വെനെസ്വേലയിൽ നിന്നും വെനെസ്വേലയിൽ നിന്നും   (AFP or licensors)

ഹൃദയം: ദൈവസ്നേഹത്തിൻ്റെ സ്പന്ദനവും ഉറവിടവും

ഫ്രാൻസിസ് പാപ്പായുടെ ദിലേക്‌സിത് നോസ് എന്ന ചാക്രികലേഖനം ഓരോ വ്യക്തിക്കും ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ദൈവജനത്തിലേക്ക് ഹൃദയം എങ്ങനെ തുറക്കാമെന്നും തിരുഹൃദയത്തിൻ്റെ പ്രാധാന്യം എന്തെന്നും ഫ്രാൻസിസ് പാപ്പാ ഈ രേഖയിൽ ഉയർത്തി കാട്ടുന്നു.

സിസ്റ്റർ റോസ് മരിയ തെങ്ങനാംപ്ലാക്കൽ

ഓരോ വ്യക്തിയും പ്രധാനമായും  മനസിലാക്കേണ്ടതും, ഊന്നൽ നൽകേണ്ടതുമായ ഒരു വിഷയമാണ് അവന്റെ ഹൃദയത്തിൻ്റെ അർത്ഥവും അതിൽ അടങ്ങിയിരിക്കുന്ന വ്യാപ്‌തിയും. ഹൃദയം ദൈവസ്നേഹത്താൽ ജ്വലിക്കുമ്പോഴാണ്, സ്നേഹത്തിൻ്റെ ഉറവിടമായി മാറുന്നത്‌. മറ്റുള്ളവരെ ദൈവമക്കളായി കാണാനും, ഹൃദയം കൊണ്ട് സ്നേഹിക്കാനും, സ്‌നേഹത്തിൻ്റെ ഭാഷയിൽ കേൾക്കാനും നമുക്ക്സാധിക്കണം. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, ഈശോയുടെ തിരുഹൃദയത്തെകുറിച്ച് ധ്യാനിച്ചുകൊണ്ട് പുറത്തിറക്കിയ ചാക്രികലേഖനത്തിൽ, ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്ന സ്നേഹത്തെക്കുറിച്ച്, ജനത്തെ ഉദ്ബോധിപ്പിക്കുന്നുണ്ട്.

ദിലേക്‌സിത് നോസ്-അവൻ നമ്മെ സ്നേഹിച്ചു, എന്ന  പുതിയ  ചാക്രികലേഖനത്തിൽ പാപ്പാ  പറയുന്നതുപോലെ, ഹൃദയത്തിന്റെ ഭാഷയെ നാം വിലകുറച്ച് കണ്ടാൽ, ഹൃദ്യമായ ഭാഷണത്തെ നാം വിലമതിക്കുന്നില്ല എന്നാണർത്ഥം. ഹൃദയത്തിൽ നിന്ന് ഉയിർകൊള്ളുന്ന പ്രവ്യത്തികൾ ഒരേസമയം തന്നെ പരിപോഷിപ്പിക്കുന്നതും സൗഖ്യമാക്കുന്നതുമാണ്. ഹൃദയത്തിന്റെ ഈ സവിശേഷതയെ നാം അവഗണിച്ചാൽ, നമ്മുടെ ബുദ്ധികൊണ്ട് മാത്രം പകർന്നുകൊടുക്കാൻ കഴിയാത്തതും, ഹൃദ്യവും, അതിസമ്പന്നവുമായ ഇടപെടലുകൾ നമുക്ക് നഷ്ടമാകും. അങ്ങനെ ജീവിതത്തിന്റെ കാവ്യാത്മകതയും, ചരിത്രത്തിന്റെ ചുവടുപിടിച്ചുകൊണ്ട് വളർത്തിയെടുത്ത ഭൂതകാലവും നമ്മെ കൈവിട്ടു പോകും. എന്തെന്നാൽ ഓരോരുത്തരുടെയും തനതും, യഥാർത്ഥവുമായ ചരിത്രനിർമ്മിതി അത്രമേൽ ഹൃദയഹാരിയാണ്. നമ്മുടെ ജീവിത സായാഹ്നത്തിൽ ഈ സത്ത മാത്രമേ നിലനിൽക്കൂ (ദിലേക്‌സിത് നോസ്, 11).

ജിവിതം മാറിയുലയുന്ന അവസരങ്ങളിൽ, ദൈവസ്നേഹത്തിൻ്റെ വ്യാപ്‌തി മനസ്സിലാക്കാനും, മറ്റുള്ളവരെ ഹൃദയം കൊണ്ട്  സ്നേഹിക്കാനും,  അവരെ മനസ്സിലാക്കാനും കഴിയുമ്പോഴാണ് ദൈവസ്നേഹത്തിൻ്റെ യഥാർത്ഥ ഉറവിടം, ദൈവ  കരുണയും, സ്നേഹവുമാണെന്ന്  കാണാൻ സാധിക്കുന്നത്. ഓരോ മനുഷ്യനും ദൈവസ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ്. നമ്മുടെ അസ്തിത്വത്തിന്റെ  അഗാധതയിൽ   സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും അതിനിടയാക്കി (no:21).

ഒരു വ്യക്തി തന്നോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണ് എനിക്ക് ഹൃദയമുണ്ടോയെന്നത്.    ഈ ചോദ്യത്തിനു ഉത്തരവും നാംതന്നെ കണ്ടെത്തേണ്ട ഒരു കാലഘട്ടത്തിലാണ്  നാം  ഇന്ന് ജീവിക്കുന്നതും. ഹൃദയം, ഇന്ന് ലോകത്തിന്റെ ഏറ്റവും ജനപ്രിയ ചിഹ്നമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ കാണാനോ, സ്പർശിക്കാനോ കഴിയില്ല, കാരണം അവ ഹൃദയം കൊണ്ട് അനുഭവിക്കുകതന്നെ വേണം, പ്രശസ്ത അമേരിക്കൻ എഴുത്തുകാരി, ഹെലൻ കെല്ലർ, തന്റെ ജീവിതം കൊണ്ട് സ്ഥിതീകരിച്ചതുപോലെ, “ഹൃദയം മനുഷ്യസ്നേഹത്തിൻ്റെ മികച്ചതും, ആഴമേറിയതുമായ പ്രകടനമാണ്”. എല്ലാ നന്മകളും ഉറവയെടുക്കുകയും, വസിക്കുകയും ചെയ്യുന്ന, മനുഷ്യശരീരത്തിലെ ഏറ്റവും സുപ്രധാനവും, അതിലോലവുമായ അവയവമാണ് ഹൃദയമെന്ന് അറിയാമെങ്കിലും നാം മനസ്സിലാക്കേണ്ട ശ്രദ്ധേയമായ യാഥാർത്ഥ്യം ആത്മീയ ഹൃദയമാണ്  ‘മനുഷ്യത്വത്തിൻ്റെ’ കേന്ദ്രമെന്നതാണ്. കൂടാതെ എല്ലാ മനുഷ്യവികാരങ്ങളുടെയും ബൗദ്ധികവും ആത്മീയവുമായ കഴിവുകളുടെയും ഉറവിടമാണ് ഹൃദയം. ഹൃദയംകൊണ്ട് സംസാരിക്കുക എന്നതാണ് ഇന്നത്തെ ലോകത്തിലെ ഒരു വലിയ മരുന്ന്.

യേശു, തൻ്റെ സ്നേഹത്തിന്റെ പാഠം പലതരത്തിൽ, പലയിടങ്ങളിൽ വെളിപ്പെടുത്തി. സുവിശേഷഭാഗങ്ങളിൽ നാം വായിക്കുന്നതുപോലെ അതിരുകളില്ലാതെ നമ്മെ സ്നേഹിക്കുന്ന അവിടുത്തെ സ്നേഹം, തന്റെ അവസാന രക്തതുള്ളിപോലും നമുക്ക് നൽകാൻ അവനെ പ്രേരിപ്പിച്ചു. അങ്ങനെ, പാപത്തിൽ നിന്നുപോലും നമ്മെ വീണ്ടെടുത്ത്, കുരിശിൽ കിടന്നുകൊണ്ടുപോലും അവിടുന്ന് പ്രാർത്ഥിച്ചു, “പിതാവേ ഇവരോട് ക്ഷമിക്കണമേ.” അങ്ങനെ, തന്റെ ജീവിതത്തിലൂടെ സ്നേഹിക്കാൻ, ക്ഷമിക്കാൻ അവിടുന്ന് നമ്മെ പഠിപ്പിച്ചു. വിശുദ്ധ അഗസ്റ്റിൻ പറയുന്നത് ഇപ്രകാരമാണ്,

“നിങ്ങൾ നിശബ്ദനാകുന്നെങ്കിൽ, സ്നേഹത്തിനായി നിശബ്ദത പാലിക്കുക.

നിങ്ങൾ സംസാരിക്കുകയാണെങ്കിൽ, സ്നേഹത്തിനായി സംസാരിക്കുക.

നിങ്ങൾ ശരിയാണെങ്കിൽ, സ്നേഹത്തിനുവേണ്ടി ശരിയാവുക. 

നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ, സ്നേഹത്തിനുവേണ്ടി ക്ഷമിക്കുക.

സ്നേഹത്തിൻ്റെ വേരുകൾ എപ്പോഴും നിങ്ങളിൽ ഉണ്ടായിരിക്കട്ടെ,

കാരണം, ഈ സ്നേഹത്തിൻ്റെ വേരിൽനിന്ന് സ്നേഹം മാത്രമേ ഉണ്ടാകൂ.

സ്നേഹിക്കുക, നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യുക.”

ഉപഭോക്തൃ സംസ്കാരത്തിന്റെ ഈ കാലഘട്ടത്തിൽ, സ്നേഹത്തിന് വില നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ  അവസരത്തിൽ ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം ഉചിതവും ദൈവസ്നേഹത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുന്നതുമാണ്. മാർപാപ്പ പറയുന്നതുപോലെ, "ക്രിസ്തുവിൻ്റെ സ്നേഹത്തിനു മാത്രമേ നമ്മുടെ ലോകത്തിന് ഒരു ഹൃദയം നൽകാനും, സ്നേഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് നാം ചിന്തിക്കുന്നടെത്തെല്ലാം സ്നേഹത്തെ പുനർജീവിപ്പിക്കുവാനും കഴിയൂ"(no. 217). നമ്മൾ വളരുന്നതും, ജീവിക്കുന്നതും സമയമില്ലാത്ത ഒരു ലോകത്താണ്. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ, അവരെ അറിയുവാനോ, ആഗ്രഹം നഷ്ടപ്പെടുന്ന ഈ ലോകത്ത് എന്തെല്ലാമായിരിക്കാം ഇതിനു നമ്മെ പ്രേരിപ്പിക്കുന്നത്? നാം മറ്റുള്ളവരോട് കരുണയും, അനുകമ്പയും കാണിക്കേണ്ട വ്യക്തികളല്ലേ.? എന്താണ് നമ്മെ തടസ്സപ്പെടുത്തുന്നത്? അത് നമ്മുടെ തണുത്ത ഹൃദയങ്ങളാണോ? ആർദ്രതയും, സ്നേഹവും നിറഞ്ഞതാണോ നമ്മുടെ ഹൃദയങ്ങൾ? യേശു എല്ലാവരേയും കരുണയോടെയും, അനുകമ്പയോടെയും നോക്കി. അവൻ്റെ ഹൃദയം മറ്റുള്ളവർക്കുവേണ്ടി ജ്വലിക്കുന്ന ഹൃദയമാണ്. നാം അവൻ്റെ സ്നേഹത്തിൻ്റെ ഓഹരികളല്ലേ? ഫിലിപ്പിയർക്കുള്ള ലേഖനം 2:7 ൽ പറയുന്നതുപോലെ, “തന്നെത്തന്നെ ശൂന്യനാക്കികൊണ്ടു അവൻ ദാസന്റെ രൂപം സ്വീകരിച്ചു. മനുഷ്യരുടെ സാദൃശത്തിൽ ആയിത്തീർന്നു.” സ്വയം മറ്റുളവർക്കുവേണ്ടി ഇല്ലാതായിതീരുമ്പോഴാണ്, അവിടുത്തെ സ്നേഹം പങ്കുവെക്കുവാനായി നമുക്ക് സാധിക്കുന്നത്. നമ്മുടെ ബുദ്ധിക്ക് ചിന്തിക്കാൻ പറ്റുന്നതിനേക്കാൾ അതീതമായിരിക്കണം, ഹൃദയത്തിൽനിന്നുള്ള സ്‌നേഹവും, കരുതലും.

മാർപാപ്പയുടെ ഈ ചാക്രികലേഖനം ഓരോ വ്യക്തിക്കും ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ദൈവജനത്തിലേക്ക് ഹൃദയം എങ്ങനെ തുറക്കാമെന്നുo, തിരുഹൃദയത്തിൻ്റെ പ്രാധാന്യം എന്തെന്നും ഫ്രാൻസിസ് പാപ്പാ ഉയർത്തി കാട്ടുന്നു. അനുദിനം ജീർണിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സ്നേഹത്തിതൻ്റെയും, അനുകമ്പയുടെയും ഒരു ലോകം കെട്ടിപ്പടുത്തുവാനും, മനുഷ്യഹൃദയങ്ങളിൽ സ്നേഹത്തിൻ്റെ ഊന്നൽ നൽകികൊണ്ട് മാറ്റത്തിൻ്റെ വക്താക്കളാകാനും ഓരോ വ്യക്തിയെയും ഫ്രാൻസിസ് പാപ്പാ ക്ഷണിക്കുന്നു. ഓരോ വ്യക്തിയുടെയും ജീവിതം ദൈവസ്നേഹത്തിന്റെ ഉറവിടവും അതു മനസിലാക്കാൻ കഴിയുന്ന ക്രിസ്തുസ്നേഹത്തിൻ്റെ സാക്ഷാത്കാരവുമായിരിക്കണം. നമ്മുടെ ചിന്തകളും, മറ്റുള്ളവരുമായുള്ള ആശയവിനിമയങ്ങളും, ശുദ്ധമായ ഹൃദയത്തോടെ ആയിരിക്കണം, അപ്പോൾ മാത്രമേ, നമ്മുടെ ശ്രവണം, ഹൃദയത്തിന്റെ ശ്രവണമാകു.  Fratelli tutti- നാം സോദരർ, തന്റെ ചാക്രികലേഖനത്തിൽ. ഫ്രാൻസിസ് പാപ്പാ, ഇങ്ങനെ വിശദീകരിക്കുന്നുണ്ട് "അസ്സിസിയിലെ വിശുദ്ധ ഫ്രാൻസിസ് തൻ്റെ സഹോദരങ്ങളേയും, സഹോദരീമാരേയും അഭിസംബോധന ചെയുകയും, സുവിശേഷത്തിൽ വേരൂന്നിയ ഒരു ജീവിത രീതി അവരോടു നിർേദശിക്കുകയും ചെയ്തു. ഫ്രാൻസിസ് നൽകിയ ഉപദേശങ്ങളിൽ, ഭുമി ശാസ്ത്രത്തിന്റെയും, ദുരത്തിൻ്റെയും വേലിക്കെട്ടുകളെ മറികടക്കുന്ന ഒരു  സ്നേഹത്തിനായി അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.  വിശുദ്ധ ഫ്രാൻസിസ് തൻ്റെ ലളിതമായ രിതിയിൽ, ഓരോ വ്യക്തിയും എവിടെയാണ് ജനിച്ചതെന്നോ, ജീവിക്കുന്നതെന്നോ, പരിഗണിക്കാതെ അവരുടെ ശാരീരിക സാമിപ്യം കണക്കിലെടുക്കാതെ, സ്നേഹിക്കാനും നമ്മെ അനുവദിക്കുന്ന ഒരു സാഹോദര്യത്തിന്റെ  മനസ്സ് പ്രകടിപ്പിച്ചു. വിശുദ്ധ ഫ്രാൻസിസ് തൻ്റെ ഹൃദയവിശാലത  കാണിച്ചു, അത്  അതിരുകളില്ലാത്തതും, ദേശീയതയുടെയും വർണമത വ്യത്യാസങ്ങളുടെയും വ്വ്യത്യസ്തതകൾക്കപ്പുറവുമാണ്.  കോറിന്തോസുകാർക്ക് എഴുതപ്പെട്ട ഒന്നാം ലേഖനത്തിന്റെ പതിമൂന്നാം അധ്യായം, നാലാം വാക്യത്തിൽ നാം   വായിക്കുന്നതുപോലെ, “സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയുന്നില്ല,  അഹങ്കരിക്കുന്നില്ല” (കോറിന്തോസ്    13:4).

ദൈവസ്നേഹത്തിൻ്റെ ആഴവും, ത്യാഗപൂർണമായ സ്നേഹവും വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം നാം കാണുന്നുണ്ട്. ക്രിസ്തുവിൻ്റെ സ്നേഹം, പരസ്‌പരം ഉണ്ടായിരിക്കുവാനും, ആ സ്നേഹത്തിൽ ജീവിക്കുവാനും. ചാക്രികലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തുന്നു “പ്രീയപ്പെട്ടവരേ, നമുക്ക് പരസ്‌പരം സ്നേഹിക്കാം, കാരണം സ്നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്നേഹിക്കുന്നവൻ ദൈവത്തിൽ നിന്ന് ജനിച്ചു ദൈവത്തെ അറിയുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല, കാരണം ദൈവo സ്നേഹമാണ്” (1 യോഹന്നാൻ 4:7-8).  മറ്റുള്ളവരുമായുള്ള നമ്മുടെ സമ്പർക്കവും, സംസാരവും ഹൃദയത്തിൽനിന്നാവണം. അപ്പോൾ മാത്രമേ ഉള്ളിൽ വസിക്കുന്ന ദൈവ സ്നേഹത്തെ തിരിച്ചറിയാൻ  നമുക്ക് സാധിക്കു. യേശു തന്റെ ഹൃദയത്തിൽ നിന്നും സംസാരിച്ചു, തന്റെ കരുണ നിറഞ്ഞതും, സ്നേഹം തുളുമ്പുന്നതുമായ ഹൃദയത്തിൽനിന്ന്. നാം ഹൃദയത്തിൽ നിന്ന് സംസാരിക്കുമ്പോൾ അപരനെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. വിശുദ്ധ ലൂക്കാ സുവിശേഷകൻ എഴുതിയതുപോലെ, “അവർ പരസ്പരം പറഞ്ഞു: വഴിയിൽവെച്ച് അവൻ വിശുദ്ധ ലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോട് സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ” (ലൂക്കാ 24:32).

ഓരോ കുടുംബവും ഹൃദയത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. അതിനർത്ഥം കുടുംബങ്ങൾ സ്നേഹമുള്ള, കുടുംബങ്ങൾ ആയിരിക്കണമെന്നാണ്. യേശുവിൻ്റെ വിശുദ്ധ ഹൃദയത്തിനായി നമ്മെത്തന്നെ സമർപ്പിക്കാനും, അവനോട് സ്‌നേഹം പ്രകടിപ്പിക്കാനും നാം പഠിക്കുന്നത് കുടുംബത്തിൽനിന്നാണ്. അതുകൊണ്ടു തന്നെ, ദൈവസ്നേഹം മാറ്റൊലികൊള്ളുന്ന ഒന്നായിരിക്കണം, കുടുംബങ്ങളിലുള്ള പരസ്പര സ്നേഹവും, ഐക്യവും.

ഒരു സിനഡൽ ചർച്ചിനുവേണ്ടി,  പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ വിളിച്ചുചേർത്ത, സിനഡാലിറ്റിയെകുറിച്ചുള്ള സിനഡിൽ പറഞ്ഞുവച്ചതുപോലെ, എല്ലാ ദൈവ വിശ്വാസികളും  മറ്റുള്ളവരെ ശ്രവിക്കുന്നവരും, ഒരുമിച്ച് യാത്ര ചെയ്യുന്നവരും, പരസ്പരം സംസാരിക്കുന്നവരും, ഹൃദയം കൊണ്ട് കേൾക്കുന്നവരും, മറ്റുള്ളവർക്ക് ഇടം നൽകുന്നതുമായിരിക്കണം. കേൾവി സംതൃപ്തി നൽകുന്നു. കേൾക്കുന്നതിന് വളരെയധികം ക്ഷമ ആവശ്യമാണ്. ഇതാണ് യേശു കാണിച്ചതും, അവൻ ജനക്കൂട്ടത്തെ ശ്രവിച്ചു. ജനത്തെ ശ്രവിക്കുവാനും, അവരെ വിവേചിച്ചറിയുവാനും, സ്നേഹം നിറഞ്ഞ ഒരു ഹൃദയം നമുക്കാവശ്യമാണ്. സിനഡൽ യാത്ര ചെയ്യുന്ന നമുക്ക്, ആത്മാർത്ഥമായി സ്വയം ചോദിക്കാം: മറ്റുള്ളവരെ കേൾക്കാൻ താല്പര്യമുള്ളവരണോ നാം? നമ്മുടെ ഹൃദയത്തിൻ്റെ "കേൾവി" നല്ലതാണോ? ജീവിതബുദ്ധിമുട്ടുകൾ അലട്ടിയിട്ടും വിശ്വാസത്തോടെ നടക്കാനും തടസ്സപ്പെടുത്താതെ, തിരസ്കരിക്കപ്പെടാതെ, വിധിക്കാതെ സമൂഹത്തിൻ്റെ ഭാഗമാകാൻ മറ്റുള്ളവരെ നാം അനുവദിക്കുന്നുണ്ടോ?

തകർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സ്നേഹത്തിൽ സത്യം സംസാരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്തിൽ എല്ലാവരും തിരക്കിലാണ്. പരസ്പരം കണ്ടുമുട്ടുവാൻ ആർക്കും സമയമില്ല. പ്രായമായ മാതാപിതാക്കൾ തനിച്ചാകുന്നു. കുട്ടികൾ തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്നു, യുവജനങ്ങൾ തിരക്കിലാണ്. ഇങ്ങനെയുള്ള ഈ ലോകത്ത് ദൈവത്തിന്റെ കരുണയും സ്നേഹവും മനസ്സിലാക്കുവാനും, അവരുടെ ഹൃദയത്തിൽ ആശ്വാസവും സ്നേഹവും കണ്ടെത്താൻ നമുക്ക് സാധിക്കണം. ഓരോ വ്യക്തിയും മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും, ഹൃദയം നഷ്ടപ്പെട്ടതായി തോന്നുന്ന ഈ ലോകത്ത് ജീവനുള്ള ഹൃദയങ്ങളാകുവാൻ നാം തയ്യാറാവുകയും വേണം. യേശുവിന്റെ ഹൃദയത്തിൽ നിന്നാണ് നാം സ്നേഹിക്കാനും, സ്നേഹം  കണ്ടെത്തുവാനും, നമ്മെത്തന്നെ അറിയാനും, മറ്റുള്ളവരെ മനസ്സിലാക്കുവാനും നാം പഠിക്കുന്നത്. വിശുദ്ധ പൗലോസ് എഫേസോസിലെ സഭക്ക് എഴുതിയത് നമുക്കോർക്കാം “ദൈവം, ക്രിസ്‌തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും, കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ”(4:32).

മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ, സ്നേഹവും, കരുതലും സൃഷ്ടികർമ്മം മുതൽ നാം കാണുന്നതാണ്. പിതാവായ ദൈവം തന്റെ പുത്രനെപോലും ഭുമിയിലേക്കയച്ചു. മനുഷ്യരാശിയെ പാപത്തിൽനിന്നും  മോചിതരാക്കി. അവിടുത്തെ സ്നേഹവും കരുണയും അവിടുന്ന് വെളിപ്പെടുത്തി. പ്രവാചകനിലൂടെ അവിടുന്ന് പറഞ്ഞു, “മുല കുടിക്കുന്ന കുഞ്ഞിനെ അമ്മക്കു മറക്കാനാവുമോ, പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ. അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല” (എശയ്യാ 49:15) ദൈവ സ്നേഹവും, കരുണയും മനുഷ്യ ചിന്തകൾക്ക് അതീതമാണ്. ആ   തിരുഹൃദയത്തിൽനിന്നാണ് നമുക്ക് ആശ്വാസവും ലഭിക്കുന്നത്. 1890 ഒക്ടോബർ പതിനാലാം തീയതി, വിശുദ്ധ തെരേസ  തന്റെ സഹോദരി സെലീനയച്ച കത്തിൽ ഇപ്രകാരം കുറിച്ചിട്ടു, “എൻ്റെ ഹൃദയം, എൻ്റേത് മാത്രമാണെന്ന് ഞാൻ കരുതുന്നു, എൻ്റേത് അവനുള്ളതാണ്, ഒരു ദിവസം അവനെ മുഖാമുഖം കാണുമ്പോൾ, ഈ ആനന്ദകരമായ ഹൃദയത്തിൻ്റെ ഏകാന്തതയിൽ ഞാൻ അവനോട് സംസാരിക്കും.” ജെറമിയ പ്രവാചകനിലൂടെ ദൈവം സംസാരിച്ച വാക്കുകൾ നമുക്കോർക്കാം. “എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ് നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും” (ജെറമിയ 31:3).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2024, 14:29