ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (ANSA)

ദരിദ്രനാടുകളുടെ വിദേശകടങ്ങൾ ഇളവുചെയ്യുക, പാപ്പാ!

“ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് പൊറുക്കേണമേ, നിൻറെ സമാധാനം ഞങ്ങൾക്ക് നൽകേണമേ” - ജൂബിലിവർഷമായ 2025-ലെ വിശ്വശാന്തിദിനത്തിൻറെ വിചിന്തന പ്രമേയം. ഈ പ്രമേയം അവലംബമാക്കിയുള്ള പാപ്പായുടെ വിശ്വശാന്തിദിന സന്ദേശം വ്യാഴാഴ്ച (12/12/24) പ്രകാശിതമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനേകം നാടുകളുടെ ഭാഗധേയത്തെ ബാധിക്കുന്നതായ അന്താരാഷ്ട ഋണബാധ്യതകൾ പൂർണ്ണമായിട്ടല്ലെങ്കിൽ പോലും, അതിൻറെ ഗണ്യമായ ഭാഗം ഇളവുചെയ്യാൻ പാപ്പാ അഭ്യർത്ഥിക്കുന്നു.

ജൂബിലിവർഷമായ 2025-ലെ വിശ്വശാന്തിദിനത്തിനായി ഡിസംബർ 12-ന് വ്യാഴാഴ്ച നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വിശുദ്ധ രണ്ടാം ജോൺ പോൾമാർപ്പാ, രണ്ടായിരാമാണ്ടിലെ ജൂബിലിവേളയിൽ നടത്തിയ ഈ അഭ്യർത്ഥന ആവർത്തിച്ചിരിക്കുന്നത്. അനുവർഷം ദൈവമാതാവിൻറെ തിരുന്നാൾദിനമായ ജനുവരി ഒന്നിനാണ് ആഗോള കത്തോലിക്കാ സഭ ലോക സമാധാന ദിനം ആചരിക്കുന്നത്. 2025-ൽ ആചരിക്കപ്പെടുന്നത് അമ്പത്തിയെട്ടാം വിശ്വശാന്തി ദിനമാണ്.  “ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് പൊറുക്കേണമേ, നിൻറെ സമാധാനം ഞങ്ങൾക്ക് നൽകേണമേ” എന്നതാണ് പാപ്പാ ഈ ദിനാചരണത്തിൻറെ വിചിന്തനപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഈ പ്രമേയത്തെ അവലംബമാക്കിയുള്ള പാപ്പായുടെ ലോകസമാധാന സന്ദേശം വ്യാഴാഴ്ച (12/12/24) വത്തിക്കാനിൽ, പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ (പ്രസ്സ് ഓഫീസിസ്) നടന്ന വാർത്താസമ്മേളനത്തിൽ പ്രകാശിതമായി. സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ (പ്രീഫെക്ട്) കർദ്ദിനാൾ മൈക്കിൾ ചേർണി, കാത്തൊലിക് മൊബിലൈസിംഗ് നെറ്റ്വർക്കിൻറെ എക്സിക്യൂട്ടീവ് ഡയറെക്ടർ ശ്രീമതി ക്രിസാൻ വൈലൻകോർട്ട് മർഫി, എഞ്ചിനീയർ വീത്തൊ അൽഫിയേരി ഫൊന്താന എന്നിവർ, വാർത്താസമ്മേളനത്തിൽ, ഈ സന്ദേശത്തിൻറെ ഉള്ളടക്കം മാദ്ധ്യമപ്രവർത്തകർക്കായി സംക്ഷേപിച്ചു

ചില സർക്കാരുകളും സമ്പന്നനാടുകളിലെ ചില സ്വകാര്യ സാമ്പത്തികസ്ഥാപനങ്ങളും പാവപ്പെട്ട നാടുകളുടെ മാനുഷികവിഭവങ്ങളും പ്രകൃതിവിഭവങ്ങളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി വിദേശ കടത്തെ മാറ്റുന്നുണ്ടെന്ന തൻറെ ബോധ്യം പാപ്പാ ഈ സന്ദേശത്തിൽ ആവർത്തിക്കുന്നു.

പാരിസ്ഥിതിക കടവും വിദേശ കടവും ഒരേ നാണയത്തിൻറെ, ഈ ചൂഷണയുക്തിയുടെ, രണ്ട് വശങ്ങളാണെന്നും അത് കട പ്രതിസന്ധിയിൽ കലാശിക്കുന്നുവെന്നും പാപ്പാ പറയുന്നു. ലോകത്തിൻറെ തെക്കും വടക്കും തമ്മിൽ പാരിസ്ഥിതിക കടം ഉണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ ജൂബിലി വർഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിദേശ കടം പൊറുക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ പാപ്പാ അന്താരാഷ്ട്ര സമൂഹത്തെ ക്ഷണിക്കുന്നു. ഇത് ഐക്യദാർഢ്യത്തിനായുള്ള, എന്നാൽ എല്ലാറ്റിനുമുപരിയായി, നീതിക്കുവേണ്ടിയുള്ള അഭ്യർത്ഥനയാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.  2025 സമാധാനം സംവർദ്ധകമാകുന്ന ഒരു വർഷമാകട്ടെയെന്ന് ആശംസിക്കുന്ന പാപ്പാ കരാറുകളുടെ കുത്തൊഴുക്കുകളിലോ മാനുഷികമായ വിട്ടുവീഴ്ചകളുടെ മേശകളിലോ നിലച്ചുപോകാത്ത യഥാർത്ഥവും ശാശ്വതവുമായ ഒരു സമാധാനമാണ് വിവക്ഷയെന്നും വിശദീകരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2024, 15:41