ലെബനോനിലെ വെടിനിറുത്തലിനെ സ്വാഗതം ചെയ്‌ത് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
240-ലധികം കുട്ടികളുടെ ജീവനെടുക്കുകയും, 1400-ലധികം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്‌ത ഇസ്രായേൽ-ലെബനോൻ സംഘർഷത്തിന് താത്കാലിക വിരാമമിട്ടുകൊണ്ട് പ്രഖ്യാപിക്കപ്പെട്ട വെടിനിറുത്തൽ, യുദ്ധത്തിന്റെ അവസാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ നടന്ന ആക്രമണങ്ങളിൽ ലെബനോനിലെ നിരവധി വീടുകളും ആശുപത്രികളും പൊതുമേഖലാസ്ഥാപനങ്ങളും തകർക്കപ്പെട്ടിരുന്നുവെന്നും, രാജ്യത്ത് ഏതാണ്ട് ഇരുപത് ലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും, കുട്ടികൾക്ക് അടിസ്ഥാന ആരോഗ്യസേവനം പോലും ലഭ്യമല്ലാതായിരുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ അറിയിച്ചു.
ഇപ്പോഴത്തെ വെടിനിറുത്തൽ സമാധാനം സ്ഥാപിക്കപ്പെടാനുള്ള ഒരു അവസരമാക്കി മാറ്റിയെടുക്കണമെന്നും, കുട്ടികൾക്കും കുടുംബങ്ങൾക്കും, പ്രത്യേകിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർക്കും അഭയാർഥികളായി കഴിയുന്നവർക്കും, അവരുടെ സ്വസമൂഹത്തിലേക്ക് സുരക്ഷിതമായി തിരികെപ്പോകാനുള്ള അവസരമാകണമെന്നും ശിശുക്ഷേമനിധി അധ്യക്ഷ ഓർമ്മിപ്പിച്ചു. കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷിതത്വം ഏറെ പ്രധാനപ്പെട്ടതാണെന്ന് ശ്രീമതി റസ്സൽ എടുത്തുപറഞ്ഞു.
മാനവികസേവനമേഖലയിൽ സേവനമനുഷ്ഠിക്കുന്ന സംഘടനകൾക്ക് സുരക്ഷിതമായി ആക്രമണങ്ങൾക്ക് ഇരകളായ മനുഷ്യരുള്ള ഇടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ ലെബനോനിൽ എത്തുവാനും, അവിടെയുള്ളവർക്ക് ജീവൻരക്ഷാസേവനം ഉൾപ്പെടെയുള്ള സഹായമെത്തിക്കാനും സാധിക്കണമെന്ന് യൂണിസെഫ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു. കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, കുടിവെള്ളം, ഭക്ഷണം, മരുന്ന്, മാനസികാരോഗ്യസഹായം തുടങ്ങിയവ ഉറപ്പാക്കണമെന്നും ശ്രീമതി റസ്സൽ വ്യക്തമാക്കി.
കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. ജലസേചനസൗകര്യങ്ങൾ പുനഃക്രമീകരണം നടത്തുന്നതിനും, അടിസ്ഥാന ആരോഗ്യസേവനങ്ങൾക്ക് സഹായമെത്തിക്കുന്നതിനും, സ്‌കൂളുകളുടെ പുനർനിർമ്മാണത്തിനും സഹകരിക്കാൻ തങ്ങൾ തയ്യാറാണെന്നും യൂണിസെഫ് അദ്ധ്യക്ഷ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: