മ്യാന്മറിലെ നശിപ്പിക്കപ്പെട്ട ദേവാലയം. മ്യാന്മറിലെ നശിപ്പിക്കപ്പെട്ട ദേവാലയം. 

മ്യാന്മറിൽ കത്തോലിക്കാ വിശ്വാസികൾ നിശബ്ദ സമരവും പ്രാർത്ഥനയും ആചരിച്ചു

മ്യാന്മറിൽ ഫെബ്രുവരി ഒന്നാം തിയതി പരിശുദ്ധ കുർബ്ബാനയുടെ മുന്നിൽ നിശബ്ദമായ ആരാധന നടത്തിയും, ജപമാലയർപ്പിച്ചും വേദനകളും അനിശ്ചിതത്വങ്ങളും കന്യകാമറിയത്തിന്റെ കരങ്ങളിൽ സമർപ്പിച്ചും രാജ്യത്തിന് സമാധാനത്തിന്റെയും നീതിയുടേയും സ്വാതന്ത്ര്യത്തിന്റെ കാലം വരുവാനായി പ്രാർത്ഥനകൾ നടന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

2021 ഫെബ്രുവരി ഒന്നിനാണ് സൈനീക ഭരണകൂടം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ട് മ്യാന്മറിലെ ജനാധിപത്യ യാത്രയ്ക്ക് അന്ത്യം കുറിച്ചത്.  ഈ ഓർമ്മയുടെ വാർഷികം പ്രമാണിച്ചാണ് കത്തോലിക്കർ, ആയിരക്കണക്കിന് വരുന്ന മറ്റു പൗരന്മാരോടൊപ്പം യങ്കൂണിലും മറ്റ് നഗരങ്ങളിലും നിശബ്ദ സമരം നടത്തിയത്.

രാവിലെ നടന്ന ദിവ്യബലിയിൽ അന്യായമായി തടവിലാക്കപ്പെട്ടവർക്കും, പീഡനങ്ങളിൽ നിന്ന് രക്ഷപെട്ടവർക്കും, ദുരിതപൂർണ്ണമായ  അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും, കുടുംബങ്ങളുമായി ബന്ധം നഷ്ടപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിച്ചു എന്ന് യങ്കൂണിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ഇടവകാംഗം ജോസഫ് കുങ് അറിയിച്ചു.  പട്ടാള അട്ടിമറി നടന്ന അന്നു മുതൽ ഇന്നുവരെ മരണമടഞ്ഞ നിഷ്കളങ്കരായവർക്കു വേണ്ടി പ്രാർത്ഥിച്ചതോടൊപ്പം യുദ്ധം അവസാനിക്കാനും, സമാധാനവും നീതിയും, അവകാശങ്ങളും, സുവിശേഷത്തിലെന്ന പോലെ മനുഷ്യാന്തസ്സ് മാനിക്കപ്പെടാനും വേണ്ടി പ്രാദേശിക സമൂഹം പ്രാർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു.

സൈനീക അട്ടിമറിയുടെ മൂന്നാമത് വാർഷികത്തിൽ 2020ലെ തിരഞ്ഞെടുപ്പിൽ ഉയർന്നു വന്നിരുന്ന പ്രത്യാശയെക്കുറിച്ചു ജനം അനുസ്മരിച്ചു. പുരോഗതിയെക്കുറിച്ചും സമാധാനത്തെക്കുറിച്ചും, മഹാമാരിയെ മറികടന്ന അവരുടെ രാജ്യത്തിന്റെ ഐക്യദാർഢ്യവും ഓർമ്മിച്ചു കൊണ്ടാണ് സ്വന്തം ജനങ്ങളെ ദ്രോഹിക്കുന്ന സൈന്യത്തിനെതിരായുള്ള നിശബ്ദ സമരം. ആ നിശബ്ദത വലിയ ശബ്ദമായി സൈന്യം കേൾക്കട്ടെ എന്നവർ പ്രത്യാശ പ്രകടിപ്പിച്ചു. ജൂബിലിയുടെ ഒരുക്കമായി പ്രാർത്ഥനയുടെ വർഷം ആചരിക്കാനുള്ള പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥന മ്യാന്മറിൽ ഒരു പ്രത്യേക രൂപമെടുത്തു. മ്യാന്മറിലെ കത്തോലിക്കർ തങ്ങളുടെ പ്രിയ രാജ്യത്തിൽ  സമാധാനത്തിനായുള്ള ഒരു തുടരഭ്യർത്ഥനയായി മാറ്റുകയാണ് ഈ പ്രാർത്ഥനാ വർഷം. ദൈവീക കരുണയുടെ “യേശു നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു, നിന്റെ ഹിതം നിറവേറട്ടെ” എന്ന പ്രാർത്ഥനയാണ് അവർ അതിനായി തിരഞ്ഞെടുത്തത്.

ഇതിനിടയിൽ പട്ടാളം അടിയന്തിരാവസ്ഥ വീണ്ടും ആറ്  മാസത്തേക്കു കൂടി നീട്ടിക്കൊണ്ടു പ്രഖ്യാപനമിറക്കിയതായി ഫീദെസ് ന്യൂസ് അറിയിച്ചു. 2021 ഫെബ്രുവരി ഒന്നു മുതൽ കഴിഞ്ഞ 3 വർഷം കൊണ്ട് രാജ്യത്തെ സാമൂഹിക സാഹചര്യം വളരെയധികം മാറി. തങ്ങളുടെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാൻ സമാധാനപരമായി നിരത്തിൽ ഇറങ്ങിയ ജനങ്ങളെ പട്ടാളം അടിച്ചമർത്തുകയായിരുന്നു. അവരുടെ സമരം പിന്നീടു സായുധ സമരത്തിലേക്ക് വഴിമാറുകയും രാജ്യത്തെ പ്രധാന തദ്ദേശീയ വിഭാഗമായ ബാമാർ യുവാക്കളുടെ നേതൃത്വത്തിൽ പീപ്പിൾസ് ഡിഫൻസ് ഫോർഴ്സ് (PDF) എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. ഇത് ഒരു ആഭ്യന്തര കലഹമായി രൂപാന്തരപ്പെടുകയും അതിന്റെ ഫലമായി 2.5 ദശലക്ഷം പേർ ഭവനരഹിതരായി മാറ്റി പാർപ്പിക്കേണ്ട മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അന്തർദ്ദേശിയ സംഘടനകൾക്ക് സഹായം നൽകുവാൻ അവിടെ അനുവാദവും ഇല്ല എന്നതും സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 February 2024, 14:15