നിയുക്തകർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം നിയുക്തകർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം 

നിയുക്തകർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ആർച്ച്ബിഷപ്പായി അഭിഷിക്തനായി

ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ. റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ആർച്ച്ബിഷപ് കൂവക്കാട് ഡിസംബർ ഏഴാം തീയതി കർദ്ദിനാളായി ഉയർത്തപ്പെടും.

വത്തിക്കാൻ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ സംഘാടകനും, കൽദായ സഭയുടെ നിസിബിസ് രൂപതയുടെ സ്ഥാനികമെത്രാനും, നിയുക്ത കർദ്ദിനാളുമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാട്, ഇന്ന്, നവംബർ 24 ഞായറാഴ്ച, തന്റെ മാതൃ അതിരൂപതയായ ചങ്ങനാശേരിയിലെ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.

മെത്രാഭിഷേക ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ പൊതുകാര്യങ്ങൾക്കുള്ള ചുമതല വഹിക്കുന്ന, ആർച്ച്ബിഷപ് എഡ്ഗാർ പെഞ്ഞ പാറ എന്നിവർ സഹകാർമികരായി. തദവസരത്തിൽ, സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പ്, കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമീസ് വചന സന്ദേശം നൽകി. ഫ്രാൻസിസ് പാപ്പയുടെ യാത്രകളുടെ സംഘാടകസമിതിയിലെ ചില അംഗങ്ങളും, ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങുകൾക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ, ആർച്ച്ബിഷപ് എഡ്ഗാർ പെഞ്ഞ പാറ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെയും പേരിൽ, നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിനു ആശംസകൾ നേരുകയും, ഈ അനുഗ്രഹപ്രദമായ നിമിഷങ്ങളിൽ തങ്ങൾക്കുള്ള സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. ഇരുപതുവർഷത്തോളം, പരിശുദ്ധ സിംഹാസനത്തിനുവേണ്ടി വേണ്ടി നിസ്തുലമായ സേവനങ്ങൾ ചെയ്ത വ്യക്തിയാണ് നവാഭിഷിക്തനായ മാർ. ജോർജ് കൂവക്കാട് എന്നുള്ളത്, ആർച്ച്ബിഷപ് പെഞ്ഞ പാറ എടുത്തു പറഞ്ഞു.

ഭാരതസഭയുടെ വിശ്വാസപൈതൃകത്തിന്റെയും, നന്മയുടെയും പാരമ്പര്യത്തിന്, ആഗോള സഭ നൽകുന്ന അംഗീകാരമാണ്, ഡിസംബർ മാസം ഏഴാം തീയതി, നടക്കുന്ന മാർ. കൂവക്കാടിന്റെ കർദിനാൾ പദവിയെന്നും, ആർച്ച്ബിഷപ് പെഞ്ഞ പാറ പറഞ്ഞു.

1973 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി, ഇന്ത്യയിലെ കേരളത്തിൽ ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺസിഞ്ഞോർ ജോർജ് ജനിച്ചത്. 2004 ജൂലൈ 20-ന് ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് കാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം, 2006 ജൂലൈ 1-ന് പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നൂൺഷ്യേച്ചറുകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. 2020 ജൂലൈ 10 മുതൽ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ പൊതുകാര്യവിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരവേ 2021-ൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ, തന്റെ വിദേശയാത്രയുടെ സംഘാടകച്ചുമതല ഏൽപ്പിക്കുകയായിരുന്നു.

മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനു മുൻപ് ഇതേ തസ്തികകൾ വഹിച്ച മറ്റു രണ്ടുപേരെയും കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ  പാപ്പായുടെ യാത്രകളുടെ സംഘാടകനും, വത്തിക്കാൻ റേഡിയോയുടെ ഡയറക്ടറുമായിരുന്ന ഈശോ സഭാ വൈദികൻ  റോബെർത്തോ തൂച്ചി 2001-ൽ കർദ്ദിനാൾ പദവിയിലേക്കുയർത്തപ്പെട്ടിട്ടുണ്ട്. മറ്റൊരാൾ പോൾ ആറാമൻ പാപ്പായ്ക്ക് വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം സാധ്യമാക്കിയ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ വൈദികനായിരുന്ന ഫ്രഞ്ച് വംശജൻ മോൺസിഞ്ഞോർ ജാക്ക്വേസ് മാർട്ടിനാണ്. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2024, 13:00