കൊറിയയുടെ അതിർത്തി കൊറിയയുടെ അതിർത്തി  

ഉത്തരകൊറിയയിൽ ക്രൈസ്തവജീവിതം അപകടത്തിൽ

സ്വേച്ഛാധിപത്യ രാജ്യമായ ഉത്തരകൊറിയയിൽ, ക്രൈസ്തവവിശ്വാസികളുടെ ജീവൻ ഏറെ അപകടത്തിലാണെന്ന് മിഷനറിയായ ഫാ. ഫിലിപ്പ് ബ്ലോട്ട് വത്തിക്കാൻ മാധ്യമത്തിനനുവദിച്ച അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു.

വത്തിക്കാൻ ന്യൂസ്

'ക്ലേശിതസഭയ്ക്കുള്ള സഹായം' എന്ന സംഘടന വർഷംതോറും നടത്തുന്ന നിരീക്ഷണ പഠനങ്ങൾ പ്രകാരം, ലോകത്തിലെ ക്രിസ്ത്യാനികൾക്ക്  ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ എന്ന് വിലയിരുത്തപ്പെട്ടു. ദൈവത്തിനു പകരം സ്വേച്ഛാധിപതികളായ ഭരണാധികാരികളെ അവരോധിച്ചതും, അവരെ മാത്രം ആരാധിക്കുവാൻ ആളുകളെ നിർബന്ധിച്ചതും, നിരവധി ആളുകളെ രാജ്യം വിട്ടു പുറത്തേക്ക് പോകുവാൻ നിർബന്ധിതരാക്കിയെന്നും പഠന റിപ്പോർട്ടിൽ പറയുന്നതായി ഫാ. ബ്ലോട്ട് പങ്കുവച്ചു. 1953-ൽ രാജ്യം രണ്ടായി പിളർന്നപ്പോൾ, അവിടെയുണ്ടായിരുന്ന എല്ലാ പുരോഹിതന്മാരെയും സന്യാസികളെയും കൂട്ടക്കൊല ചെയ്ത അനുഭവങ്ങളും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്ത് ദേവാലയം ഉണ്ടെന്നു പറയപ്പെടുന്നുവെങ്കിലും,  വിശുദ്ധ ബലി  അർപ്പിക്കുന്നതിനോ, പ്രാർത്ഥനകൾ  നടത്തുന്നതിനോ, അനുവാദവും അവസരവും ഇല്ല എന്നതാണ് പരമാർത്ഥമെന്നും ഫാ. ബ്ലോട്ട് ചൂണ്ടിക്കാട്ടി. ദരിദ്രരോടും, തൊഴിലാളികളോടുമുള്ള കത്തോലിക്കാ സഭയുടെ പ്രത്യേക ആർദ്രതയും, കരുതലും ഉത്തരകൊറിയൻ സർക്കാരുകളെ ഏറെ പ്രകോപിപ്പിക്കുന്നുണ്ടെന്നു പറഞ്ഞ പാപ്പാ, ഇന്ന് ഉത്തരകൊറിയയിൽ സ്വാതന്ത്ര്യമില്ലാതെ അടിമകളായി ജീവിക്കുന്ന നിരവധി ആളുകളുണ്ടെന്നും പറഞ്ഞു. ക്രിസ്ത്യാനികൾക്കെതിരെ ഇപ്പോഴത്തെ ഭരണാധികാരിയും ഏറെ പീഡന മുറകൾ കൈക്കൊണ്ടിട്ടുണ്ടെന്നും, കൂട്ടക്കുരുതികൾ ഇന്നും ആ രാജ്യത്ത് നടക്കുന്നുണ്ടെന്നും ഫാ. ബ്ലോട്ട് പറഞ്ഞു.

കോവിഡ് കാലഘട്ടത്തിൽ ചൈനയിൽ പോയി, തിരികെ വന്നവരിൽ ചിലർ വിശുദ്ധ ഗ്രന്ഥം കൈവശം വച്ചതിന്റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടിവന്നതിന്റെയും ചരിത്രവും അദ്ദേഹം ഹൃദയവ്യഥയോടെ പങ്കുവച്ചു. ക്രൈസ്തവർ പലപ്പോഴും ഭൂമിക്കടിയിലുള്ള അറകളിൽ നിരവധി ദിവസങ്ങൾ തങ്ങേണ്ടുന്ന സ്ഥിതിവിശേഷവും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2024, 13:14