തിരയുക

പാക്കിസ്ഥാനിലെ ക്രിസ്തുമസ് ആഘോഷം പാക്കിസ്ഥാനിലെ ക്രിസ്തുമസ് ആഘോഷം   (AFP or licensors)

പാകിസ്ഥാനിൽ മതസൗഹാർദ്ദകൂട്ടായ്മകൾ വർധിക്കുന്നു

നിരവധി മതവൈരുധ്യ ക്രൂരതകൾ അരങ്ങേറുന്ന പാകിസ്ഥാനിൽ, ആഗമനകാലത്ത്, നിരവധി മതസൗഹാർദ്ദകൂട്ടായ്മകൾ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകുന്നതായി സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മതത്തിന്റെ പേരിൽ ഏറെ വിവേചനവും, ആക്രമണങ്ങളും നേരിടുന്ന പാകിസ്ഥാനിലെ ജനതയ്ക്ക് ആഗമനകാലം പ്രത്യാശയുടെയും, സമാധാനത്തിന്റെയും അനുഭവങ്ങൾ നൽകുന്നതിന്, മതസൗഹാർദ്ദകൂട്ടായ്മകൾ ശക്തി പ്രാപിക്കുന്നു. ലാഹോറിൽ, മതവിദ്വേഷത്തിന്റെ ബുദ്ധിമുട്ടുകളാൽ ഭയന്നിരിക്കുന്ന ജനങ്ങൾക്ക്, ആശ്വാസമായി, മതസൗഹാർദ്ദകൂട്ടായ്മയുടെ ഒരു സംഘവും എത്തിച്ചേർന്നിട്ടുണ്ട്.  പാസ്റ്റർ ആസിഫ് എഹ്‌സാൻ ഖോക്കർ, പണ്ഡിതനും ഇസ്‌ലാമിക നേതാവുമായ മുഫ്തി സയ്യിദ് ആഷിഫ് ഹുസൈൻ, പഞ്ചാബിലെ നാഷണൽ പീസ് കമ്മിറ്റി പ്രസിഡൻ്റ് ചൗധരി കമ്രാൻ പർവേസ് , കപ്പൂച്ചിൻ വൈദികനായ ഫാ. ലാസർ അസ്‌ലം എന്നിവരാണ് സംഘത്തിലുള്ളത്.

നവംബറിൻ്റെ തുടക്കത്തിൽ,  മയക്കുമരുന്നിന്  അടിമയായ ഒരു ചെറുപ്പക്കാരൻ, തൻ്റെ വീടിന് തീകൊളുത്തുകയും, ഖുറാനിൻ്റെയും ബൈബിളിൻ്റെയും പേജുകൾ കത്തിച്ചുകളയുകയും ചെയ്തിരുന്നു. ഖുറാന്റെ കത്തിച്ച പേജുകൾ പിന്നീട് കണ്ടെത്തിയത് സംഘർഷങ്ങൾക്ക് കാരണമാവുകയും, ക്രൈസ്തവർക്കുനേരെയുള്ള ആൾക്കൂട്ട ആക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ്, മതസൗഹാർദ്ദകൂട്ടായ്മ ജനതയുടെ സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സംഘട്ടനങ്ങൾ തടയുന്നതിനും വിവിധ സമുദായങ്ങൾ തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും, മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിൻ്റെയും സംവാദത്തിൻ്റെയും പ്രാധാന്യം പ്രതിനിധി സംഘം അടിവരയിട്ടു പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വം മാത്രമേ പാകിസ്ഥാന് സമൃദ്ധവും യോജിപ്പുള്ളതുമായ ഭാവി ഉറപ്പുനൽകുകയുള്ളുവെന്നു ഇസ്‌ലാം മതനേതാക്കൾ എടുത്തു പറഞ്ഞു. പാകിസ്ഥാനിലെ മതസമൂഹങ്ങൾ തമ്മിലുള്ള തുടർച്ചയായ സഹകരണം ശാശ്വതമായ സൗഹാർദ്ദത്തിന് ഏറെ ആവശ്യമെന്നു ഫാ. ലാസർ അസ്‌ലവും പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2024, 13:16