സാർവ്വത്രികസഭയിൽ പുതിയ 21 “രാജകുമാരന്മാർ”!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ചങ്ങനാശ്ശേരി അതിരൂപതാംഗമായ ആർച്ചുബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടുൾപ്പടെ 21 പേരെ പാപ്പാ കർദ്ദിനാളന്മാരാക്കി.
ശനിയാഴ്ച (07/12/24) വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിളിച്ചുകൂട്ടിയ സാധാരണ പൊതു കൺസിസ്റ്ററിയിൽ വച്ചാണ് ഫ്രാൻസീസ് പാപ്പാ വിവിധ രാജ്യക്കാരായ ഇവർക്ക് കർദ്ദനാൾപദവി നല്കിയത്.
നവകർദ്ദിനാളന്മാർ അണിയുന്ന ചുവന്ന തൊപ്പിയും മോതിരവും റോം രൂപതയിലെ സ്ഥാനികദേവാലയവും ഈ കൺസിസ്റ്ററിയിൽ ഇവർക്കു നല്കപ്പെട്ടു. റോമിൽ ചിർക്കൊൺവലയോനെ വഴിയിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ അന്തോണീസിൻറെ നാമത്തിലുള്ള ദേവാലയമാണ് നവകർദ്ദിനാൾ ജോർജ് കൂവക്കാടിന് നല്കപ്പെട്ടിരിക്കുന്നത്.
ഈ കൺസിസ്റ്ററിയോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 253 ആയി ഉയർന്നു. ഇവരിൽ 140 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ളവരാണ്. ശേഷിച്ച 113 പേർ ഈ പ്രായപരിധി കഴിഞ്ഞവരാകയാൽ ഈ സമ്മതിദാനാവകാശം ഇല്ലാത്തവരാണ്.
കർദ്ദിനാളന്മാർ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം യൂറോപ്പാണ്, 115. രണ്ടാസ്ഥാനത്തു വരുന്നത് ഏഷ്യയാണ്,37. തെക്കെ അമേരിക്കയിൽ 32-ഉം ആഫ്രിക്കയിൽ 29-ഉം വടക്കെ അമേരിക്കയിൽ 28-ഉം മദ്ധ്യ അമേരിക്കയിൽ 8-ഉം ഓഷ്യാനയിൽ 4-ഉം കർദ്ദിനാളന്മാരുണ്ട്.
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചുബിഷപ്പാ മാർ തോമസ് തറയിൽ, ആർച്ചുബിഷപ്പാ മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയ പിതാക്കന്മാരും കൺസിസ്റ്ററിയിൽ പങ്കെടുത്തു. നവകർദ്ദിനാൾ മാർ കൂവക്കാടിൻറെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഈ അനുഗ്രഹ മുഹൂർത്തത്തിന് സാക്ഷികളായി. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവരുൾപ്പെട്ട ഒരു സംഘം ഭാരതസർക്കാരിനെ പ്രതിനിധാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: