ജപ്പാനിൽ ക്രൈസ്തവർ ഒളിച്ചു പാർത്തിരുന്ന ഇടങ്ങൾ വിശ്വസ്തതയുടെ സജീവ സാക്ഷ്യങ്ങൾ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജപ്പാനിലെ നാഗസാക്കി പ്രദേശത്ത് ക്രൈസ്തവർ ഒളിച്ചു പാർത്തിരുന്ന ഇടങ്ങൾ കാത്തുപരിപാലിക്കാനുള്ള ശ്രമങ്ങളെ പാപ്പാ അഭിനന്ദിക്കുന്നു.
1603 മുതൽ 1868 വരെയുള്ള നീണ്ട കാലയളവിൽ ജപ്പാനിൽ നടന്ന മതപീഢനകാലത്ത് നാഗസാക്കിയിലെ ഇക്കിത്സുകി ദ്വീപിൽ ക്രൈസ്തവർ രഹസ്യമായി ജീവിച്ച ഇടങ്ങളെക്കുറിച്ചു ഗവേഷണപഠനങ്ങൾ നടത്തുകയും അവ പരിപാലിക്കുകയും ചെയ്യുന്നതിനു പരിശ്രമിക്കുന്ന “ഹിഡെൻ ക്രിസ്റ്റ്യൻ റിസേർച്ച് അസോസിയേഷൻ” (Hidden Christian Research Association) അംഗങ്ങളെ ശനിയാഴ്ച (30/11/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഈ ഇടങ്ങൾ 2018-ൽ ലോക പൈതൃക പട്ടികയിൽ ചേർക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. സാർവ്വത്രികസഭയുടെയും ജപ്പാനിലെ കുലീന ജനതയുടെയും ചരിത്രത്തിൻറെ മറയ്ക്കപ്പെട്ട അദ്ധ്യായവും എന്നാൽ വിലയേറിയ മഹാ സാക്ഷ്യവും എന്ന നിലയിൽ ഈ സ്ഥലങ്ങൾ കാത്തുപരിപാലിക്കാനുള്ള യത്നത്തെ പാപ്പാ അഭിനന്ദിച്ചു.
ഈ ഇടങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നത് അവയുടെ മതിയായ പരിപാലനം ഉറപ്പുനല്കുന്നതിനു പുറമെ, തലമുറകൾതോറും നാളിതുവരെ തങ്ങളുടെ വിശ്വാസ പാരമ്പര്യ നിധി കൈമാറിപ്പോന്ന ജപ്പാനിലെ നിരവധിയായ ക്രൈസ്തവരുടെ വിശ്വസ്തതയുടെ സജീവ സാക്ഷ്യമായി ഭവിക്കുമെന്നും പാപ്പാ പറഞ്ഞു.
സുവിശേഷ പ്രഘോഷണം ജപ്പാനിൽ ആത്മാക്കളുടെ സമൃദ്ധമായ വിളവു നല്കും എന്ന് സ്വപ്നം കണ്ടിരുന്ന മഹാ പ്രേഷിതനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ തിരുന്നാൾ ഡിസംബർ 3-ന് ആചരിക്കപ്പെടുന്നത് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ആ സ്വപ്നത്തിൻറെ പാരമ്പര്യഅവകാശികളെന്ന നിലയിലുള്ള അവരുടെ വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾ സുവിശേഷവൽക്കരണ ചരിത്രത്തിലെ മഹത്തായ അദ്ധ്യായമായി കൂടുതൽ അറിയപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.
ജപ്പാനിലെ ആദ്യ പ്രേഷിതരുടെ വിരോചിത പ്രവർത്തനങ്ങളും അന്നാട്ടുകാരായ നിണസാക്ഷികളുടെ ധീരതയും ചെറുതെങ്കിലും വിശ്വസ്തമായ പ്രാദേശിക കത്തോലിക്കാസമൂഹത്തിൻറെ സ്ഥൈര്യത്തെയുക്കുറിച്ച് ഓർക്കുമ്പോൾ യേശുവിനെ പ്രതി ഇന്ന് പീഢനങ്ങളേൽക്കുകയും ജീവൻ പോലും ത്യജിക്കേണ്ടിവരുകയും ചെയ്യുന്ന സഹോദരങ്ങളെ ഓർക്കാതിരിക്കാനാകില്ലെന്നു പാപ്പാ പറഞ്ഞു.അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: