ഹെയ്തിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഹെയ്തിയിലെ സാധാരണജനജീവിതം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും, ലക്ഷക്കണക്കിന് ആളുകൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലാണ് ഈ കരീബിയൻ രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമാക്കിയത്. ലോകത്തെങ്ങുമില്ലാത്തവിധം ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കും ഭീഷണികൾക്കുമാണ് ഹെയ്തിയിലെ ജനങ്ങൾ വിധേയരാകുന്നതെന്ന് ശ്രീമതി റസ്സൽ ഓർമ്മിപ്പിച്ചു.
രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ തോത് ആയിരം വട്ടം വർദ്ധിച്ചുവെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ അറിയിച്ചു. ഇതുകൂടാതെ, സായുധസംഘങ്ങൾ കുട്ടികളെ തങ്ങൾക്കൊപ്പം ചേർക്കുകയാണെന്നും, നിലവിൽ വിവിധ സായുധസംഘങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അവരിൽ മുപ്പത് മുതൽ അൻപത് ശതമാനം വരെ അംഗങ്ങൾ കുട്ടികളാണെന്നും ശ്രീമതി റസ്സൽ അപലപിച്ചു. പല കുട്ടികളും സന്ദേശവാഹകരയും, ലൈംഗികഅടിമകളായും, ഭക്ഷണം തയ്യാറാക്കുന്നവരായും ജോലി ചെയ്യാൻ നിർബന്ധിതരാകുകയാണെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ വ്യക്തമാക്കി.
ഹെയ്തിയിൽ മുപ്പത് ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ അൻപത് ലക്ഷത്തോളം ആളുകൾക്ക് മാനവികസഹായത്തിന്റെ ആവശ്യമുണ്ടെന്ന് ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ അറിയിച്ചു. ഇവരിൽ നല്ലൊരു ഭാഗവും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മൂന്നരലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ ഏഴ് ലക്ഷത്തോളം ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായി ക്യാമ്പുകളിൽ കഴിയുന്നുണ്ടന്ന് ശ്രീമതി റസ്സൽ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത്, കുടിവെള്ളം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകൾ ഏതാണ്ട് തകർന്ന നിലയിലാണെന്നും, കുട്ടികളും കുടുംബങ്ങളും കോളറ പോലെയുള്ള രോഗങ്ങളുടെ ഭീഷണിയിലാണെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ അറിയിച്ചു. അക്രമസാധ്യതകളും, സുരക്ഷക്കുറവും കണക്കിലെടുത്ത് പോർട്ട് ഓ പ്രെൻസിൽ നിരവധി ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയെന്നും ശ്രീമതി റസ്സൽ ഓർമ്മപ്പെടുത്തി.
സായുധസംഘങ്ങളുടെ നിയന്ത്രണത്തിലായിരിക്കുന്ന വിവിധയിടങ്ങളിൽ സന്നദ്ധസേവനസംഘങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന് ശിശുക്ഷേമനിധി അറിയിച്ചു. പതിനാറ് ലക്ഷം കുട്ടികളും സ്ത്രീകളുമുൾപ്പെടെ ഇരുപത്തിയേഴ് ലക്ഷത്തോളം ആളുകൾ ഇത്തരം പ്രദേശങ്ങളിലാണ് താമസിക്കുന്നത്.
മനുഷ്യാവകാശങ്ങൾ മാനിക്കാനും, കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാനും സായുധസംഘങ്ങളുൾപ്പെടെ എല്ലാ ആളുകളോടും യൂണിസെഫ് ആവശ്യപ്പെട്ടു. പൊതുമേഖലാസ്ഥാപനങ്ങൾ ആക്രമിക്കുന്നത് അവസാനിക്കാനും, കുട്ടികളെ സായുധസംഘങ്ങളിൽനിന്ന് മോചിപ്പിക്കാനും, സന്നദ്ധസേവനപ്രവർത്തകർക്ക് സ്വന്തന്ത്രമായി എല്ലായിടങ്ങളിലും സഹായമെത്തിക്കാൻ സാഹചര്യമൊരുക്കാനും യൂണിസെഫ് അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: