എഷ്യയിലെ കത്തോലിക്കാസഭ നിർണ്ണായക വഴിത്തിരിവിൽ, ഫാദർ അൻഹ് നുഹെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഏഷ്യയിലെ കത്തോലിക്കാസഭ ആ ഭൂഖണ്ഡത്തിൻറെ വൈവിധ്യമാർന്നതും ചലനാത്മകവുമായ സാംസ്കാരിക പശ്ചാത്തലചട്ടക്കൂട്ടിനുള്ളിൽ നിന്ന് അതിൻറെ ദൗത്യത്തെയും അനന്യതയെയും കുറിച്ചു ചിന്തിക്കുമ്പോൾ ഇന്ന് നിർണ്ണായകമായ വഴിത്തിരിവിലാണെന്ന് പൊന്തിഫിക്കൽ പ്രേഷിത സഖ്യത്തിൻറെ (Pontificia Unione Missionaria PUM) പൊതുകാര്യദർശിയായ വൈദികൻ ദിൻഹ് അൻഹ് നുഹെ ൻഗുയെൻ പ്രസ്താവിച്ചു.
വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ പുറപ്പെടുവിച്ച “എക്ലേസിയ ഇൻ ആസിയ”, അഥവാ, “ഏഷ്യയിലെ സഭ” എന്ന സിനഡാന്തര അപ്പൊസ്തോലികോപദേശത്തിൻെറ രജത ജൂബിലിയോടനുബന്ധിച്ച് ബാംഗ്ലൂരിൽ 13,14 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ചർച്ചായോഗത്തിലെ മുഖ്യപ്രഭാഷകനായിരുന്ന അദ്ദേഹം വെള്ളിയാഴ്ചത്തെ പ്രഭാഷണത്തിലാണ് ഇതു പറഞ്ഞത്.
ഈ അപ്പൊസ്തോലിക ഉപദേശം ഏഷ്യാഭൂഖണ്ഡത്തിലെ സഭാദൗത്യത്തിന് ഒരു പ്രവാചക വിളിയായി ഇന്നും തുടരുന്നുവെന്ന് ഫാദർ അൻഹ് നുഹെ പറഞ്ഞു. ഈ രേഖ അവതരിപ്പിക്കുന്ന സിനഡാത്മകതയും പ്രേഷിതനവീകരണവും എഷ്യയിലെ ആകമാന സഭയ്ക്കും ആ ഭൂപ്രദേശത്തെ വൈക്തിക സഭകൾക്കും എന്നും കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകയാൽ ഈ പ്രക്രിയ, പ്രേഷിത-സിനഡാത്മക ചൈതന്യത്തോടുള്ള ഐക്യത്തിൽ പുത്തൻ ചരിത്രപശ്ചാത്തലത്തിൽ തുടരണമെന്ന് ഫാദർ അൻഹ് നുഹെ ഓർമ്മപ്പെടുത്തി.
അംഗങ്ങളുടെ സ്വരം ശ്രവിക്കുകയും വൈവിധ്യങ്ങളെ ആശ്ലേഷിക്കുകയും സാകല്യസംഭാഷണം പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിനഡാത്മക സഭയായിരിക്കാൻ ഈ അപ്പോസ്തോലികോപദേശം “എക്ലേസിയ ഇൻ ആസിയ” ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.
ബാംഗ്ലൂരിൽ നടന്ന ദ്വിദിന ചർച്ചായോഗത്തിൻറെ പ്രമേയം, " “എക്ലേസിയ ഇൻ ആസിയ”യുടെ 25 വർഷം: പൂർണ്ണമായും സിനഡാത്മകവും പ്രേഷിതയും ആയ സഭയിലേക്ക്. എക്ലേസിയ ഇൻ ആസിയ”യുടെ പുനർവായന ജൂബിലി വർഷത്തിൽ" എന്നതായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: