മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

ലെബനനിലെ വെടിനിർത്തൽ കരാറിൽ സന്തോഷമറിയിച്ച് ഫ്രാൻസിസ് പാപ്പാ

ലെബനൻ ജനതയുടെ സമാധാന പൂർണ്ണമായ ജീവിതം വീണ്ടെടുക്കുന്നതിന് ഇസ്രായേൽ സർക്കാർ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു. ഫ്രാൻസിസ് പാപ്പായും, നിരവധി തവണ ലെബനനിലെ സാധാരണ ജനതയുടെ സ്വൈര്യപൂർണ്ണമായ ജീവിതത്തിനുതകും വിധം വെടിനിർത്തൽ കരാറിൽ ഏർപ്പെടുവാൻ അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ ഏറെ ദുരിതമനുഭവിച്ചിരുന്ന ലബനനിലെ സാധാരണ ജനതയ്ക്ക് ആശ്വാസമേകുന്ന വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിൽ, ഫ്രാൻസിസ് പാപ്പാ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഡിസംബർ മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്നപ്രാർത്ഥനയുടെ അവസാനമാണ് തന്റെ അതിയായ സന്തോഷം വാക്കുകളിൽ പ്രകടിപ്പിച്ചത്. വെടിനിർത്തൽകരാർ ഇരുകൂട്ടരും ആദരവോടെ അംഗീകരിച്ചു മുൻപോട്ടു കൊണ്ടുപോകുകയാണെങ്കിൽ ലെബനൻ ജനതയ്ക്കും, ഇസ്രായേൽ ജനതയ്ക്കും, ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെയും, ലെബനൻ സേനയുടെയും സഹായത്തോടെ,  തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപോകുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന ശുഭാപ്തിവിശ്വാസവും പാപ്പാ എടുത്തു പറഞ്ഞു.

തുടർന്ന് ലെബനനിലെ രാഷ്ട്രീയപ്രവർത്തകരോട്, ഈ സമാധാനസാഹചര്യത്തിൽ എത്രയും വേഗം ഒരു നല്ല ഭരണാധികാരിയെ തിരഞ്ഞെടുക്കുവാൻ പരിശ്രമിക്കണമെന്നും. അപ്രകാരം എല്ലാ പൊതുസ്ഥാപനങ്ങൾക്കും അവയുടെ ക്രമമായ പ്രവർത്തനങ്ങൾ  മുന്പോട്ടുകൊണ്ടുപോകുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പാപ്പാ പറഞ്ഞു. ഇപ്രകാരം സാധാരണമായ നിലയിലേക്ക് കടന്നുവന്നെങ്കിൽ മാത്രമേ, ആവശ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുന്നതിനും വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന്റെ ഉദാഹരണമായി രാഷ്ട്രം പരിവർത്തനം ചെയ്യപ്പെടുകയുള്ളുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലെബനനിൽ യാഥാർഥ്യമായ ഈ വെടിനിർത്തൽ കരാർ യുദ്ധം നടക്കുന്ന മറ്റിടങ്ങളിലും, പ്രത്യേകമായി ഗാസ മുനമ്പിലും സാധ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു. ഹമാസ് തീവ്രവാദികളുടെ ബന്ധനത്തിൽ ഇപ്പോഴും കഴിയുന്ന ഇസ്രായേൽക്കാരുടെ കാര്യത്തിൽ തനിക്കുള്ള ആശങ്കകളും പാപ്പാ എടുത്തു പറഞ്ഞു. അതോടൊപ്പം, പലസ്തീനിലെ സാധാരണ ജനതയ്ക്ക് ലഭിക്കേണ്ടുന്ന മാനുഷികസഹായങ്ങൾ ഉറപ്പു വരുത്തുന്നതിനുള്ള കാലതാമസത്തിലും പാപ്പാ തന്റെ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. സിറിയയിലെ സഭയുമായി അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന തനിക്ക്, ആ പ്രദേശത്തു നിരവധി ഇരകളെ സൃഷ്ടിച്ച യുദ്ധം  പുനരാരംഭിച്ചതിലുള്ള   ഹൃദയവ്യഥയും എടുത്തു പറഞ്ഞു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2024, 14:28