാലസ്തീൻകാർ പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസി ഒരുക്കിയ ആരോഗ്യകേന്ദ്രത്തിലെത്തിയ പാലസ്തീൻകാർ  (REUTERS)

പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ പ്രവർത്തനങ്ങൾക്കെതിരെ ഇസ്രായേൽ

ഇസ്രയേലിലും, ഇസ്രായേൽ അധിനിവേശപ്രദേശങ്ങളിലും പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ (UNRWA) പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം ഇസ്രായേൽ പാർലമെന്റ് പാസ്സാക്കി. ഗാസായിലും ഇസ്രായേൽ അധിനിവേശപ്രദേശങ്ങളിലും ഐക്യരാഷ്ട്രസഭയുടെ പേരിൽ നൽകിവന്നിരുന്ന അടിസ്ഥാനസൗകര്യസേവനങ്ങൾ ഇതോടെ തടസ്സപ്പെട്ടേക്കാം.

ഫ്രഞ്ചെസ്‌ക മെർലോ, മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്

ഇസ്രയേലിലും, ഇസ്രായേൽ അധിനിവേശപ്രദേശങ്ങളിലും പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ (UNRWA) പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി. 2023 ഒക്ടോബർ 7-ന് ഇസ്രയേലിനുനേരെ നടന്ന അക്രമണത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളിൽ ഇതുവരെ നാല്പത്തിമൂവായിരത്തിലധികം ആളുകൾ ഗാസാ പ്രദേശത്ത് കൊല്ലപ്പെടുകയും, സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ്, ഐക്യരാഷ്ട്രസഭാ സംഘടനയുടെ പ്രവർത്തനത്തിനെതിരെ ഇസ്രായേൽ നിയമം കൊണ്ടുവന്നത്.

തൊണ്ണൂറ് ദിവസങ്ങൾക്കുശേഷം പ്രാബല്യത്തിൽവരുന്ന ഈ നിയമമനുസരിച്ച് വെസ്റ്റ് ബാങ്ക്, അധിനിവേശ കിഴക്കൻ ജെറുസലേം, ഗാസാ തുടങ്ങി ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിക്ക് തങ്ങളുടെ സേവനം നൽകാൻ സാധിക്കില്ല.

ഗാസാ പ്രദേശത്ത് മാനവികസേവനസൗകര്യങ്ങൾ നൽകിവരുന്ന സംഘടനകളിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയാണ്. 1949-ഡിസംബർ എട്ടിനാണ് ഐക്യരാഷ്ട്രസഭ ഇത്തരമൊരു ഏജൻസിക്ക് പ്രത്യേക ചുമതല നൽകിയത്. പാലസ്തീൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചതുമുതൽ നാളിതുവരെ നിരവധി പാലസ്തീൻകാർക്കുവേണ്ടിയുള്ള ഈ ഐക്യരാഷ്ട്രസഭാസംഘടനയുടെ നിരവധി പ്രവർത്തകർ ഇസ്രെയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ഇസ്രായേൽ ഉദ്യോഗസ്ഥരും പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസി പ്രവർത്തകരും തമ്മിലുള്ള സമ്പർക്കം തടസ്സപ്പെട്ടേക്കാം. ഇതുവഴി ഗാസാ പ്രദേശത്തും, ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ പ്രവർത്തനങ്ങൾ അസാധ്യമായേക്കും.

സ്‌കൂളുകളിലും, ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യസേവനരംഗങ്ങളിലുമായി പതിമൂവായിരത്തോളം പേരാണ് ഗാസായിൽ ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ പേരിൽ സേവനം ചെയ്യുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2024, 17:30