തിരയുക

സുരക്ഷിതത്വത്തിന്റെ ഇടമാകേണ്ട വിദ്യാഭ്യാസമേഖല സുരക്ഷിതത്വത്തിന്റെ ഇടമാകേണ്ട വിദ്യാഭ്യാസമേഖല  (ANSA)

വിദ്യാർത്ഥികളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കണം: യുനെസ്കോ

സ്‌കൂളുകളിൽ സൈബർഭീഷണിയുൾപ്പെടെ, വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനത്തിൽ, സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യുനെസ്കോ (UNESCO). നവംബർ ഏഴിനാണ് വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും, പീഡനങ്ങൾക്കുമെതിരെയുള്ള 2024-ലെ അന്താരാഷ്ട്രദിനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാസംഘടനയായ യുനെസ്കോ. വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും, പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനമായ നവംബർ ഏഴിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഒരിടമാക്കി മാറ്റേണ്ടതിലേക്ക് യുനെസ്കോ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

സൈബർഭീഷണിയുൾപ്പെടെ, വാക്കുകളാലും പ്രവൃത്തികളാലും, മാനസികഉപദ്രവങ്ങളാലും വിദ്യാർത്ഥികൾക്കെതിരെ നടത്തുന്ന അക്രമണങ്ങൾക്ക് അറുതിവരുത്തണമെന്ന്, വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുനെസ്കോ സംഘടന ആവശ്യപ്പെട്ടു. ലോകത്ത് 32 രാജ്യങ്ങളിൽ മാത്രമാണ് സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സമഗ്രമായ നിയമവ്യവസ്ഥ നിലനിൽക്കുന്നതെന്ന് യുനെസ്കോ ഓർമ്മിപ്പിച്ചു.

സ്‌കൂളുകളിൽ, എല്ലാ കുട്ടികൾക്കും, അറിവ് നേടുവാനും, തങ്ങളുടെ നല്ല കഴിവുകൾ വളർത്തുവാനുമുള്ള അവസരമൊരുക്കണമെന്നും, സുരക്ഷിതത്വവും സ്വീകാര്യതയും അനുഭവപ്പെടുന്ന സാഹചര്യമൊരുക്കണമെന്നും, യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസൂലായ് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളുടെ വളർച്ചയോടെ, കുട്ടികൾ സ്‌കൂളുകൾക്ക് പുറത്തും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും ഓഡ്രെ അസൂലായ് ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസരംഗത്തുള്ള എല്ലാത്തരം ആക്രമണങ്ങൾക്കുമെതിരെ പൊതുവായ വികാരമുണർത്താൻ വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും, പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനം സഹായകമാകട്ടെയെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആശംസിച്ചു.

വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങൾ ശാരീരികമായ അതിക്രമങ്ങൾക്ക് ഇരകളായിട്ടുണ്ടെന്ന് ലോകമാസകലമുള്ള വിദ്യാർത്ഥികളിൽ മൂന്നിലൊന്ന് പേരും പരാതിപ്പെടുന്നതായാണ് കണക്കുകൾ. പത്തിലൊന്ന് കുട്ടികളും സൈബർ ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്.

2019-ലാണ് വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കും, പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനം സ്ഥാപിക്കപ്പെട്ടത്. നവംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. സുരക്ഷിതവും മാന്യവുമായ വിദ്യാഭ്യാസയിടങ്ങൾ സൃഷ്ടിക്കപ്പെടട്ടെയെന്ന് സംഘടന ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2024, 16:38