യുവതയ്ക്ക് പരസേവനോന്മുഖ ശിക്ഷണമേകുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിലേക്കു നയിക്കുന്നതും പ്രതിബദ്ധതയെക്കുറിച്ചുള്ള അവബോധം പരിപോഷിപ്പിക്കുന്നതുമായ ഒരു വിദ്യഭ്യാസം യുവജനത്തിനു പ്രദാനം ചെയ്യേണ്ടത് അടിയന്തിരാവശ്യമാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഫ്രാൻസിൻറെ തെക്കൻ പ്രദേശത്തു നിന്നെത്തിയ ഭരണാധികാരികളും തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികളും ഉൾപ്പെട്ട നൂറ്റമ്പതോളം പേരടങ്ങിയ ഒരു സംഘത്തെ ശനിയാഴ്ച (3011/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. റോമിലേക്കുള്ള അവരുടെ തീർത്ഥാടനത്തെ പാപ്പാ ധീരമായ ഒരു ചുവടുവയ്പായും ഉത്തരവാദിത്വം പേറുന്ന സ്ത്രീപുരുഷന്മാർ എന്നനിലയിലുള്ള തങ്ങളുടെ ജീവിതത്തെ വിശ്വാസ ജീവിതവുമായി കോർത്തിണക്കാനുള്ള അവരുടെ അഭിലാഷത്തിൻറെ സാക്ഷ്യമായും വിശേഷിപ്പിച്ചു.
വളരുന്ന യുവതയ്ക്ക് ഒരു ആദർശം ആവശ്യമാണെന്നും കാരണം അടിസ്ഥാനപരമായി അവർ ഉദാരമതികളും അസ്തിത്വപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നവരുമാണെന്നും പാപ്പാ പറഞ്ഞു. അവർ ചാരുകസേരിയിലിരിക്കുകയും സാമൂഹ്യമാദ്ധ്യമങ്ങളിൽ ആമഗ്നരാകുകയുമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല എന്നു കരുതുന്നവർക്ക് തെറ്റുപറ്റുന്നുവെന്നും യുവതീയുവാക്കളെ യഥാർത്ഥ ലോകത്തിലേക്കു കൊണ്ടുവരണമെന്നും പ്രായമായവരെയും അംഗവൈകല്യമുള്ളവരെയും പാവപ്പെട്ടവരെയും കുടിയേറ്റക്കാരെയും ഒക്കെ സന്ദർശിക്കാൻ പ്രേരിപ്പിക്കണമെന്നും പറഞ്ഞ പാപ്പാ അവിടെ അവർ സ്വാഗതം ചെയ്യലിൻറെയും ദാനം ചെയ്യലിൻറെയും ആനന്ദത്തിലേക്കു സ്വയം തുറക്കുമെന്നു ഉദ്ബോധിപ്പിച്ചു.
മതവും രാഷ്ട്രീയവും വിഭിന്നങ്ങളാണെങ്കിലും രണ്ടിനും പൊതുവായതും പങ്കുവയ്ക്കുന്നതുമായ താല്പര്യങ്ങൾ ഉണ്ടെന്നും പൊതുനന്മയ്ക്കായി നാം വഹിക്കേണ്ട പങ്കിനെക്കുറിച്ച് വ്യത്യസ്തങ്ങളായ രീതികളിലാണെങ്കിലും നമുക്കെല്ലാവർക്കും അവബോധമുണ്ടെന്നും പാപ്പാ പറഞ്ഞു. സാമൂഹ്യ ജീവിതത്തെ മൊത്തത്തിൽ ഫലപുഷ്ടിയുള്ളതാക്കുന്ന ആത്മീയ ശക്തികളെ പുനരുജ്ജീവിപ്പിക്കാൻ സഭ ആഗ്രഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: