ഫ്രാൻസിസ് പാപ്പായുടെ  ജന്മദിനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകർ അദ്ദേഹത്തിന് കേക്ക് നൽകുന്നു ഫ്രാൻസിസ് പാപ്പായുടെ ജന്മദിനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകർ അദ്ദേഹത്തിന് കേക്ക് നൽകുന്നു   (VATICAN MEDIA Divisione Foto)

അജക്സിയോ സന്ദർശനത്തിൽ കുട്ടികളുടെ സാന്നിധ്യം എടുത്തുപറഞ്ഞു ഫ്രാൻസിസ് പാപ്പാ

ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനമായ അജക്സിയോയിലേക്കുള്ള ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനം പൂർത്തിയാക്കി മടങ്ങിവരവേ, വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

“മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” (La religiosité populaire en Méditerranée ) എന്ന ശീർഷകത്തിൽ അജക്സിയൊ രൂപത ഡിസംബർ 14,15 തീയതികളിൽ സംഘടിപ്പിച്ച സമ്മേളനത്തിൻറെ സമാപനത്തിൽ സംബന്ധിച്ച ശേഷം മടങ്ങിവരവേ, ഫ്രാൻസിസ് പാപ്പാ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകർക്ക് നന്ദിയർപ്പിക്കുകയും, അവരോട് ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. സഞ്ചാരദൈർഘ്യം നാൽപതു മിനിറ്റിനു താഴെ മാത്രമായിരുന്നതിനാൽ, പതിവു  പത്രസമ്മേളനം നടത്തിയില്ല. എങ്കിലും തന്റെ സന്ദർശനത്തിൽ അനുഭവിച്ച സന്തോഷം മാധ്യമപ്രവർത്തകരുമായി പാപ്പാ പങ്കുവച്ചു.

അജക്സിയൊ സമ്മേളനത്തിൽ, മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന നിരവധി കുട്ടികളുടെ സാന്നിധ്യം തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നു പറഞ്ഞ പാപ്പാ, ശിശുക്കളുടെ ജനനത്തിനു പ്രാധാന്യം കൊടുക്കുന്ന ആ നാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഇത് പോലെ തന്നെ കിഴക്കൻ തിമോറിലേക്കുള്ള തന്റെ യാത്രയിലും നിരവധി കുട്ടികളുടെ സാന്നിധ്യം കണ്ടിരുന്നതായും പാപ്പാ പറഞ്ഞു. ശിശുക്കൾക്ക് ജന്മം കൊടുക്കുന്നതിലൂടെയാണ് ഒരു നാടിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മാധ്യമപ്രവർത്തകരുടെ നിസ്വാർത്ഥമായ സേവനങ്ങൾക്ക്  നന്ദി പറഞ്ഞതിനു ശേഷം, അടുത്ത യാത്രയിൽ കാണാമെന്നു പാപ്പാ പറഞ്ഞപ്പോൾ, എവിടെ? എന്നു മാധ്യമപ്രവർത്തകർ അവരുടെ ഇരിപ്പിടങ്ങളിൽ നിന്ന് ചോദിച്ചു. എനിക്കറിയില്ല, എന്ന് പറഞ്ഞുകൊണ്ട് സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് പാപ്പാ തന്റെ വാക്കുകൾ ഉപസംഹരിച്ചത്. തുടർന്ന്, എല്ലാ ഭൂഖണ്ഡങ്ങളിലെയും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മാ പ്രതിനിധികൾ , ഡിസംബർ മാസം പതിനേഴാം തീയതി എൺപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന, ഫ്രാൻസിസ് പാപ്പായ്ക്ക് പിറന്നാൾ കേക്ക് നൽകി ആശംസകൾ അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2024, 11:43