എളിമയുള്ള സന്ദേശവാഹകനായിരുന്നു ഫ്രാൻസിസ് സേവ്യർ: കർദ്ദിനാൾ താഗ്ലെ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദൈവികസന്ദേശത്തിന്റെ യഥാർത്ഥ വാഹകർ സ്വയം ഉയർത്തിക്കാട്ടാനോ, സ്വന്തം ആശയങ്ങൾ പരസ്യപ്പെടുത്താനോ അല്ല, അയക്കപ്പെട്ടവന്റെ സന്ദേശം എളിമയോടെ പ്രഘോഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അത്തരമൊരു പ്രഘോഷണത്തിന്റെ മാതൃകയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ജീവിതമെന്നും സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ഗോകിം താഗ്ലെ. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ പരസ്യമായി പ്രദർശിപ്പിക്കുന്ന ഈ വർഷത്തിൽ, അദ്ദേഹത്തിന്റെ തിരുനാളാഘോഷത്തിന് പ്രത്യേകമായ ഒരർത്ഥം കൈവരുന്നുണ്ടെന്ന് കർദ്ദിനാൾ താഗ്ലെ, ഡിസംബർ മൂന്ന് ചൊവ്വാഴ്ച ഗോവയിലെ കത്തീഡ്രൽ ദേവാലയത്തിലർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ പ്രസ്താവിച്ചു. വിശുദ്ധന്റെ തിരുശേഷിപ്പുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മളും സുവിശേഷത്തിന്റെ സന്ദേശവാഹകരാണെന്നുള്ളതാണെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.
മറ്റൊരാളുടെ സന്ദേശം വഹിക്കുന്നവനാണ് സന്ദേശവാഹകനെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ താഗ്ലെ, വിശുദ്ധ ഗ്രന്ഥത്തിലും മാലാഖമാരെയും, പ്രവാചകരെയും, അപ്പസ്തോലന്മാരെയും പോലെയുള്ള തിളങ്ങുന്ന ദൈവത്തിന്റെ സന്ദേശവാഹകരെ നമുക്ക് കണ്ടുമുട്ടാൻ സാധിക്കുമെന്ന് പറഞ്ഞു. യേശുവും, ഇതേ മാതൃകയിൽ, പിതാവിന്റെ ഉന്നതനായ സന്ദേശവാഹകനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധഗ്രന്ഥത്തിലെ ജെറെമിയയുടെയും പൗലോസ് അപ്പസ്തോലന്റെയും ഉദാഹരണങ്ങൾ കാട്ടി, വിശുദ്ധഗ്രന്ഥത്തിലെ സന്ദേശവാഹകാർ, മറ്റുള്ളവരിലേക്കും വിവിധ ദേശങ്ങളിലേക്കും ദൈവവികസന്ദേശം എത്തിക്കാനായി വിളിക്കപ്പെട്ടവരായിരുന്നുവെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി പ്രൊ പ്രീഫെക്ട് അനുസ്മരിച്ചു.
അതേസമയം, നമ്മൾ ജീവിക്കുന്ന ഇക്കാലത്ത്, കള്ളപ്രവാചകന്മാരും നിലനിൽക്കുന്നുണ്ടെന്നും, ദൈവങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർ, സമൂഹത്തിന് നാശനഷ്ടങ്ങളാണ് കൊണ്ടുവരികയെന്നും കർദ്ദിനാൾ താഗ്ലെ ഓർമ്മിപ്പിച്ചു. തങ്ങൾ മറ്റുള്ളവരെക്കാൾ ഉയർന്നവരാണെന്ന ചിന്തയാലും, അത്യാഗ്രഹം, വിവേചനം, അനീതി, നിസ്സംഗത, അക്രമം തുടങ്ങിയവയാലുമാണ് അവർ നയിക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്പസ്തോലന്മാരും പ്രവാചകരും വഴി അറിയിക്കപ്പെട്ട ക്രിസ്തുരഹസ്യമാണ് സുവിശേഷമെന്ന് ഉദ്‌ബോധിപ്പിച്ച കർദ്ദിനാൾ താഗ്ലെ, പരിശുദ്ധാത്മാവിൽ, യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം തന്റെ രാജ്യം നമുക്കായി മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ഇവിടെ നാം കാണുന്നതെന്ന് ഓർമ്മിപ്പിച്ചു. സുവിശേഷം എന്നത് അർത്ഥമില്ലാത്ത ഒരു വാഗ്ദാനമോ, യാഥാർത്ഥ്യമാക്കാൻ കഴിയാത്ത ഒരു സ്വപ്നമോ അല്ലെന്നും, അത് യേശു തന്നെയാണെന്നും പറഞ്ഞ കർദ്ദിനാൾ, അവന്റെ സന്ദേശവാഹകരാകാൻ യേശു നമ്മെയും വിളിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഈയൊരു പശ്ചാത്തലത്തിൽ, എപ്രകരമായിരിക്കണം ഒരു യഥാർത്ഥ സന്ദേശവാഹകനെന്ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിൽനിന്നും നമുക്ക് പഠിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള, മറ്റൊരാൾക്ക് പകരമായി വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ ഇന്ത്യയിലേക്കയച്ചതിനെ പരാമർശിച്ചുകൊണ്ട്, എളിമയോടെ ദൈവത്തിന്റെ തെരഞ്ഞെടുപ്പിനായി കാത്തിരിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചു.
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളുമായി ബന്ധപ്പെട്ട്, വിശുദ്ധന്റെ ഭൗതികശരീരമടങ്ങുന്ന വെള്ളിയിൽ തീർത്ത പേടകം ഗോവയിലെ ബോം ജീസസ് ബസലിക്കയിൽനിന്ന് പത്തുവർഷത്തിലൊരിക്കൽ മാത്രം അവിടെയുള്ള കത്തീഡ്രൽ ദേവാലയത്തിലെത്തിക്കുന്നതിനെത്തുടർന്ന്, ഈ വർഷം ഗോവ കത്തീഡ്രൽ ദേവാലയത്തിൽ അവസരത്തിൽ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് ഇഗ്‌നേഷ്യസ് ലയോളയുടെ നിർദ്ദേശപ്രകാരം ഗോവയിലെത്തി അനേകായിരങ്ങൾക്ക് രക്ഷയുടെ മാർഗ്ഗം കാണിച്ചുകൊടുത്ത വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ജീവിതത്തെക്കുറിച്ച് കർദ്ദിനാൾ താഗ്ലെ സംസാരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: