ഫ്രാൻസിസ് പാപ്പായയും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സഹോദരിമാർ എന്ന സന്ന്യസ്തസമൂഹത്തിലെ പ്രതിനിധികളും ഫ്രാൻസിസ് പാപ്പായയും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സഹോദരിമാർ എന്ന സന്ന്യസ്തസമൂഹത്തിലെ പ്രതിനിധികളും  (Vatican Media)

ജൂബിലിയുടേത് വ്യക്തിഗത, സാമൂഹിക വിലയിരുത്തലിന്റെ സമയം: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള വിചിന്തനത്തിന്റെയും കണക്കെടുപ്പിന്റെയും സമയമാണ് ജൂബിലിയെന്ന് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധാത്മാവ് ഇന്ന് നമ്മോട് പറയുന്നവയ്ക്കായി കാതോർക്കാനുള്ള സമയവുമാണിത്. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സഹോദരിമാർ എന്ന സന്ന്യസ്തസമൂഹത്തിന്റെ പ്രതിനിധികൾക്ക് ഡിസംബർ നാലിന് രാവിലെ വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ജൂബിലി വർഷത്തിന്റെ പ്രത്യേകതകളിലേക്കുകൂടി പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂബിലി ആഘോഷങ്ങൾ, നമ്മുടെ ജീവിതത്തിന്റെ, അത് വ്യക്തിജീവിതത്തിന്റേതാകട്ടെ, സമൂഹജീവിതത്തിന്റേതാകട്ടെ, കണക്കെടുപ്പിനും വിലയിരുത്തലിനുമുള്ള അമൂല്യമായ സമയമാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധാത്മാവ് ഇന്ന് നമ്മോട് സംസാരിക്കുന്ന കാര്യങ്ങൾക്കായി കാതോർക്കാനും, വിചിന്തനങ്ങൾ നടത്താനുമുള്ള അവസരം കൂടിയാണ് ജൂബിലിയുടേതെന്ന് പാപ്പാ പ്രസ്താവിച്ചു. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സഹോദരിമാർ എന്ന സന്ന്യസ്തസമൂഹസ്ഥാപനത്തിന്റെ നൂറ്റിയൻപതാം വാർഷികത്തിൽ, സമൂഹത്തിന്റെ പ്രതിനിധികൾക്ക് ഡിസംബർ 4 ബുധനാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ജൂബിലി വർഷത്തിന്റെ പ്രത്യേകതകളിലേക്കുകൂടി പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

തുറന്ന മനസ്സോടെ, നമ്മുടെ രക്ഷയുടെ വാതിലായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനായുള്ള പ്രത്യേക സമയം കൂടിയാണ് ജൂബിലിയുടേതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പുതിയ ആരാധനാക്രമവർഷത്തിന്റെ ആരംഭം കുറിക്കുന്ന ആഗമനകാലത്തിലാണ് നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സഹോദരിമാർ എന്ന സമൂഹം തങ്ങളുടെ സ്ഥാപനവാർഷികം ആഘോഷിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, കർത്താവിന്റെ വാഗ്ദാനങ്ങളിലുള്ള പ്രത്യാശയോടെയും അക്ഷമതയോടെയും കാത്തിരിക്കാൻ നമ്മെ പഠിപ്പിക്കുന്ന ആഗമനകാലം, നമുക്ക് ദൈവത്തിന്റെ പരിപാലനത്തിനുള്ള വിശ്വാസത്തിൽ വളരാൻ സഹായകരമാണെന്ന് ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധ കുർബാനയിലും, നിങ്ങൾ ശുശ്രൂഷ ചെയ്യുന്ന ആളുകളിലും, മാംസം ധരിച്ച ദൈവപുത്രനെ ധ്യാനാത്മകമായി കണ്ടെത്താൻ സാധിക്കുന്നതിന്, തിരുക്കുടുംബത്തിന്റെ സഹോദരിമാർ ഇപ്പോൾ ആഘോഷിക്കുന്ന വാർഷികം, സമൂഹാംഗങ്ങൾ ഏവരെയും, അവരോട് സഹകരിക്കുന്നവരെയും സഹായിക്കട്ടെയെന്ന് താൻ പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

കുടുംബങ്ങൾക്ക് ശുശ്രൂഷചെയ്യുക എന്ന, തിരുക്കുടുംബത്തിന്റെ സഹോദരിമാരുടെ പ്രത്യേക സിദ്ധിയെക്കുറിച്ച് പരാമർശിക്കവേ, യുദ്ധങ്ങളുടെയും അതിക്രമങ്ങളുടെയും മുന്നിൽ ദുരിതമനുഭവിക്കുകയും കുടിയിറക്കപ്പെടുകയും, സ്വരാജ്യങ്ങളിൽനിന്ന് പോലും ഇറങ്ങേണ്ടിവരികയും ചെയ്യുന്ന കുടുംബങ്ങളെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക്, നിങ്ങളുടെ പ്രാർത്ഥനകളും ഔദാര്യമായ കാരുണ്യപ്രവർത്തികളും വഴി,  യേശുവിന്റെ സ്നേഹവും, പ്രത്യാശയും കാണിച്ചുകൊടുക്കാൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

1875-ൽ സ്ഥാപിക്കപ്പെട്ട നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സഹോദരിമാർ എന്ന സമൂഹം പതിനാലോളം രാജ്യങ്ങളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2024, 15:52