തിരയുക

രണ്ടു പാലസ്തീനി സ്ത്രീകൾ ഒരു യു.എൻ. സംഘടനയുടെ വാഹനത്തിന് സമീപത്തുകൂടി കടന്നുപോകുന്നു രണ്ടു പാലസ്തീനി സ്ത്രീകൾ ഒരു യു.എൻ. സംഘടനയുടെ വാഹനത്തിന് സമീപത്തുകൂടി കടന്നുപോകുന്നു  (AFP or licensors)

തങ്ങളുടേത് പകരം വയ്ക്കാനാകാത്ത സേവനം: പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസി

പാലസ്തീൻകാർക്ക് നിർണ്ണായകമായ അടിസ്ഥാനസേവനങ്ങൾ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ (UNRWA) പങ്ക് ഏവരും തിരിച്ചറിയണമെന്നും, അതിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് ലക്ഷക്കണക്കിന് പാലസ്തീൻകാരുടെ സ്ഥിതി ഗുരുതരമാക്കുമെന്നും സംഘടന പ്രസ്താവിച്ചു. ഇസ്രയേലിലും, പാലസ്തീൻ അധിനിവേശപ്രദേശങ്ങളിലും ഏജൻസിയുടെ പ്രവർത്തനം തടയുന്നതിനായി ഇസ്രായേൽ നിയമം പാസാക്കിയതിനെത്തുടർന്നാണ് ഒക്ടോബർ 29 ചൊവ്വാഴ്ച എക്‌സ് സാമൂഹ്യമാധ്യമത്തിലൂടെ ഐക്യരാഷ്ട്രസഭാ ഏജൻസി ഈ സന്ദേശം പുറത്തുവിട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പാലസ്തീൻകാർക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിൽ തങ്ങളുടെ പങ്ക് ഏവരും അംഗീകരിക്കണമെന്ന് പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസി (UNRWA). സാമൂഹ്യമാധ്യമമായ എക്‌സിൽ ഒകോബാർ 29 ചൊവ്വാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് ഏജൻസി മദ്ധ്യപൂർവ്വദേശങ്ങളിലെ തങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിക്ക് പ്രവർത്തനസ്വാതന്ത്ര്യം നിരോധിക്കാനുള്ള തീരുമാനം ദശലക്ഷക്കണക്കിന് പാലസ്തീൻകാരുടെ നിലവിലെ മോശം സാഹചര്യത്തെ കൂടുതൽ വഷളാക്കുമെന്ന് സംഘടന വ്യക്തമാക്കി. പാലസ്തീൻ ജനതയ്ക്കുവേണ്ടിയുള്ള തങ്ങളുടെ പ്രവർത്തനം ഒഴിച്ചുകൂടാനാകാത്തതാണെന് ഏജൻസി അവകാശപ്പെട്ടു.

മധ്യപൂർവ്വദേശങ്ങൾക്കും വടക്കൻ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ പ്രാദേശിക ഡയറക്ടർ ആദേലെ ഖോദർ ആണ് യൂണിസെഫിന്റെ പേരിലുള്ള ഈ സന്ദേശം സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടത്.

പാലസ്തീൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചതുമുതൽ നാളിതുവരെ പാലസ്തീൻകാർക്കുവേണ്ടിയുള്ള ഈ ഐക്യരാഷ്ട്രസഭാസംഘടനയുടെ നിരവധി പ്രവർത്തകർ ഇസ്രെയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2024, 17:17