തിരയുക

നൈജീരിയയിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻെറ അദ്ധ്യക്ഷൻ ഒവ്വേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് ലൂസിയുസ് ഇവ്വെജുറു ഉഗൊർജി നൈജീരിയയിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻെറ അദ്ധ്യക്ഷൻ ഒവ്വേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് ലൂസിയുസ് ഇവ്വെജുറു ഉഗൊർജി  

നൈജീരിയയിൽ മയക്കുമരുന്നു കുറ്റകൃത്യ വിസ്ഫോടന കാരണങ്ങളിലൊന്ന്!

മയക്കുമരുന്നു ദുരുപയോഗത്തിന് കടിഞ്ഞാണിടുന്നതിനുള്ള നടപടികൾ നെജീരിയ ശക്തമാക്കിയിട്ടുണ്ടെങ്കിലും മയക്കുമരുന്നു പതിവായി ഉപയോഗിക്കുന്നവരുടെ സംഖ്യ അന്നാട്ടിൽ 1 കോടി 40 ലക്ഷം ആണെന്ന് മയക്കുമരുന്നു നിയന്ത്രണ നിയമങ്ങൾ നടപ്പാക്കുന്നതിനായുള്ള ദേശീയ വിഭാഗം വെളിപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജീരിയയിൽ കുറ്റകൃത്യ വിസ്ഫോടനം മയക്കുമരുന്നു വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അന്നാട്ടിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻെറ അദ്ധ്യക്ഷൻ ഒവ്വേരി അതിരൂപതയുടെ ആർച്ചുബിഷപ്പ് ലൂസിയുസ് ഇവ്വെജുറു ഉഗൊർജി ആശങ്ക പ്രകടിപ്പിക്കുന്നു.

അന്നാട്ടിൽ യുവതീയുവാക്കൾ വീര്യംകൂടിയ മയക്കുമരുന്നു അമിതമായി ഉപയോഗിക്കുന്നുണ്ടെന്നും അങ്ങനെ അവർ അചിന്തനീയമായ കാര്യങ്ങൾ ചെയ്തുകൂട്ടുന്നുവെന്നും അദ്ദേഹം പറയുന്നു.

അവർ കവർച്ചയിലേർപ്പെടുകയും കൊലപാതകം നടത്തുകയും ചെയ്യുന്നുവെന്നും മനുഷ്യജീവൻ അനർഘവും അന്യാധീനപ്പെടുത്താനാവത്തതുമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാനാവത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും ആർച്ചുബിഷപ്പ് ഉഗൊർജി ആശങ്കപ്പെടുന്നു. മയക്കുമരുന്നു ദുരുപയോഗം നൈജീരിയയിലെ സമാധാനപരമായ സഹവർത്തിത്വത്തെ ഗുരുതരമായ അപകടാവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കയാണെന്ന് അദ്ദേഹം പറയുന്നു.

ഇക്കഴിഞ്ഞ വർഷം നൈജീരിയായിൽ 15-നും 64-നും ഇടയിൽ പ്രായമുള്ളവരിൽ  ഏഴിൽ ഒരാൾ വീതം മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടെന്നും ഇവരിൽ 5-ൽ ഒരാൾക്കു മയക്കുമരുന്നു ദരുപയോഗത്തിൻറെ ഫലമായ അസ്വസ്ഥതകൾ ഉണ്ടെന്നും മയക്കുമരുന്നിനെയും കുറ്റകൃത്യത്തെയും അധികരിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിൻറെ (UNODC -United Nations Office on Drugs and Crime ) പഠനം കാണിക്കുന്നു.

മയക്കുമരുന്നു ദുരുപയോഗത്തിന് കടിഞ്ഞാണിടുന്നതിനുള്ള നടപടികൾ നെജീരിയ ശക്തമാക്കിയിട്ടുണ്ടെങ്കിലും മയക്കുമരുന്നു പതിവായി ഉപയോഗിക്കുന്നവരുടെ സംഖ്യ അന്നാട്ടിൽ  1 കോടി 40 ലക്ഷം ആണെന്ന് മയക്കുമരുന്നു നിയന്ത്രണ നിയമങ്ങൾ നടപ്പാക്കുന്നതിനായുള്ള ദേശീയ വിഭാഗം വെളിപ്പെടുത്തുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2024, 12:24