ഹംഗറി സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ ഹംഗറി സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ  (Vatican Media)

നിർമ്മിതബുദ്ധിയുടെ ഉപയോഗം നന്മയിലൂടെയുള്ള സമാധാനത്തിന്

2024 ലെ അൻപത്തിയേഴാമത്‌ ആഗോള സമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നൂതനസാങ്കേതിക വിദ്യകൾ ഇന്ന് മനുഷ്യാധ്വാനത്തെ ഭാഗികമായെങ്കിലും പകരപ്പെടുത്തുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യബുദ്ധിയെ പോലും യന്ത്രസാമഗ്രികളാൽ ഒഴിവാക്കിക്കൊണ്ട്, റോബോട്ടുകൾ കല്പനകൾ നൽകുന്ന ഒരു കാലഘട്ടം. നിർമ്മിതബുദ്ധിയുടെ അതിപ്രസരം, മനുഷ്യ ആയാസത്തെ കുറക്കുന്നുവെങ്കിലും, അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തിലും, ബന്ധങ്ങളിലും, ഇടപെടലുകളിലും കടന്നുകയറുന്നത്, സാന്മാർഗികപരമായ ഒരു ജീവിതത്തിൽ ആഘാതങ്ങൾ ഏൽപ്പിക്കുന്ന അവസ്ഥകളും ഇന്ന് നമുക്ക് മനസിലാകുന്നു. സമാധാനത്തിനു ഉപകരിക്കുന്ന നിരവധി സാഹചര്യങ്ങൾ ഈ നിർമ്മിതബുദ്ധിയുടെ ഉപയോഗം നമുക്ക് നൽകുന്നുണ്ടെങ്കിലും, ചിലപ്പോഴെങ്കിലും ഇവയുടെ അമിതമായ ഉപയോഗം, അസ്വാരസ്യങ്ങളിലേക്കും, അസമത്വങ്ങളിലേക്കും, തന്മൂലം, അസമാധാനത്തിലേക്കും നയിക്കുന്നു.

ഈ ഒരു അവസ്ഥാവിശേഷം വളരെ കലുഷിതമായ രീതിയിൽ മനുഷ്യമനസുകളെയും, സമൂഹത്തെയും, ലോകം മുഴുവനെയും കീഴടക്കുന്ന ഒരു സാഹചര്യത്തിലാണ്, ഫ്രാൻസിസ് പാപ്പായുടെ അൻപത്തിയേഴാമത്‌ ലോകസമാധാന ദിനത്തിലേക്കുള്ള സന്ദേശം അർത്ഥവത്താകുന്നത്.

ഇന്ന് ലോകം മുഴുവൻ ചൂടേറിയ ചർച്ചകൾക്ക് വിഷയമായിരിക്കുന്ന ഒന്നാണ് നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യനാൽ നിർമ്മിക്കപ്പെട്ട ബുദ്ധി, തുടർന്ന് മനുഷ്യബുദ്ധിയേക്കാൾ പതിന്മടങ്ങ് വേഗതയിൽ ജോലിചെയ്യുന്നു എന്നതാണ് ഈ ആശയം. ഇത് ഒരു പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, മറിച്ച് സമസ്ത മേഖലകളിലും, എന്തിനേറെ മനുഷ്യന്റെ സ്വകാര്യതയിലേക്കുപോലും കടന്നുവന്നിരിക്കുന്നുവെന്നത്, ഈ ശാസ്ത്രപുരോഗതിയുടെ വ്യാപ്തി മനസിലാക്കുവാൻ നമ്മെ സഹായിക്കുന്നു.

എന്നാൽ ശാസ്ത്രത്തിന്റെ ഈ പുരോഗതി, മാനുഷികനന്മയെ പരിമിതപ്പെടുത്തുന്ന അവസ്ഥയെ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. എന്നാൽ എല്ലാറ്റിനെയും മാറ്റിനിർത്തിക്കൊണ്ട് ആദിമകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനല്ല പാപ്പാ ആഹ്വാനം ചെയ്യുന്നത്. മറിച്ച് ആരോഗ്യകരമായ, ശാസ്ത്ര- സാങ്കേതിക നേട്ടങ്ങൾക്കൊപ്പം സഹവസിക്കുവാനും അവയെ സമാധാനത്തിലേക്കുള്ള പാതയായി പരിണമിപ്പിക്കുവാനുമുള്ള ആഹ്വാനമാണ് പാപ്പാ നൽകുന്നത്.

വിശുദ്ധ ഗ്രന്ഥത്തിൽ മനുഷ്യോത്പത്തിയെക്കുറിച്ചുള്ള ഭാഗം വിവരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും മനുഷ്യനെ  സൃഷ്ടിച്ചുകൊണ്ട് അവനു സാമർഥ്യവും, ബുദ്ധിശക്തിയും, വിജ്ഞാനവും, എല്ലാത്തരം ശില്പകലകളിലുമുള്ള വൈദഗ്ദ്ധ്യവും നല്കിയനുഗ്രഹിക്കുന്ന വചനഭാഗങ്ങൾ പാപ്പാ പ്രത്യേകം അടിവരയിട്ടു പറയുന്നു. ഒരു പക്ഷെ മാനുഷികമായ രീതിയിൽ മനുഷ്യൻ ആർജ്ജിക്കുന്നുവെന്നു കരുതുന്ന ഈ കഴിവുകളുടെയെല്ലാം അടിസ്ഥാനം അവനിൽ നിറഞ്ഞിരിക്കുന്ന ദൈവീക ചൈതന്യമാണെന്നു ഓർമ്മപ്പെടുത്തുവാൻ കൂടിയാണ്, പുറപ്പാട് പുസ്തകം മുപ്പത്തിയഞ്ചാം അധ്യായം, മുപ്പത്തിയൊന്നാം തിരുവചനം പാപ്പാ അനുസ്മരിക്കുന്നത്. ദൈവം തന്റെ ചൈതന്യത്താൽ മനുഷ്യന് നൽകിയിരിക്കുന്ന ഈ കഴിവുകളുടെയല്ലാം ഉദ്ദേശ്യം ഒന്ന് തന്നെയാണ്, അവന്റെ സ്നേഹത്തോട് പ്രത്യുത്തരിക്കുക.

ശാസ്ത്ര പുരോഗതി സമാധാനത്തിനുവേണ്ടി

പുരോഗതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്, സമഗ്ര മാനവവികസനം എന്നുള്ളതാണ്. ശാസ്ത്രവും, സാങ്കേതികവിദ്യകളുമെല്ലാം ഇപ്രകാരം മനുഷ്യന്റെ നന്മയ്ക്കു ഉപകരിക്കത്തക്കവിധം ആയിരിക്കണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലും പ്രത്യേകമായി ഓർമ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യർക്കും ജീവിക്കുവാനുതകും വിധം ഈ ഭൂമിയെ പരുവപ്പെടുത്തിയുപയോഗിക്കുന്നതിനാണ് സാങ്കേതികവിദ്യകളുടെ നേട്ടം ആവശ്യമാകുന്നതെന്നു പാപ്പാ പഠിപ്പിക്കുന്നു. തന്റെ സൃഷ്ടികർമ്മത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണ് മനുഷ്യനെ ദൈവം ഈ കഴിവുകളെല്ലാം നല്കിയനുഗ്രഹിച്ചിരിക്കുന്നത്. അങ്ങനെ ഭൂമി മുഴുവൻ സമാധാനനിലമായി മാറട്ടെയെന്ന, അനാദിമുതലുള്ള ദൈവീകപദ്ധതി പൂർത്തീകരിക്കപ്പെടണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം അടിവരയിട്ടു പറയുന്നു. 

കഴിഞ്ഞ ഒരു കാലഘട്ടത്തിൽ മനുഷ്യരാശി അനുഭവിച്ചിരുന്ന വേദനകൾക്കും, ദുരിതങ്ങൾക്കുമെല്ലാം പരിഹാരമായും ഈ ശാസ്ത്രപുരോഗതി പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യർ തമ്മിലുള്ള അകലം കുറക്കുന്നതിനും, സന്ദേശങ്ങളുടെ ദ്രുതഗതിയിലുള്ള കൈമാറ്റത്തിനും, ആരോഗ്യരംഗത്തെ അത്ഭുതാവഹമായ നേട്ടങ്ങൾക്കുമെല്ലാം കാരണമായത്, ദൈവം   മനുഷ്യനിലൂടെ പ്രവർത്തിച്ച ശാസ്ത്രത്തിന്റെ നേട്ടങ്ങൾ തന്നെയാണെന്നുള്ള കാര്യം പാപ്പാ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അമിതമായ സാങ്കേതികവിദ്യകളുടെ ഉപയോഗം, ഭൗമീകമണ്ഡലങ്ങളിൽ സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ചും നാം ബോധവാന്മാരാകണമെന്നു പാപ്പാ പറയുന്നു. മനുഷ്യന്റെ സൗകര്യങ്ങൾക്കുമപ്പുറം മനുഷ്യനെ തന്നെ പകരം വച്ചുകൊണ്ട്, ശാസ്ത്രം മനുഷ്യരംഗങ്ങളിൽ പ്രവേശനം നടത്തിയപ്പോഴും, മനുഷ്യനുമേൽ അധികാരം പ്രയോഗിച്ചുകൊണ്ട്, മനുഷ്യാന്തസ്സിനെ വെല്ലുവിളിച്ചപ്പോഴും, സാങ്കേതികപുരോഗതി നേട്ടങ്ങളിലും, ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു എന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

നിർമ്മിതബുദ്ധിയിലൂടെ വളർന്ന ശാസ്ത്രരംഗം

സാങ്കേതികവിദ്യകളുടെ ഏറ്റവും നൂതനമായ രൂപമാണ് നിർമ്മിതബുദ്ധിയുടെ കണ്ടുപിടുത്തം എന്നത്, തന്റെ സന്ദേശത്തിൽ പാപ്പാ എടുത്തു പറയുന്നു. സമൂഹത്തിന്റെ മുഖഛായ തന്നെ മാറ്റുവാൻ തക്കവണ്ണം ശാസ്ത്ര രംഗം വളർന്നപ്പോൾ, ചിലപ്പോഴെങ്കിലും മനുഷ്യൻ, അവയുടെ വളർച്ചയുടെ ഭാഗമായുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ച്  ബോധവാന്മാരായിരുന്നില്ല എന്ന് പാപ്പാ പ്രത്യേകം സൂചിപ്പിക്കുന്നു. ഇവയുടെ സാന്മാർഗിക വശത്തെക്കുറിച്ചു ചിന്തിക്കാതെ അവയിൽ നിന്ന് കിട്ടുന്ന നേട്ടങ്ങൾക്കു വേണ്ടി മാത്രം മനുഷ്യൻ പരിശ്രമിക്കുമ്പോൾ, വാഗ്ദാനം ചെയ്യുന്ന നന്മയ്ക്കു പകരം, ഏറെ തിന്മകൾക്ക് മനുഷ്യകുലം സാക്ഷിയാകേണ്ടിവരുമെന്ന മുന്നറിയിപ്പും, സന്ദേശത്തിൽ പാപ്പാ നൽകുന്നു. മനുഷ്യബുദ്ധിയെ സഹായിക്കുന്നതിന് പകരം, അവയെ പൂർണ്ണമായി മനുഷ്യനെ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോൾ, സൃഷ്ടിക്കപ്പെടുന്ന തിന്മകളെ പാപ്പാ അഭിസംബോധന ചെയ്യുന്നു. ഇവ ഉപയോഗപ്പെടുത്തുന്ന ആളുകളുടെയും, സ്ഥാപനങ്ങളുടെയും ലക്ഷ്യങ്ങളും, താത്പര്യങ്ങളും പൊതുനന്മയ്ക്കു തടസം നിൽക്കുന്നവയായി മാറാമെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു. അതിനാൽ ശാസ്ത്രരംഗത്തെ വളർത്തുന്ന നിർമ്മിതബുദ്ധി മനുഷ്യകുലത്തിനു നൽകുന്ന  വാഗ്ദാനങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന ഉപദേശവും പാപ്പാ നൽകുന്നു.

അതിനാൽ മനുഷ്യജീവിതത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നവയാകണം ഓരോ വികസനവും, കണ്ടുപിടുത്തങ്ങളും. സംസ്കാരങ്ങളിലും സാമൂഹിക പെരുമാറ്റങ്ങളിലും സമാധാന നിർമ്മാണത്തിലും അഗാധമായ സ്വാധീനം ചെലുത്തുവാൻ ഉതകുന്ന തരത്തിൽ ഈ പുരോഗതിയെ നാം വഴിതിരിച്ചുവിടുകയാണെങ്കിൽ അവയുടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുവാൻ വിവേചനം കൂടാതെ മനുഷ്യകുലത്തിനുസാധിക്കുമെന്നും പാപ്പാ പ്രത്യേകം പറയുന്നു. ഒറ്റനോട്ടത്തിൽ വിശ്വസനീയമെന്ന് തോന്നുന്ന, എന്നാൽ യഥാർത്ഥത്തിൽ അടിസ്ഥാനരഹിതമോ മുൻവിധികളെ ഒറ്റിക്കൊടുക്കുന്നതോ ആയ പ്രസ്താവനകൾ സൃഷ്ടിക്കുന്ന നിർമ്മിതബുദ്ധിയിലൂന്നിയ യന്ത്രപഠനങ്ങളെ തിരിച്ചറിയണമെന്നും, ഈ മേഖലകളിലെല്ലാം മാനുഷികഇടപെടലുകൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിടുന്നു. അല്ലെങ്കിൽ, ഭാവനാത്മകമായ ഒരു ജീവിതത്തിലേക്ക് മനുഷ്യജീവിതം ചുരുങ്ങിപോകുമെന്നും പാപ്പാ പറയുന്നു.

യന്ത്രങ്ങളുടെ പരിധികൾ മനുഷ്യൻ നിശ്ചയിക്കണം

'എല്ലാം യന്ത്രോന്മുഖമായിക്കൊള്ളട്ടെ', എന്ന് മനുഷ്യൻ എന്ന് വിചാരിച്ചു തുടങ്ങുന്നുവോ, അന്ന് മനുഷ്യകുലത്തിന്റെ പതനം ആരംഭിക്കുന്നു. മർത്യനായ മനുഷ്യൻ പരിധികളും, പരിമിതികളും ഉൾക്കൊള്ളുന്നതുപോലെ, അവന്റെ  ഭാവനയിൽ വിരിയുന്ന സാങ്കേതിക വിദ്യയുടെയും പരിമിതികൾ ഉൾക്കൊള്ളണം. ഒരു സൃഷ്ടിയെന്ന നിലയിൽ സ്വന്തം പരിധി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് മനുഷ്യന് ഏറെ ആവശ്യമാണെന്ന് പറയുന്ന പാപ്പാ, അല്ലെങ്കിൽ മറ്റുള്ളവരെ സ്വന്തം താത്പര്യങ്ങളിൽ നിർത്തുവാൻ ഏതു മാർഗ്ഗങ്ങളും സ്വീകരിക്കുവാനുള്ള മനുഷ്യന്റെ പ്രലോഭനത്തെയും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എല്ലാ നേട്ടങ്ങളും, തങ്ങളെപ്പോലെ തന്നെ മറ്റുള്ളവരുടെയും നന്മയ്ക്ക് കാരണമാകണം എന്ന ചിന്തയോടെ പ്രവർത്തിക്കുകയാണെങ്കിൽ സാങ്കേതിക വിദ്യകൾ യാഥാർത്ഥസേവകരാകുന്നുവെന്നും പാപ്പാ പഠിപ്പിക്കുന്നു.

ആയുധനിർമ്മാണം മനുഷ്യകുലത്തിനുള്ള വെല്ലുവിളി

മനുഷ്യന്റെ സ്വാർത്ഥതയുടെ പ്രതിഫലനം, ആധുനിക ഷാഷ്ട്ര സാങ്കേതിക വിദ്യകളിലൂടെ പരീക്ഷിക്കപ്പെടുന്ന വലിയ ഇടമാണ് ആയുധ നിർമ്മാണ മേഖല. ഇവിടെ മനുഷ്യന്റെ അന്തസും, ആദരവും മറന്നുകൊണ്ട്, പരിധികളും പരിമിതികളും വിസ്മരിച്ചുകൊണ്ട്, എല്ലാറ്റിനെയും വെട്ടിപ്പിടിക്കുവാനുള്ള മനുഷ്യന്റെ വ്യഗ്രത, കൂടുതൽ ആയുധങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ചുകൊണ്ട്, മറ്റുള്ളവരെ തകർക്കുവാൻ ഉപയോഗിക്കുന്നത്, ഇന്നത്തെ ലോകത്തിന്റെ ക്രൂരമുഖമാണെന്നു പാപ്പാ ഓർമ്മിപ്പിക്കുന്നു. ഇവിടെ 'മനുഷ്യബുദ്ധി മാത്രമല്ല കൃത്രിമമാകുന്നത്, മറിച്ച് അവന്റെ ഹൃദയവും കൃത്രിമമാകുന്നു'വെന്ന സന്ദേശവും പാപ്പാ അടിവരയിട്ടു പറയുന്നു.

നിർമ്മിതബുദ്ധി മനുഷ്യനന്മയ്ക്ക്

സമഗ്രമായ മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിന് നിർമ്മിതബുദ്ധി ഉപയോഗിച്ചാൽ, അത് കൃഷി, വിദ്യാഭ്യാസം, സംസ്കാരം എന്നിവയിൽ സുപ്രധാനമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അതിനായി മനുഷ്യൻ്റെ അന്തസ്സിനെ ബഹുമാനിക്കുകയും, സേവിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയുടെ വികസനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും, അതിനാവശ്യമായ പ്രായോഗിക കാര്യങ്ങൾ കൊണ്ടുവരികയുംവേണം. പാപ്പാ അടിവരയിടുന്ന പ്രധാനപ്പെട്ട ഒരു കാര്യം, ഇവയോടുള്ള വിമർശനാത്മകമായ സമീപനമാണ്. പലപ്പോഴും, യാന്ത്രികമായി മനുഷ്യജീവിതം ചുരുങ്ങിപോകുന്ന ഒരു സാഹചര്യത്തിലാണ് മനുഷ്യൻ ജീവിക്കുന്നത്. പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹമായി മനുഷ്യകുലം മാറുന്നതിനെ പാപ്പാ തന്റെ സന്ദേശങ്ങളിൽ, പ്രത്യേകിച്ചും യുവജനതയോടുള്ള സന്ദേശങ്ങളിൽ എടുത്തു പറയാറുണ്ട്. എന്നാൽ യന്ത്രങ്ങളുടെ പുരോഗതിക്ക് മനുഷ്യന്റെ പ്രതികരണം കൂടി ചേരുമ്പോഴാണ് ധാർമികമായി അടിത്തറയുള്ള ഒരു സമൂഹത്തിനു രൂപം നൽകുവാൻ സാധിക്കുന്നത്. ഇതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ തന്റെ സന്ദേശത്തിന്റെ ഉപസംഹാരത്തിൽ അന്താരാഷ്ട്ര സമൂഹങ്ങളെയും പാപ്പാ ക്ഷണിക്കുന്നുണ്ട്. ഇപ്രകാരം, മനുഷ്യകുലത്തിനു മുഴുവൻ നേട്ടം കൈവരിക്കുവാൻ ഉതകും വണ്ണം, ശാസ്ത്ര സാങ്കേതിക പുരോഗതികൾ കൂട്ടായ്മയുടെ അനുഭവത്തിൽ യാഥാർത്യവത്ക്കരിക്കപ്പെടട്ടെയെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2024, 12:49