ഏകദൈവമായ കർത്താവിന്റെ നീതിപൂർവ്വമായ വിധി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
കർത്താവ് ലോകത്തിന്റെ മുഴുവൻ രാജാവും വിധികർത്താവുമാണ് എന്ന ഉദ്ബോധനം മുന്നോട്ടുവയ്ക്കുകയും, ഏവരുടെയും മേലുള്ള അവന്റെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്ന എട്ടു സങ്കീർത്തനങ്ങളുടെ ഒരു നിരയിൽ നാലാമത്തേതാണ് പതിമൂന്ന് വാക്യങ്ങളുള്ള തൊണ്ണൂറ്റിയാറാം സങ്കീർത്തനം. ഒന്നാം ദിനവൃത്താന്തം പതിനാറാം അധ്യായത്തിന്റെ 23 മുതൽ 33 വരെയുള്ള വാക്യങ്ങളുടെ ഏതാണ്ട് ഒരു തനിപ്പകർപ്പാണ് തൊണ്ണൂറ്റിയാറാം സങ്കീർത്തനത്തിന്റെ വാക്യങ്ങൾ. ദിനവൃത്താന്തത്തിൽ ഇത് ദാവീദ്, ദൈവത്തിന്റെ പേടകത്തിന് മുന്നിൽവച്ച് ആലപിച്ചതായി അവതരിപ്പിച്ചിരിക്കുന്നതുകൊണ്ട് ഈ സങ്കീർത്തനം ദാവീദിനാൽ എഴുതപ്പെട്ടതാകാം എന്ന് കരുതുന്നു. ഏശയ്യാപ്രവാചകന്റെ പുസ്തകം നാൽപ്പത് മുതൽ അൻപത്തിയഞ്ചു വരെയുള്ള അദ്ധ്യായങ്ങളിലും തൊണ്ണൂറ്റിയെട്ടാം സങ്കീർത്തനത്തിലുമൊക്കെ തൊണ്ണൂറ്റിയാറാം സങ്കീർത്തനത്തിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളും അവതരണരീതിയും നമുക്ക് കാണാം. ഇസ്രയേലിന്റെ ദൈവത്തെ സ്തുതിക്കാൻ മാനവരാശിയെ മുഴുവൻ ആഹ്വാനം ചെയ്യുന്ന ഈ ഗീതത്തിൽ, ഏകദൈവം അവനാണ് എന്ന ചിന്ത പങ്കുവയ്ക്കപ്പെടുന്നുണ്ട്. നീതിമാനായ അവനാണ് ലോകം ആരാധനയർപ്പിക്കേണ്ടത്. മാനവരാശി മാത്രമല്ല, സകല സ്രഷ്ടലോകവും ഇസ്രയേലിന്റെ ദൈവത്തെ സ്തുതിക്കണമെന്ന ഉദ്ബോധനവും സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നു. സകലത്തിന്റെയും സ്രഷ്ടാവും, സകല ദേവന്മാരെയുംകാൾ ഉന്നതനുമാണ് ഇസ്രയേലിന്റെ ദൈവമെങ്കിൽ സകലരും അവനു മുന്നിൽ ആരാധനയർപ്പിക്കേണ്ടവരാണെന്ന ബോധ്യം ഈ സങ്കീർത്തനത്തിൽ വെളിവാകുന്നുണ്ട്.
ഇസ്രയേലിന്റെ കർത്താവിനെ സ്തുതിക്കുവാനും പ്രകീർത്തിക്കുവാനുമുള്ള ആഹ്വാനം
സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങളിൽ ദൈവസ്തുതിക്കുള്ള ആഹ്വാനമാണ് സങ്കീർത്തകൻ വിശ്വാസികൾക്ക് മുന്നിൽ വയ്ക്കുന്നത്. പുതിയൊരു കീർത്തനം ആലപിച്ചുകൊണ്ട്, ഭൂമി മുഴുവനും കർത്താവിനെ പാടി സ്തുതിക്കട്ടെയെന്ന് എഴുതുന്ന സങ്കീർത്തകൻ അവിടുത്ത നാമത്തെ വാഴ്ത്തുവാനും, അവനേകുന്ന രക്ഷയെ അനുദിനം പ്രകീർത്തിക്കാനും ആഹ്വാനം ചെയ്യുന്നു (സങ്കീ. 96, 1-2a). ദൈവത്തിന് സ്തുതികളർപ്പിക്കാൻ ജനത്തെ ആഹ്വാനം ചെയ്യുന്ന സങ്കീർത്തനകർത്താവ്, ദൈവനാമത്തെയും അവിടുത്തെ മഹത്വത്തെയും, അവന്റെ അത്ഭുതകൃത്യങ്ങളെയും ജനതകളുടെ മുന്നിൽ പ്രകീർത്തിക്കാനും പ്രഘോഷിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ലോകത്തിന്റെ മുഴുവൻ സ്രഷ്ടാവും നാഥനുമായ യാഹ്വെയെന്ന ഇസ്രയേലിന്റെ ദൈവം സകല ജനതതികളാലും അംഗീകരിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യണം എന്ന ചിന്തയാലാണ് സങ്കീർത്തകൻ ഇങ്ങനെ എഴുതുക. വിശ്വാസത്തിന്റെ പ്രകടനമായ സ്തുതികളും കീർത്തനങ്ങളും വഴി ദൈവനാമത്തെ ഉയർത്തിക്കാട്ടുന്നതിനൊപ്പം, വിശ്വാസികളുടെ ജീവിതം മറ്റു ജനതകൾക്കും പ്രപഞ്ചം മുഴുവനും മുന്നിൽ ദൈവമഹത്വത്തിന്റെ സാക്ഷ്യമായി മാറേണ്ടതിന്റെ പ്രാധാന്യത്തിലേക്കുകൂടിയാണ് ഈ വാക്യങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
എന്തുകൊണ്ട് ഇസ്രയേലിന്റെ ദൈവത്തെ സ്തുതിക്കണം?
ലോകം ഇസ്രയേലിന്റെ ദൈവത്തെ എന്തുകൊണ്ട് സ്തുതിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നാലുമുതൽ ആറുവരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ വിശദീകരിക്കുന്നത്. ഇവയിൽ പ്രധാനപ്പെട്ട ചിന്ത, ഏക ദൈവമായവൻ ഇസ്രയേലിന്റെ കർത്താവാണ് എന്നതാണ്. അവൻ ഉന്നതനും അത്യന്തം സ്തുത്യർഹനുമാണ് എന്നും സകല ദേവന്മാരെയുംകാൾ ഭയപ്പെടേണ്ടവനുമാണ് എന്നും നാലാം വാക്യം ഓർമ്മിപ്പിക്കുന്നു (സങ്കീ. 96, 4). ജനതകളുടെ ദേവന്മാർ വിഗ്രഹങ്ങൾ മാത്രമാണെന്നും യാഹ്വെ എന്ന ഇസ്രയേലിന്റെ ദൈവം വിജാതീയരുടെ ദൈവസങ്കൽപ്പങ്ങൾക്കും മുകളിലുള്ളവനാണ് എന്നും, ദൈവമെന്ന പേരിൽ അറിയപ്പെടുന്നതും എന്നാൽ ദൈവികമായി ഒന്നുമില്ലാത്തതുമായ അന്യദൈവസങ്കല്പങ്ങളെയോ ദേവവിഗ്രഹങ്ങളെയോ പോലെയല്ല, ആകാശത്തിന്റെയും ഭൂമിയുടെയും, പ്രപഞ്ചം മുഴുവന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവം എന്ന ചിന്തയാണ് സങ്കീർത്തനം ഇവിടെ അവതരിപ്പിക്കുന്നത്. മനുഷ്യചിന്തയിലും കരവിരുതിലും മാത്രം ജനിക്കുന്ന വിഗ്രഹങ്ങളെ ദൈവമായി കരുതുന്നതിലെ കുറവിനെയാണ് സങ്കീർത്തകൻ ഇവിടെ എടുത്തുകാട്ടുക. മഹത്വവും തേജസ്സും അവന്റെ സന്നിധിയിലാണ്, ബലവും സൗന്ദര്യവും അവന്റെ വിശുദ്ധ മന്ദിരത്തിലും (സങ്കീ. 96, 5-6).
ദൈവസ്തുതിക്കുള്ള ക്ഷണം
സങ്കീർത്തനത്തിന്റെ ആദ്യഭാഗത്തെന്നപോലെ, ദൈവാരാധനയ്ക്കായി ജനത്തിന് മുഴുവനുള്ള ക്ഷണമാണ് ഏഴ് മുതൽ ഒൻപത് വരെയുള്ള ഭാഗത്ത് നാം കാണുക. കർത്താവിന്റെ നാമത്തിന് ചേർന്ന വിധം അവിടുത്തെ മഹത്വപ്പെടുത്തുവാനുള്ള ക്ഷണമാണ് ഏഴാം വാക്യം നൽകുന്നത്. ദൈവസ്തുതി ആലപിക്കുന്നതും, അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തുന്നതും, യാഹ്വെയെക്കുറിച്ച് ലോകത്തിന് മുഴുവനുമുള്ള സാക്ഷ്യമായിക്കൂടി മാറുന്നുണ്ട്. കാഴ്ചകളുമായി ദേവാലയാങ്കണത്തിൽ പ്രവേശിച്ച്, വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവനെ ആരാധിക്കുവിൻ എന്ന ക്ഷണത്തിൽ, പുരോഹിശുശ്രൂഷയുടെ സ്വഭാവത്തോടെയുള്ള ബലിയർപ്പണമാണ് നമുക്ക് മുന്നിൽ തെളിയുക. ഈ ക്ഷണം ഇസ്രായേൽ ജനതയ്ക്കായി മാത്രമുള്ള ഒന്നല്ല, മറിച്ച് എല്ലാ ജനപദങ്ങളോടുമുള്ള ഒന്നാണെന്ന് ഏഴാം വാക്യത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് കാണാം. ഭൂമി മുഴുവൻ ഭയഭക്തികളോടെ കർത്താവിന് മുന്നിൽ ആയിരിക്കുന്ന ഒരു ദിനത്തെക്കുറിച്ചുകൂടി സങ്കീർത്തകൻ ഒൻപതാം വാക്യത്തിൽ സൂചിപ്പിക്കുന്നുണ്ട് (സങ്കീ. 96, 9).
ലോകത്തിന് ആനന്ദമേകുന്ന ദൈവവിധി
സങ്കീർത്തനത്തിന്റെ പത്ത് മുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന അവസാനഭാഗത്ത്, ജനതകൾക്ക് മുഴുവൻ ആഹ്ളാദം നൽകുന്ന ഇസ്രയേലിന്റെ ദൈവത്തെക്കുറിച്ചാണ് നാം വായിക്കുന്നത്. ജനതകളെ നീതിപൂർവ്വം വിധിക്കുന്ന കർത്താവ് നിത്യം വാഴുന്നവനാണെന്നും, അവനാൽ സുസ്ഥാപിതമായ ലോകത്തിന് ഇളക്കം തട്ടുകയില്ലെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് സങ്കീർത്തകൻ, അവന്റെ നാമത്തെ ജനതകളുടെ ഇടയിൽ പ്രഘോഷിക്കാൻ ഏവരെയും ക്ഷണിക്കുന്നത് (സങ്കീ. 96, 10). പ്രപഞ്ചസൃഷ്ടിയും ഇസ്രയേലിന്റെ ദൈവവുമായുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുകൂടി ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പത്താം വാക്യത്തിന്റെ അവസാനത്തിലെന്നപോലെ, സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളിലും, ഭൂമിയെ വിധിക്കാനുള്ള കർത്താവിന്റെ വരവിനെക്കുറിച്ചും, ലോകത്തെയും അതിലെ ജനതകളെയും അവൻ നീതിയോടും സത്യത്തോടും കൂടെ വിധിക്കും എന്നതിനെക്കുറിച്ചുമുള്ള (സങ്കീ. 96, 12-13) സന്തോഷത്തിന്റെ വാർത്ത ദൈവജനത്തെ അറിയിച്ചുകൊണ്ട് ഇത്തരമൊരു വരവും, വിധിയും നൽകുന്ന ആശ്വാസവും ആനന്ദവും ഉൾക്കൊണ്ട്, ആകാശവും, ഭൂമിയും സമുദ്രവും അതിലുള്ളവയും ആഹ്ളാദിക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെയെന്നും, അത്തരമൊരു പശ്ചാത്തലത്തിൽ വനവൃക്ഷങ്ങൾ പോലും ആനന്ദഗീതമുതിർക്കുമെന്നും സങ്കീർത്തകൻ എഴുതുന്നു (സങ്കീ. 96, 11).
സങ്കീർത്തനം ജീവിതത്തിൽ
ഇസ്രയേലിന്റെ ദൈവത്തിന്റെ സാർവ്വത്രികമായ അധികാരവും അവന്റെ ഭരണവും അനുസ്മരിപ്പിക്കുന്ന തൊണ്ണൂറ്റിയാറാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, പ്രപഞ്ചവും അതിലെ സകലതും അവയുടെ സ്രഷ്ടാവും നാഥനുമായി ഇസ്രയേലിന്റെ ദൈവത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും, അതിലേക്ക് നയിക്കേണ്ട നമ്മുടെ ജീവിതസാക്ഷ്യവും വിശ്വാസജീവിതവുമാണ് നമുക്ക് മുന്നിലുള്ള പ്രധാന ആഹ്വാനമായി നിൽക്കുന്നത്. യാഹ്വെയെ പ്രപഞ്ചവും അതിലെ സകലരും, സകലതും ഏകദൈവമായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനായി, അവന്റെ വിധിയിലുള്ള നീതിയും സത്യവും നമുക്ക് നൽകുന്ന ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ വിശ്വാസജീവിതം നയിക്കേണ്ടതിന്റെയും, ദൈവത്തിന് ആരാധനയും സ്തുതിയും സ്തോത്രവുമർപ്പിക്കേണ്ടതിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവിക്കാം. സകല ജനപദങ്ങൾക്കും പ്രത്യാശയും പ്രതീക്ഷയും നൽകുന്ന ദൈവത്തിന്റെ ശക്തിയും മഹത്വവും, നീതിയും സത്യവും, അവയിലുപരി അവന്റെ കരുണ നിറഞ്ഞ സ്നേഹവും സങ്കീർത്തകനൊപ്പം നമുക്കും ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്താം. അവന്റെ ജനമായ നമ്മെയും ദൈവം നീതിയോടെയും സത്യത്തോടെയും, ഒപ്പം കരുണയോടെയും വിധിക്കട്ടെ. ദൈവം നിത്യം രാജാവായി വാഴട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: