ശൈത്യകാലം യുദ്ധത്തിന്റെ ഇരകളുടെ ജീവിതം ദുസ്സഹമാക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
'രക്തസാക്ഷിയായ ഉക്രൈൻ' എന്ന അഭിസംബോധനയോടെ, ശൈത്യകാലം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുസ്സഹമാക്കുന്ന ജനജീവിതത്തെ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ഡിസംബർ മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്നപ്രാർത്ഥനയുടെ അവസാനമുള്ള അഭ്യർത്ഥനകളുടെ അവസരത്തിലാണ്, ഫ്രാൻസിസ് പാപ്പാ ഉക്രൈൻ ജനതയുടെ ജീവിതത്തിന്മേലുള്ള തന്റെ ആശങ്കകൾ പാപ്പാ പങ്കുവച്ചത്. ഉക്രൈൻ- റഷ്യ യുദ്ധം ആയിരം ദിവസങ്ങൾ കഴിഞ്ഞിട്ടും രൂക്ഷമായി തുടരുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ഇവയുടെ ഇരകളാകുന്ന കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ ദുർബലർ എന്നിവരെ പ്രത്യേകം അനുസ്മരിച്ചു.
ഭീകരത മാത്രം ജനിപ്പിക്കുന്ന യുദ്ധം ദൈവത്തെയും, മാനവികതയെയും ഒരുപോലെ വ്രണപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. മുഴുവൻ മനുഷ്യരാശിക്കും പരാജയം മാത്രം സമ്മാനിക്കുന്ന യുദ്ധം, ആരെയും ഒഴിവാക്കുന്നില്ലായെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. ഉക്രൈൻ യുദ്ധത്തിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ശൈത്യകാലം ചെറുക്കുന്നതിനുള്ള മതിയായ സൗകര്യങ്ങൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ, ഉക്രൈൻ ജനതയുടെ ദുരിതപൂർണ്ണമായ ജീവിതം പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. യുദ്ധവും, തണുപ്പും ജനജീവിതത്തെ ദുസ്സഹമാക്കുന്നുവെന്നാണ് പാപ്പാ അടിവരയിട്ടത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും സംഭാഷണം, സാഹോദര്യം, അനുരഞ്ജനം എന്നിവ പുനഃസ്ഥാപിക്കുന്നതിനും പ്രതിബദ്ധതയോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അന്താരാഷ്ട്രസമൂഹങ്ങളുടെ സഹായവും പാപ്പാ അഭ്യർത്ഥിച്ചു. സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിന്റെ ജനനതിരുനാളിനു ഒരുങ്ങുന്ന വേളയിൽ ഉക്രൈൻ ജനതയ്ക്ക് പ്രത്യാശയോടെ ജീവിക്കുവാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
സമാധാനത്തിനായുള്ള അന്വേഷണം കുറച്ചുപേരുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് എല്ലാവരുടെയും കടമയാണെന്നും, യുദ്ധഭീകരതയോട് നിസ്സംഗത പുലർത്തുകയാണെങ്കിൽ മനുഷ്യകുലം ഒന്നടങ്കം പരാജയപ്പെടുമെന്നും പാപ്പാ പറഞ്ഞു. അവസാനമായി, ഉക്രൈൻ ജനതയ്ക്കുവേണ്ടി മടുപ്പുകൂടാതെ സ്ഥിരമായി പ്രാർത്ഥിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: