സാന്താ മാർത്ത ഭവനത്തിൽ നിന്നും ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥന നയിക്കുന്നു സാന്താ മാർത്ത ഭവനത്തിൽ നിന്നും ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥന നയിക്കുന്നു   (ANSA)

കുട്ടികൾക്കു നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധമറിയിച്ച് ഫ്രാൻസിസ്

യുദ്ധം ദുരിതം വിതയ്ക്കുന്ന നാടുകളെ പ്രാർത്ഥനയോടെ ഓർക്കുന്നുവെന്നും, തന്റെ ആത്മീയ സാമീപ്യം അവരോടൊപ്പം ഉണ്ടായിരിക്കുമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഡിസംബർ മാസം ഇരുപത്തിരണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്നപ്രാർത്ഥനയുടെ  അവസാനം  ഒരിക്കൽ കൂടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഉക്രൈനിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ, നിരവധി ദേവാലയങ്ങളും, സ്‌കൂളുകളും, ആശുപത്രികളും തകർക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ ഗാസയിലും, ആതുരാലയങ്ങളും വിദ്യാലയങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനെയും പാപ്പാ അപലപിച്ചു.

തന്റെ സന്ദേശത്തിൽ, ക്രിസ്തുമസ് കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട്, വെടിനിർത്തലിന് എല്ലാവരും തയ്യാറാകണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. ദാരിദ്ര്യത്തിനും അക്രമത്തിനും ഇടയിൽ ഏറെ ദുരിതമനുഭവിക്കുന്ന മൊസാംബിക്ക് രാജ്യത്തിന് തന്റെ ആത്മീയസാമീപ്യം പാപ്പാ വാഗ്ദാനം ചെയ്തു. ഈ രാജ്യത്തിന്റെ അവസ്ഥയിൽ തന്റെ ഉത്കണ്ഠ രേഖപ്പെടുത്തിയ പാപ്പാ, സംവാദവും പൊതുനന്മയ്‌ക്കായുള്ള അന്വേഷണവും കൂടുതൽ ത്വരിതപ്പെടട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

ആയുധങ്ങൾ നിശ്ശബ്ദമായിക്കൊണ്ട്, എല്ലായിടങ്ങളിലും ക്രിസ്തുമസ് കരോളുകളുടെ ശബ്ദം മുഖരിതമാകട്ടെയെന്നും പാപ്പാ ആശംസിച്ചു. യന്ത്രത്തോക്കുകൾ ഉപയോഗിച്ചുകൊണ്ട്, കുട്ടിക്കൾക്കെതിരെയും, വിദ്യാലയങ്ങൾക്കും, ആശുപത്രികൾക്കും നേരെ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ലയെന്നും പാപ്പാ പ്രത്യേകം പറഞ്ഞു. മധ്യാഹ്നപ്രാർത്ഥനാവേളയിൽ,  കടുത്ത ജലദോഷം മൂലം ചത്വരത്തിൽ തനിക്ക് ശാരീരികമായി വരാൻ കഴിയാത്തതിലുള്ള സങ്കടവും പാപ്പാ പറഞ്ഞു. ചത്വരത്തിൽ സന്നിഹിതരായിരുന്ന കുട്ടികൾ കൊണ്ടുവന്ന ഉണ്ണിയേശുവിന്റെ ചെറിയ രൂപങ്ങൾ ഫ്രാൻസിസ് പാപ്പാ ആശീർവദിക്കുകയും, വീടുകളിൽ ആയിരിക്കുന്ന മുത്തശീമുത്തച്ഛന്മാരെ മറന്നുപോകരുതെന്നും, അവരെ തനിച്ചാക്കരുതെന്നും ഉപദേശിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2024, 11:30