അഗ്നിശമന സേനയിലെ അംഗങ്ങളുടെ സേവനം ഏറെ അഭിനന്ദനാർഹമാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഡിസംബർ മാസം പതിനൊന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ, ഫ്രാൻസിസ് പാപ്പാ അഗ്നിശമനസേനയിലെ അംഗങ്ങൾ സമൂഹത്തിനു ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങളെ പ്രത്യേകം പരാമർശിച്ചു. കൂടിക്കാഴ്ച്ചയ്ക്കായി, ഇറ്റലിയിലെ ക്യേത്തി പ്രവിശ്യയിൽ നിന്നുള്ള അഗ്നിശമന സേനയിലെ വിവിധ അംഗങ്ങൾ പങ്കെടുത്തിരുന്നു. അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ കൂട്ടായ്മയെ എടുത്തുകാണിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, അവർ സദസിൽ പങ്കെടുക്കുന്നവർ പ്രതിനിധാനം ചെയ്യുന്ന സേനയിലെ എല്ലാ അംഗങ്ങൾക്കും തന്റെ അഭിനന്ദനവും, അഭിവാദ്യങ്ങളും അർപ്പിച്ചു.
ദൈനംദിന സേവനങ്ങളിലും പ്രധാന അടിയന്തിര സാഹചര്യങ്ങളിലും സേനയിലെ അംഗങ്ങൾ തങ്ങളുടെ സുരക്ഷിതത്വം പോലും മറന്നു കൊണ്ട് പറ്റുള്ളവരുടെ സംരക്ഷണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തനങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. തുടർന്ന്, യുദ്ധം രൂക്ഷമാകുന്ന വിവിധ പ്രദേശങ്ങളെ പ്രത്യേകമായും, ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ചു.
യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നു പറഞ്ഞ പാപ്പാ, സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനായും എല്ലാവരെയും ആഹ്വാനം ചെയ്തു. തന്റെ പ്രാർത്ഥനാഭ്യർത്ഥനകളിൽ, രോഗികളെയും, പ്രായമായവരെയും, യുവജനങ്ങളെയും, നവദമ്പതികളെയും പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും, ആഗമനകാലത്ത്, നമ്മുടെ രക്ഷയ്ക്കുവേണ്ടി കടന്നുവരുന്ന യേശുവിനെ ദർശിക്കുവാൻ വിശ്വാസത്തോടെ കടന്നുചെല്ലുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: