കരുണ വാക്കുകളിൽ ഒതുങ്ങിപ്പോകരുത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒന്നാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ സംഭവിച്ചതിനേക്കാൾ മൂന്നിരട്ടി മരണങ്ങൾക്ക് കാരണമായ ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളെയാണ് ഇന്ന് ലോകം മുഴുവൻ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യ താത്പര്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന കലാപങ്ങൾക്കാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യ രാഷ്ട്രീയത്തിനപ്പുറം സ്വകാര്യ ആധിപത്യത്തിൻ്റെ വിപുലീകരണം സൃഷ്ടിച്ച സാമ്പത്തിക വൈരുധ്യങ്ങളും, കലാപങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വിസ്മൃതിയിലാഴ്ത്തപ്പെടുന്ന യുദ്ധങ്ങൾ, ലാറ്റിനമേരിക്കയിൽ നിലനിൽക്കുന്ന ആഭ്യന്തരകലാപങ്ങൾ, മധ്യപൂർവേഷ്യയിലും, യൂറോപ്പിലും നടക്കുന്ന ചേരിതിരിവുകളുടെ യുദ്ധങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട ഒരു കാലഘട്ടത്തിൽ, സമാധാനം അന്വേഷിച്ചുകൊണ്ട്, സ്വന്തം വീടും, നാടും ഉപേക്ഷിച്ചു ഇറങ്ങേണ്ടിവരുന്നവരുടെ സ്ഥിതി ഏറെ ദയനീയമാണ്. എന്നാൽ അവരെക്കുറിച്ചു ചിന്തിക്കുവാൻ, ബന്ധപ്പെട്ടവർ സമയം കണ്ടെത്തുന്നുണ്ടോ എന്നത്, സംശയാസ്പദമാണ്.
പാപ്പാമാരും സമാധാനപരിശ്രമങ്ങളും
യുദ്ധം ഉപയോഗശൂന്യമാണെന്നും, സമാധാനം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും, എല്ലാ രാജ്യങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പാപ്പായാണ് ഒൻപതാം പീയൂസ് പാപ്പാ. ഇതാണ്, അന്താരാഷ്ട്ര നിയമത്തെക്കുറിച്ചുള്ള പഠനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ സാഹചര്യത്തിൽ അന്താരാഷ്ട്ര മധ്യസ്ഥരെ ഉൾക്കൊള്ളിക്കുവാനും, അദ്ദേഹത്തിന്റെ കാലത്തു, കത്തോലിക്കരും, പ്രൊട്ടസ്റ്റൻ്റുകാരും ഒരുമിച്ച് റോമിൽ നടത്തിയ പരിശ്രമങ്ങൾ. തുടർന്ന് ഈ പരിശ്രമങ്ങൾ, ലിയോ പതിമൂന്നാമൻ പാപ്പായുടെ കാലത്ത്, രാഷ്ട്രീയ സമാധാനം എന്ന വിശാലമായ ആശയം നടപ്പിലാക്കുവാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ഈ കാലഘട്ടത്തിൽ പരിശുദ്ധ സിംഹാസനത്തിന് അന്താരാഷ്ട്ര രംഗത്ത് സമാധാന സ്ഥാപകരെന്ന നിലയിൽ വിശ്വാസ്യത ലഭിക്കാൻ തുടങ്ങിയത്. തുടർന്ന് 1917 ൽ യുദ്ധത്തിൽ ഏർപ്പെട്ടവർക്ക് ബെനഡിക്ട് പതിനഞ്ചാമൻ, ഉയർത്തിക്കൊണ്ടുവന്ന സമാധാന പദ്ധതികൾ വൻശക്തികൾ തടസ്സപ്പെടുത്തിയെങ്കിലും, നയതന്ത്ര മേഖലയിൽ അദ്ദേഹം സമാധാനത്തിന്റെ പാപ്പാ എന്ന് അറിയപ്പെടുന്നു. തുടർന്ന് പന്ത്രണ്ടാം പീയൂസ് പാപ്പാ, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ, പോൾ ആറാമൻ പാപ്പാ എന്നിങ്ങനെ വിവിധ പരിശുദ്ധ പിതാക്കന്മാർ, യുദ്ധത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ സമാധാനത്തിലേക്കുള്ള വഴിയിൽ ലോകജനതയെ നയിച്ചതിൽ പ്രധാന പങ്കുകൾ വഹിക്കുന്നു.
പോൾ ആറാമൻ പാപ്പാ, 1965-ൽ ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ സന്ദേശത്തിൽ മുഴങ്ങിക്കേട്ട വാചകം ഇതായിരുന്നു, "ഇനിയൊരിക്കലും ആരും യുദ്ധം ചെയ്യരുതേ." ഒരു പക്ഷെ ലോകമഹായുദ്ധങ്ങളുടെ ഭീകരത, തന്റെ ജീവിതത്തിൽ അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിൽ ഇനിയും ജനതയെ അനാഥരാക്കാതിരിക്കുവാനുള്ള പാപ്പായുടെ അഭ്യർത്ഥനയായിരുന്നു അത്. സമാധാനം ആത്മീയതയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹം എടുത്തു പറഞ്ഞത്. ഇതാണ് അദ്ദേഹത്തെ ലോക സമാധാന ദിനം ആഘോഷിക്കണമെന്നുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യൻ എന്ന നിലയിൽ ഈ സമാധാന ദിനത്തിൽ, പാപ്പാമാരുടെ സന്ദേശങ്ങൾ കത്തോലിക്കർക്ക് മാത്രമല്ല, ലോകത്തിലുള്ള എല്ലാവർക്കുമുള്ള ഒരു ക്ഷണമാണ്: സമാധാനത്തിനു വേണ്ടി ആഗ്രഹിക്കുവാനും, പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും. ജോൺ പോൾ രണ്ടാമൻ പാപ്പായും, തന്റെ ലോകരാജ്യങ്ങളിലേക്കുള്ള യാത്രകളിൽ ഉയർത്തിക്കാണിച്ചിരുന്നത്, മതങ്ങൾ തമ്മിലുള്ള സൗഹൃദവും, സമാധാനപ്രവർത്തനങ്ങളും ആയിരുന്നു എന്നതിന് കാലം തന്നെ സാക്ഷി.
തുടർന്ന് 2008 ഒക്ടോബർ 18-ന് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പായും, ‘എല്ലാവരെയും സംരക്ഷിക്കുവാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വം’ എന്ന ആശയം മുൻനിർത്തിക്കൊണ്ട്, സമാധാനം ഓരോ മേഖലകളിലും കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറഞ്ഞു. ശേഷം, ഫ്രാൻസിസ് പാപ്പായും സാമൂഹിക ചുറ്റുപാടുകളിൽ സമാധാനം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു പറയുന്നു. സമാധാനം എന്ന വിഷയത്തിൽ സഭയുടെ മഹത്തായ ദൗത്യത്തോട് ഫ്രാൻസിസ് പാപ്പാ ഒരു പ്രത്യേക ശ്രദ്ധ കാണിക്കുന്നുവെന്നതിന്റെ തെളിവാണ്, തന്റെ സന്ദേശങ്ങളിൽ അടിവരയിടുന്ന സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങൾ.
ഫ്രാൻസിസ് പാപ്പായുടെ സമാധാന ആഹ്വാനം
ഇപ്രകാരം ഫ്രാൻസിസ് പാപ്പാ കാലഘട്ടത്തിനു ഉതകും വിധം നൽകിയ സമാധാന സന്ദേശങ്ങളിൽ ഒന്നാണ്, 2018 നൽകിയ, അഭയാർത്ഥികളെയും, കുടിയേറ്റക്കാരെയും അവരുടെ സമാധാന അന്വേഷണത്തെയും കുറിച്ചുള്ളത്. "കുടിയേറ്റക്കാരും അഭയാർത്ഥികളും: സമാധാനം തേടിയുള്ള പുരുഷന്മാരും സ്ത്രീകളും", എന്നുള്ള ശീർഷകമാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിനു നൽകിയത്. സമാധാനം കൊതിക്കുന്ന സഹോദരിമാരെയും സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നതിനും സമന്വയിപ്പിക്കുന്നതിനുമുള്ള മൂർത്തമായ നടപടികളെ പിന്തുണയ്ക്കാനും പ്രത്യാശ പുലർത്താനും പാപ്പാ തന്റെ സന്ദേശത്തിലൂടെ എല്ലാവരെയും ക്ഷണിക്കുന്നു. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, നൈജീരിയ തുടങ്ങിയ സ്ഥലങ്ങളിൽ സായുധ സംഘട്ടനങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്യുന്ന അഭയാർത്ഥികളെയും, യുഎസ്-മെക്സിക്കോ അതിർത്തിയിൽ, ആയിരക്കണക്കിന് ദരിദ്രരായ മധ്യ അമേരിക്കക്കാരെയും മെക്സിക്കോക്കാരെയും യുഎസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയാനുള്ള പരിശ്രമങ്ങളെയും കാലഘട്ടം അടയാളപ്പെടുത്തിയ ഒരു സാഹചര്യത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ആഹ്വാന സന്ദേശം നാം വായിക്കുന്നത്. അന്ന്, ലോകത്തിലുണ്ടായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം 250 ദശലക്ഷത്തിലധികം ആയിരുന്നു. അവരിൽ 22.5 ദശലക്ഷം ആളുകൾ അഭയാർത്ഥികളും. സമാധാനത്തിനു വേണ്ടി ജീവൻ പണയപ്പെടുത്തിയവരുടെ നിലവിളിയാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.
കുടിയേറ്റക്കാരുടെ രോദനം
മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്കായി ഹൃദയം തുറന്നാൽ മാത്രം പോരാ എന്ന് നമുക്കറിയാം. നമ്മുടെ സഹോദരീസഹോദരന്മാർക്ക് വീണ്ടും ഒരു സുരക്ഷിത ഭവനത്തിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിന്, വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കരുണയല്ലാതെ, പ്രവൃത്തികളിൽ ഉൾച്ചേർക്കുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത്രയധികം അഭയാർത്ഥികൾ ? എന്ന ചോദ്യം ഒരുപക്ഷെ നാം ചോദിച്ചേക്കാം. യുദ്ധങ്ങൾ, സംഘർഷങ്ങൾ, വംശഹത്യകൾ, വംശീയ ഉന്മൂലനം എന്നിവയുടെ അനന്തരഫലങ്ങളിൽ അഭയാർത്ഥികളുടെ എണ്ണം വർദ്ധിച്ച കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ടെന്ന ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കണ്ടെത്തലുകൾ ഇന്നും ശരിവയ്ക്കുന്ന തരത്തിലാണ് പരിതഃസ്ഥിതികളെന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു. കൂടെ, മെച്ചപ്പെട്ട ജീവിതത്തിനായുള്ള ആഗ്രഹവും മറ്റു ഇടങ്ങളിലേക്ക്, ആഗ്രഹത്തിനെതിരായി ചേക്കേറുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.
കരുണയുടെ അടിസ്ഥാനം വിശ്വാസം
പാരിസ്ഥിതിക തകർച്ചയാൽ രൂക്ഷമായ ദാരിദ്ര്യത്തിൽ നിന്ന് പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ വർദ്ധനവും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കടന്നുചെല്ലുന്ന ദേശങ്ങളിൽ, നിലനിൽക്കുന്ന പൊതു അഭിപ്രായങ്ങൾ, അഭയാർഥികളുടെ നേരെ കണ്ണടക്കുന്നതിൽ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യവും പാപ്പാ മറച്ചുവയ്ക്കുന്നില്ല. മാനവികതയെ അവഗണിക്കുന്നു , ഒരുപക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി, സമാധാനം കെട്ടിപ്പടുക്കുന്നതിനുപകരം, അക്രമം, വംശീയ വിവേചനം, അന്യമതവിദ്വേഷം എന്നിവ മനുഷ്യമനസ്സുകളിൽ വിതയ്ക്കുന്നു. ഇവയെല്ലാം, ഇന്ന് വലിയ ഭീഷണികൾ ഉയർത്തുന്നു.
സമാധാനത്തിനുവേണ്ടി കടന്നുവരുന്ന ജനതയുടെ മേൽ സാഹോദര്യത്തിന്റെ അനുകമ്പയോടെ സ്വീകാര്യതയുടെ മധുരം നുകരുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. മറ്റുള്ളവരിൽ ദൈവത്തെ കാണുവാനുള്ള വിശ്വാസത്തിന്റെ ഒരു ദൃഷ്ടിയിലേക്കാണ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നത്.
അഭയാർത്ഥികളായി എത്തുന്നവരുടെ കഴിവുകളെയും, താത്പര്യങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട്, അവയെ വേണ്ടവിധം ഉപയോഗപ്പെടുത്തി, സഹായിക്കുകയാണെങ്കിൽ, സ്വീകരിക്കുന്ന രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പാപ്പാ അഭിപ്രായപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ നന്മകളെ തിരിച്ചറിയുവാനുള്ള യേശുവിന്റെ ആഹ്വാനം തന്നെയാണ് ഫ്രാൻസിസ് പാപ്പായും ഇവിടെ പുതുക്കുന്നത്. ഇവിടെ പാപ്പാ നൽകുന്ന നാല് പ്രവർത്തന മാർഗ്ഗങ്ങൾ പാപ്പാ നൽകുന്നുണ്ട്.
സ്വീകാര്യത
ഒന്ന്, സ്വീകരിക്കുക എന്നുള്ളതാണ്. ഇത് അഭയാർത്ഥികൾക്ക് നിയമപരമായ പ്രവേശനത്തിനുള്ള സാധ്യതകൾ വിപുലീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു. അവരെ പീഡനവും അക്രമവും കാത്തിരിക്കുന്ന സ്ഥലങ്ങളിലേക്ക് തള്ളിക്കളയരുതെന്നുള്ള അഭ്യർത്ഥനയാണ് ഫ്രാൻസിസ് പാപ്പാ നൽകുന്നത്.
സംരക്ഷണം
രണ്ട്, സംരക്ഷിക്കുക എന്നതാണ്. അഭയവും സുരക്ഷിതത്വവും തേടി യഥാർത്ഥ അപകടത്തിൽ നിന്ന് പലായനം ചെയ്യുന്നവരുടെ അലംഘനീയമായ അന്തസ്സ് തിരിച്ചറിയാനും സംരക്ഷിക്കാനുമുള്ള സമൂഹത്തിന്റെ കടമയാണ് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞുകൊണ്ട് കൈകഴുകുവാൻ ആർക്കും ധാർമ്മികമായി സാധിക്കുകയില്ല എന്ന വസ്തുത പാപ്പാ അടിവരയിട്ടു പറയുന്നു.
പിന്തുണ
മൂന്ന്, പിന്തുണയ്ക്കുക എന്നുള്ളതാണ്. സുവിശേഷത്തിൽ, നല്ല സമരിയക്കാരനെ പോലെ, വീണുകിടക്കുന്നവന്റെ ജീവിതത്തിനും, ജീവനും മേൽ തുടർന്നും കാണിക്കുന്ന ഒരു പിന്തുണയാണ് ഫ്രാൻസിസ് പാപ്പാ അടിവരയിടുന്നത്. അവരുടെ സമഗ്രമായ മനുഷ്യവികസനത്തെ പിന്തുണയ്ക്കുക എന്നും ഇതിനർത്ഥമുണ്ട്.
സംയോജനം
നാലാമത് ഫ്രാൻസിസ് പാപ്പാ വയ്ക്കുന്ന നിർദേശം സംയോജനത്തിന്റേതാണ്. സമൂഹ ജീവിതത്തിൽ പരിപൂർണ്ണമായി ഉൾച്ചേരുവാൻ അവരെ അനുവദിക്കുക, മതിലുകൾ പണിയാതെ പാലങ്ങൾ നിർമ്മിക്കുക എന്ന പാപ്പായുടെ ആശയങ്ങൾ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഈ നിർദേശം. ഇവയ്ക്കെല്ലാം പാപ്പാ ആവശ്യപ്പെടുന്ന രണ്ടു കാര്യങ്ങൾ സന്ദേശത്തിൽ എടുത്തു പറയുന്നുണ്ട്: സംഭാഷണവും, ഏകോപനവും. ഇത് എല്ലാവരുടെയും കടമയാണെന്നുള്ള കാര്യവും പാപ്പാ എടുത്തു പറയുന്നുണ്ട്.
ഇതിൽ സഭയ്ക്കുള്ള ധർമ്മികമായ ഉത്തരവാദിത്വവും പാപ്പാ അടിവരയിട്ടു പറയുന്നു. "സമാധാനമുള്ള ഒരു ലോകം" എന്ന "സ്വപ്നം" യാഥാർഥ്യമാക്കുവാൻ, സഭ മുന്നിട്ടിറങ്ങണമെന്നും പാപ്പാ പറയുന്നു. ഇപ്രകാരം വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കാത്ത, പൊതുഭവനം സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കുമെന്നും ഉപസംഹാരമായി പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: