തിരയുക

ഉക്രൈനിൽ നിന്നുമുള്ള ദൃശ്യം ഉക്രൈനിൽ നിന്നുമുള്ള ദൃശ്യം   (ANSA)

റഷ്യൻ ആക്രമണത്തെ അപലപിച്ച് യുനെസ്‌കോ

ഉക്രൈനിലെ ലോക പൈതൃക സ്ഥലങ്ങളിൽ റഷ്യ നടത്തിയ ആക്രമണങ്ങളെ യുനെസ്‌കോ അപലപിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നവംബർ മാസം പതിനാലിനും, പതിനഞ്ചിനും, ഉക്രൈൻ നഗരമായ ഒഡേസയെ ലക്ഷ്യമാക്കി, റഷ്യ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിൽ പ്രതിഷേധമറിയിച്ചും, അപലപിച്ചും യുനെസ്‌കോ സംഘടന. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ.

യുനെസ്‌കോയുടെ അപകടാവസ്ഥയിലുള്ള ലോക പൈതൃക പട്ടികയിലെ ഒരു സ്ഥലമായ ഉക്രൈന്റെ  ഹൃദയഭാഗത്തുള്ള 'ഹിസ്റ്റോറിക് സെൻ്റർ ഓഫ് ഒഡെസ'യുടെ  നിരവധി ചരിത്രപരമായ കെട്ടിടങ്ങളും, വിദ്യാലയങ്ങളും ആക്രമണത്തിൽ തകർക്കപ്പെട്ടു. 2023 ജനുവരി മുതലാണ് ഒഡേസയെ യുനെസ്കോ ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഈ അക്രമങ്ങളെ  യുനെസ്കോ അപലപിക്കുകയും ഇരകൾക്കും ജനങ്ങൾക്കും,  പ്രാദേശിക അധികാരികൾക്കും പിന്തുണ അറിയിക്കുകയും ചെയ്യുന്നു.

ഉക്രൈനിലെ യുനെസ്കോയുടെ പ്രതിനിധി പതിനഞ്ചാം തീയതി ഒഡെസ നഗരസഭയുടെ  പ്രതിനിധികളുമായി ചർച്ച നടത്തി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും കെട്ടിടങ്ങളുടെ സുരക്ഷയ്ക്കായി തയ്യാറെടുപ്പുകൾ നടത്തുന്നതിനായി   സംഘടനയിൽ നിന്നുമുള്ള നിന്നുള്ള വിദഗ്ധരുടെ ഒരു ദൗത്യസംഘവും  സ്ഥലത്തെത്തിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2024, 13:39