തിരയുക

മണിപ്പൂരിൽനിന്നുള്ള ഒരു പ്രകടനത്തിന്റെ ദൃശ്യം - ഫയൽ ചിത്രം മണിപ്പൂരിൽനിന്നുള്ള ഒരു പ്രകടനത്തിന്റെ ദൃശ്യം - ഫയൽ ചിത്രം 

മണിപ്പൂർ കലാപം വീണ്ടും ഉയരുന്നു: ഫീദെസ് വാർത്താ ഏജൻസി

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിലനിന്നിരുന്ന വംശീയകലാപം താത്കാലികമായ ശമനത്തിന് ശേഷം വീണ്ടും ഉയരുന്നതായി വാർത്തകൾ പുറത്തുവന്നുവെന്ന് ഫീദെസ് വാർത്താ ഏജൻസി. റിപ്പോർട്ടുകൾ പ്രകാരം നവംബർ പന്ത്രണ്ടാം തീയതി മണിപ്പൂരിലെ ജിറിബാം ജില്ലയിൽ ഒരു സായുധസംഘവും സുരക്ഷാസേനയുമായി സംഘർഷമുണ്ടായതിനെത്തുടർന്ന് പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. പന്ത്രണ്ടോളം കുക്കി വംശജർ കൊല്ലപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുക്കി, മെയ്തേയ് വംശീയ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷങ്ങളാൽ കഴിഞ്ഞ ഒരു വർഷത്തോളമായി പ്രതിസന്ധികൾ നിലനിന്നിരുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വീണ്ടും സംഘർഷങ്ങൾ ആരംഭിച്ചതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു സംഘങ്ങളെയും പോലീസ് സേനയുടെ സഹായത്തോടെ വ്യത്യസ്തമേഖലകളിലായി മാറ്റിനിറുത്തിയിരുന്നതിനാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിതിഗതികൾ ശാന്തമായി തുടരുകയായിരുന്നുവെന്ന് ഏജൻസി അറിയിച്ചു. എന്നാൽ നവംബർ പന്ത്രണ്ട് ചൊവ്വാഴ്ച മണിപ്പൂരിലെ ജിറിബാം ജില്ലയിൽ ഒരു സായുധസംഘവും സുരക്ഷാസേനയുമായി സംഘർഷമുണ്ടായതിനെത്തുടർന്ന് പ്രദേശത്ത് വീണ്ടും പ്രശ്നങ്ങൾ കൂടുതൽ ശക്തമായി പുനഃരാരംഭിച്ചേക്കുമെന്ന ഭയം നിലനിൽക്കുന്നുണ്ടെന്നും, ഇതവസാനിപ്പിക്കാനായി പ്രദേശത്ത് അനിശ്ചിതകാലത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫീദെസ് റിപ്പോർട്ട് ചെയ്‌തു.

സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനസ്ഥിതി താൽക്കാലികമാണെന്നും, ആളുകളുടെ ഉള്ളിൽ അക്രമചിന്തകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അതവസാനിപ്പിക്കാനായി ചർച്ചകൾവഴി സുസ്ഥിരമായ സമാധാനത്തിലേക്ക് എത്തിച്ചേരേണ്ടത് ആവശ്യമാണെന്നും ഇമ്ഫാലിലെ ആർച്ച്ബിഷപ് ലിനസ് നെലി പ്രസ്താവിച്ചുവെന്ന് ഫീദെസ് അറിയിച്ചു.

നവംബർ പന്ത്രണ്ടിന് സുരക്ഷാസേനയുമായി നടന്ന ആക്രമണങ്ങളിൽ പതിനൊന്ന് കുക്കി വംശജർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിരോധിച്ച് ജില്ലയിൽ ആളുകൾ കടകൾ അടച്ച് പ്രതിരോധം രേഖപ്പെടുത്തി. രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയിൽ കുക്കി വംശജയായ ഒരു സ്ത്രീ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതോടെ സ്ഥലത്ത് സംഘർഷം വ്യാപിച്ചിരുന്നു. മെയ്തേയ് വംശജരായ ഒരു സംഘമാണ് ഇതിനുപിന്നിലെന്ന പരാതിയുയർന്നതിനെത്തുടർന്ന് പിറ്റേദിവസം ഒരു മെയ്തേയ് വനിത കൊല്ലപ്പെട്ടിരുന്നു. കുക്കി സംഘത്തിന്റെ വെടിയേറ്റാണ് ഈ മരണമുണ്ടായതെന്ന് ആരോപണങ്ങൾ പുറത്തുവന്നിരുന്നു.

മണിപ്പൂരിൽ, 2023 മെയ് മാസം മുതലുണ്ടായ ആക്രമണങ്ങളിൽ 250 പേരിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അറുപത്തിനായിരത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2024, 16:04