ആകുലതകൾ വിനാശകരം, പ്രത്യാശയോടെ കാത്തിരിക്കൂ, ചിത്തം ആനന്ദഭരിതമാക്കൂ,പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനമായ അജക്സിയോ ഞായറാഴ്ച സന്ദർശിച്ച വേളയിൽ അന്നുച്ചതിരിഞ്ഞ് “പ്ലസ് ദൗസ്തർലിത്സ്” എന്നറിയപ്പെടുന്ന ചത്വരത്തിൽ ദിവ്യബലി അർപ്പിച്ചു. തങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ജനം സ്നാപകയോഹന്നാനോട് ചോദിക്കുന്നതും സ്നാപകൻ അതിനു മറുപടിപറയുന്നതുമായ സുവിശേഷഭാഗം, വിശകലനം ചെയ്ത പാപ്പാ ഇപ്രകാരം പറഞ്ഞു:
ജനക്കൂട്ടം സ്നാപകയോഹന്നാനോടു ചോദിച്ചു: " ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" (ലൂക്കാ 3:10). ഇത് വളരെ ശ്രദ്ധിച്ചു കേൾക്കേണ്ട ഒരു ചോദ്യമാണ്,കാരണം അത് ജീവിതത്തെ നവീകരിക്കാൻ, ജീവിതം മെച്ചപ്പെട്ടതായി മാറ്റാൻ ഉള്ള അഭിവാഞ്ഛ അത് ആവിഷ്ക്കരിക്കുന്നു. ഏറെ പാർത്തിരുന്ന മിശിഹായുടെ വരവ് യോഹന്നാൻ വിളംബരം ചെയ്യുകയാണ്: യോഹന്നാൻറെ പ്രസംഗം ശ്രവിക്കുന്നവർ ഈ കൂടിക്കാഴ്ചയ്ക്ക്, മിശിഹായുമായുള്ള കൂടിക്കാഴ്ചയ്ക്ക്, യേശുവുമായുള്ള സമാഗമത്തിന് ഒരുങ്ങാൻ ആഗ്രഹിക്കുന്നു.
കൂടുതൽ അകന്നു നില്ക്കുന്നവരാണ് മാനസാന്തരത്തിനുള്ള ഈ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്ന് ലൂക്കായുടെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു: സാമൂഹികമായി ഏറ്റവും അടുത്തവരാണെന്ന പ്രതീതിയുളവാക്കുന്നവരല്ല, പരീശന്മാരും നിയമജ്ഞരും അല്ല, മറിച്ച് അകന്നു നല്ക്കുന്നവരാണ് പാപികളായി കണക്കാക്കപ്പെട്ടിരുന്ന ചുങ്കക്കാരാണ്. പടയാളികൾ ചോദിക്കുന്നു: "ഗുരോ, ഞങ്ങൾ എന്തുചെയ്യണം?" (ലൂക്കോസ് 3:12). ഇതൊരു നല്ല ചോദ്യമാണ്, ഒരുപക്ഷേ ഇന്ന്, ഉറങ്ങാൻ പോകുന്നതിനുമുമ്പ്, നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥനയായി ചൊല്ലാൻ കഴിയുന്നത്: "കർത്താവേ, തിരുപ്പിറവിക്കായി എൻറെ ഹൃദയം ഒരുക്കാൻ ഞാൻ എന്തുചെയ്യണം?". സ്വയം നീതിമാൻ എന്ന് കരുതുന്നവർ സ്വയം നവീകരിക്കുന്നില്ല. പൊതുപാപികളായി കണക്കാക്കപ്പെട്ടിരുന്നവർ, സത്യസന്ധമല്ലാത്തതും അക്രമാസക്തവുമായ പെരുമാറ്റത്തിൽ നിന്ന് ഒരു പുതിയ ജീവിതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. ക്രിസ്തു നമ്മുടെ ചാരെയത്തുമ്പോൾ വിദൂരസ്ഥർ സമീപസ്ഥരായിത്തീരുന്നു. ചുങ്കക്കാരോടും പടയാളികളോടും യോഹന്നാൻ വാസ്‌തവത്തിൽ ഇങ്ങനെ പ്രത്യുത്തരിക്കുന്നു: നീതി പാലിക്കുക; നേരുള്ളവരും സത്യസന്ധരുമായിരിക്കുക (ലൂക്കാ 3:13-14 കാണുക). ഏറ്റവും ചെറിയവരെയും പുറന്തള്ളപ്പെട്ടവരെയും ഉൾപ്പെടുത്തിക്കൊണ്ട്, കർത്താവിൻറെ പ്രഖ്യാപനം മനസ്സാക്ഷിയെ ഉണർത്തുന്നു, കാരണം അവൻ വരുന്നത് രക്ഷിക്കാനാണ്, വഴിതെറ്റിയവരെ കുറ്റംവിധിക്കാനല്ല (ലൂക്കാ 15:4-32 കാണുക). യേശുവിനാൽ രക്ഷിക്കപ്പെടാനും അന്വേഷിക്കപ്പെടാനും നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ലകാര്യം നമ്മെക്കുറിച്ചുള്ള സത്യം പറയുക എന്നതാണ്: "കർത്താവേ, ഞാൻ ഒരു പാപിയാണ്". നാമെല്ലാവരും പാപികളാണ്. അങ്ങനെ സത്യം വഴി നാം യേശുവിനോടു അടുക്കുന്നു, അല്ലാതെ കപട നീതിയാകുന്ന ചമയം കൊണ്ടല്ല. എന്തെന്നാൽ അവൻ വരുന്നത് പാപികളെ രക്ഷിക്കാനാണ്.
ആകയാൽ, നമുക്കിന്ന്, ജനക്കൂട്ടം സ്നാപക യോഹന്നാനോട് ചോദിച്ച ചോദ്യം നമ്മുടെതാക്കി മാറ്റാം. "ഞാൻ എന്ത് ചെയ്യണം?", "ഞങ്ങൾ എന്ത് ചെയ്യണം?", എന്ന് ഭയലേശമന്യേ ചോദിക്കാനുള്ള ധൈര്യം ഈ ആഗമനകാലത്ത് നമുക്കാർജ്ജിക്കാം. ആഗതനാകുന്ന കർത്താവിനായി എളിമയുള്ള ഹൃദയം, വിശ്വസമുള്ള ഹൃദയം ഒരുക്കാൻ കഴിയുന്നതിനായി നമുക്ക് അവിടത്തോട് ആത്മാർത്ഥതയോടെ അപേക്ഷിക്കാം.
നാം ശ്രവിച്ച തിരുവെഴുത്തുകൾ മിശിഹായെ കാത്തിരിക്കുന്നതിനുള്ള രണ്ട് വഴികൾ പ്രദാനം ചെയ്യുന്നു: സന്ദേഹത്തോടെയുളള കാത്തിരിപ്പും സന്തോഷകരമായ കാത്തിരിപ്പും. ഈ രണ്ട് മനോഭാവങ്ങളിലൂടെ നമുക്ക് രക്ഷയ്ക്കായി കാത്തിരിക്കാനാകും. ഈ ആത്മീയ മനോഭാവങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
സന്ദേഹത്തോടെ കാത്തിരിക്കുക എന്ന ആദ്യ വഴി അവിശ്വാസവും ഉത്കണ്ഠയും നിറഞ്ഞതാണ്. സ്വന്തംകാര്യത്തെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകിയിരിക്കുന്നവർക്ക് അവരുടെ ആത്മാവിൻറെ സന്തോഷം നഷ്ടപ്പെടുന്നു: പ്രത്യാശയോടെ കാത്തിരിക്കുന്നതിനുപകരം, അവർ ഭാവിയെ സംശയത്തോടെ നോക്കുന്നു. സകലവും ലൗകിക പദ്ധതികളാൽ ആമഗ്നമാണ്, അവൻ പരിപാലനയുടെ പ്രവർത്തനത്തിനായി പാർത്തിരിക്കുന്നില്ല. പരിശുദ്ധാത്മാവ് നമുക്ക് പ്രദാനം ചെയ്യുന്ന പ്രത്യാശയോടെ കാത്തിരിക്കാൻ അവനറിയില്ല. അപ്പോൾ ഇതാ ഈ മന്ദതയിൽ നിന്ന് നമ്മെ ഉണർത്തുന്ന വിശുദ്ധ പൗലോസിൻറെ അനുഗ്രഹ വചസ്സുകൾ എത്തുന്നു: "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട" (ഫിലി 4:6). നാം ആകുലതയുടെ പിടിയിലായാൽ, അത് എല്ലായ്പ്പോഴും നമ്മെ നശിപ്പിക്കും. വേദന ഒരു കാര്യം, അത് ശാരീരിക വേദന, കുടുംബത്തിലെ ചില വിപത്തുകൾ മൂലമുള്ള ധാർമ്മിക വേദന...; ആകുലത മറ്റൊന്നാണ്. ക്രിസ്ത്യാനികൾ ആകുലതയോടെ ജീവിക്കരുത്. നിങ്ങൾ ആകുലരാകരുത്, നിരാശപ്പെടരുത്, ദുഃഖിതരാകരുത്. ഇന്ന് ഈ ആത്മീയ തിന്മകൾ എത്ര വ്യാപകമാണ്, പ്രത്യേകിച്ചും ഉപഭോഗസംസ്‌കാരം വ്യാപകമായിരിക്കുന്നിടത്ത്! ഒന്നും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്ന ഉപഭോക്തൃത്വത്തിൻറെതായ ഉത്കണ്ഠയോടെ സാധനങ്ങൾ മേടിക്കാൻ പോകുന്ന നിരവധി ആളുകളെ ഞാൻ ഈ ദിവസങ്ങളിൽ റോമിൽ, തെരുവുകളിൽ, കണ്ടു. ഉപഭോക്തൃത്വത്തിൽ ജീവിക്കുന്ന ഇതുപോലുള്ള ഒരു സമൂഹം അതൃപ്തിയിൽ വാർദ്ധക്യം പ്രാപിക്കുന്നു, കാരണം അതിന് നല്കാൻ അറിയില്ല: അവനവനുവേണ്ടി മാത്രം ജീവിക്കുന്നവൻ ഒരിക്കലും സന്തോഷവാനാകില്ല. കൈ അടച്ച് ഇങ്ങനെ കൈ തുറക്കാതെ ജീവിക്കുവൻ സന്തുഷ്ടനാകില്ല. അവനവനു വേണ്ടിയുള്ള ഇതുപോലെയുള്ള അടഞ്ഞ കൈകൾ ഉള്ളവൻ, സഹായിക്കാൻ, പങ്കുവയ്ക്കാൻ കൈകൾ ഇല്ലാത്തവൻ ഒരിക്കലും സന്തോഷവാനായിരിക്കില്ല. നമുക്കെല്ലാവർക്കും, എല്ലാ ക്രിസ്ത്യാനികൾക്കും, പുരോഹിതന്മാർക്കും, മെത്രാന്മാർക്കും, കർദ്ദിനാൾമാർക്കും, എല്ലാവർക്കും, മാർപ്പാപ്പയ്ക്കും ഉണ്ടാകാവുന്ന ഒരു തിന്മയാണിത്.
ആകയാൽ, അപ്പോസ്തലൻ ഇങ്ങനെ എഴുതുമ്പോൾ നമുക്ക് ഫലപ്രദമായ ഒരു മരുന്ന് നല്കുകയാണ്: "എല്ലാ സാഹചര്യങ്ങളിലും, പ്രാർത്ഥനകളാലും അപേക്ഷകളാലും സ്തോത്രങ്ങളാലും നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ" (പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം 4:6). ദൈവത്തിലുള്ള വിശ്വാസം പ്രത്യാശ പ്രദാനം ചെയ്യുന്നു! കൃത്യമായി ഈ ദിനങ്ങളിൽ, ഇവിടെ അജക്സിയോയിൽ നടന്ന സമ്മേളനം, ജനകീയ ഭക്തിയുടെ പങ്കിനെ വിലമതിച്ചുകൊണ്ടുതന്നെ, വിശ്വാസം വളർത്തിയെടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് എടുത്തുകാണിച്ചു. ജപമാല പ്രാർത്ഥനയെക്കുറിച്ച് നമുക്ക് ചിന്തിക്കാം: വീണ്ടും കണ്ടെത്തുകയും നന്നായി ചൊല്ലുകയും ചെയ്താൽ, മറിയത്തിൻറെ ധ്യാനാത്മകമായ വീക്ഷണത്തോടുകൂടി നമ്മുടെ ഹൃദയം യേശുക്രിസ്തുവിൽ കേന്ദ്രീകരിക്കാൻ അത് നമ്മെ പഠിപ്പിക്കും. ആത്മീയമായും ശാരീരികമായും മറ്റുള്ളവർക്ക് സൗജന്യ സേവനം ചെയ്യാൻ പരിശീലിപ്പിക്കുന്ന സാഹോദര്യകൂട്ടായ്മകളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ചരിത്രസമ്പന്നമായ ഇത്തരം വിശ്വാസികളുടെ കൂട്ടായ്മകൾ, സഭയുടെ ആരാധനയിലും പ്രാർത്ഥനയിലും സജീവമായി പങ്കെടുക്കുകയും ജനങ്ങളുടെ ഗാനങ്ങളും ഭക്താനുഷ്ഠാനങ്ങളും കൊണ്ട് അവയെ മനോഹരമാക്കിത്തീർക്കുകയും ചെയ്യുന്നു. വിശ്വാസം ഉപവിയിൽ കർമ്മനിരതമാക്കിക്കൊണ്ട് എപ്പോഴും സംലഭ്യര്യായിരിക്കാൻ, പ്രത്യേകിച്ച് ഏറ്റവും ദുർബ്ബലരായ ആളുകൾക്ക്, സാഹോദര്യകൂട്ടായിമകളിലെ അംഗങ്ങളെ ഞാൻ ശുപാർശ ചെയ്യുന്നു. സവിശേഷ ഭക്തിയുള്ള ആ സാഹോദര്യകൂട്ടായ്മ സഹായിക്കാൻ എല്ലാവരുടെയും ചാരത്തായിരിക്കണം.
ഇവിടെ നിന്ന് നമ്മൾ രണ്ടാമത്തെ മനോഭാവത്തിലേക്ക് കടക്കുന്നു: ആനന്ദകരമായ കാത്തിരിപ്പ്. ആദ്യത്തെ മനോഭാവം സന്ദേഹത്തോടുകൂടിയ കാത്തിരിപ്പായിരുന്നു, ആ കാത്തിരിപ്പ് അടഞ്ഞ കൈകളോടെ "എനിക്കുവേണ്ടി". രണ്ടാമത്തെ മനോഭാവം സന്തോഷകരമായ കാത്തിരിപ്പാണ്. സന്തോഷം നേടുക അത്ര എളുപ്പമല്ല. ക്രിസ്തീയ സന്തോഷം ഉത്താനമായതോ, ഉപരിപ്ലവോ അല്ല, ഒരു ആഹ്ലാദോത്സവമല്ല. അല്ല. അത് അങ്ങനെയല്ല. മറിച്ച്, അത് ഹൃദയത്തിൻറെ സന്തോഷമാണ്, വളരെ ഉറച്ച അടിത്തറയിൽ അധിഷ്ഠിതമാണ്, ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സെഫാനിയ പ്രവാചകൻ അത് ഇങ്ങനെ പ്രകടിപ്പിക്കുന്നു: സന്തോഷിക്കുക, കാരണം "നിങ്ങളുടെ മദ്ധ്യേയുള്ള നിങ്ങളുടെ ദൈവമായ കർത്താവ് ശക്തനായ രക്ഷകനാണ്" (സെഫാനിയ 3:17) . നമ്മുടെ ഇടയിലുള്ള കർത്താവിൽ വിശ്വസിക്കുക, കർത്താവ് നമ്മുടെ മദ്ധ്യേയുണ്ട്. പലപ്പോഴും നമ്മൾ ഇത് ഓർക്കുന്നില്ല: നമ്മൾ ഒരു നല്ല കാര്യം ചെയ്യുമ്പോൾ, നമ്മുടെ കുട്ടികൾക്ക് ശിക്ഷണമേകുമ്പോൾ, പ്രായമായവരെ പരിപാലിക്കുമ്പോൾ അവിടന്ന് നമ്മുടെ മദ്ധ്യേയുണ്ട്. എന്നാൽ, നമ്മൾ വൃഥഭാഷണം നടത്തുമ്പോൾ, പരദൂഷണം പറയുമ്പോൾ അവൻ നമ്മുടെ ഇടയിലില്ല. കർത്താവ് അവിടെയില്ല, നമ്മൾ മാത്രമേയുള്ളൂ. കർത്താവിൻറെ ആഗമനം നമുക്ക് രക്ഷയേകുന്നു: അതിനാൽ അത് സന്തോഷത്തിന് നിമിത്തമാകുന്നു. ദൈവം "ശക്തനാണ്" എന്ന് തിരുലിഖിതം പറയുന്നു: അവൻ പറയുന്നത് ചെയ്യാൻ പ്രാപ്തനാകയാൽ അവന് നമ്മുടെ ജീവൻ വീണ്ടെടുക്കാൻ കഴിയും! അതുകൊണ്ട് നമ്മുടെ സന്തോഷം ജീവിതദുഃഖം മറക്കാനുള്ള ഭ്രമാത്മക സാന്ത്വനമല്ല. നമ്മുടെ സന്തോഷം, നമ്മുടെ ഹൃദയത്തെ ദുഃഖത്തിൽ നിന്നും വിരസതയിൽ നിന്നും മോചിപ്പിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തിൽ മുട്ടുന്ന രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള പരിശുദ്ധാത്മാവിൻറെ ഫലമാണ്. അതിനാൽ, കർത്താവിൻറെ ആഗമനം എല്ലാ ജനതകളുടെയും ഭാവി സാന്ദ്രമായ ആഘോഷമായി മാറുന്നു: ജീവിക്കുകയും ലോകം കാത്തിരിക്കുന്ന പ്രത്യാശയുടെ അടയാളങ്ങൾ നൽകുകയും ചെയ്യുന്നതിൻറെ യഥാർത്ഥ സന്തോഷം നാം യേശുവുമായുള്ള കൂട്ടായ്മയിൽ കണ്ടെത്തുന്നു.
പ്രത്യാശയുടെ ഈ അടയാളങ്ങളിൽ ആദ്യത്തേത് സമാധാനമാണ്. വരുന്നവൻ ഇമ്മാനുവേൽ, ദൈവം നമ്മോടുകൂടെ ആണ്, അവൻ, കർത്താവിനാൽ സ്നേഹിക്കപ്പെടുന്ന മനുഷ്യർക്ക് സമാധാനം നൽകുന്നു (ലൂക്കാ 2:14 കാണുക). അവനെ സ്വാഗതം ചെയ്യാൻ നാം ഒരുങ്ങുന്ന, ഈ ആഗമന വേളയിൽ, എല്ലാവരേയും, പ്രത്യേകിച്ച് യുവജനങ്ങളെ മാമോദീസയിലേക്കും കൂദാശകളിലേക്കുമുള്ള അവരുടെ യാത്രയിൽ തുണയ്ക്കാനുള്ള കഴിവിൽ നമ്മുടെ സമൂഹങ്ങൾ വളരട്ടെ; കൂടാതെ, സവിശേഷമാംവിധം പ്രായമായവർ,വൃദ്ധജനം, മുതിർന്നവർ ഒരു ജനതയുടെ ജ്ഞാനമാണ്. അത് നാം മറക്കരുത്! നമുക്കോരോരുത്തർക്കും ചിന്തിക്കാം: പ്രായമായവരുടെ മുന്നിൽ ഞാൻ എങ്ങനെ പെരുമാറും? ഞാൻ അവരെ അന്വേഷിക്കുന്നുണ്ടോ? ഞാൻ അവരോടൊപ്പം സമയം ചിലവഴിക്കുന്നുണ്ടോ? ഞാൻ അവരെ ശ്രവിക്കുന്നുണ്ടോ? അവരെ തള്ളിക്കളയുകയാണോ? എത്രയോ മക്കൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നു. ഒരിക്കൽ, ഒരു രൂപതയിൽ, ഒരു വൃദ്ധസദനം സന്ദർശിച്ചത് ഞാൻ ഓർക്കുന്നു. മൂന്നോ നാലോ മക്കളുള്ള ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. ഞാൻ ചോദിച്ചു: "നിൻറെ മക്കൾക്ക് എങ്ങനെയുണ്ട്?" - “അവർക്ക് സുഖമാണ്! എനിക്ക് ധാരാളം പേരക്കുട്ടികളുണ്ട്" - "അവർ നിന്നെ കാണാൻ വരാറുണ്ടോ?" - ", അവർ എപ്പോഴും വരും." ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ നഴ്സ് എന്നോട് പറഞ്ഞു: "ആ മക്കൾ ആണ്ടിലൊരിക്കലാണ് വരുന്നത്." പക്ഷേ, ആ അമ്മ മക്കളുടെ കുറ്റങ്ങൾ മറച്ചുപിടിക്കുകയായിരുന്നു. പലരും പ്രായമായവരെ ഏകാന്തതിയിലേക്കു തള്ളിയിടുന്നു. ക്രിസ്തുമസിന് അല്ലെങ്കിൽ ഈസ്റ്ററിന് ഫോണിൽ വിളിച്ച് ആശംസകൾ നേരുന്നു! പ്രായം ചെന്നവരെ പരിപാലിക്കൂ, അവർ ഒരു ജനതയുടെ ജ്ഞാനമാണ്!
മാമ്മോദീസായിലേക്കും കൂദാശകളിലേക്കും നീങ്ങുന്ന യുവതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. കോസിൽ, ദൈവാനുഗ്രഹത്താൽ അവർ നിരവധിയുണ്ട്! അഭിനന്ദനങ്ങൾ! ഇത് ദൈവത്തിൻറെ അനുഗ്രഹമാണ്! പ്രിയ സഹോദരന്മാരേ, കുഞ്ഞുങ്ങൾക്ക് ജന്മമേകൂ, ഭാവിയിൽ അവരായിരിക്കും നിങ്ങളുടെ സന്തോഷവും ആശ്വാസവും.
സഹോദരീ സഹോദരന്മാരേ, ദൗർഭാഗ്യവശാൽ, രാഷ്ട്രങ്ങൾക്കിടയിൽ വേദനാജനകങ്ങളായ വലിയ കാരണങ്ങളിൽ കുറവൊന്നുമില്ലെന്ന് നമുക്ക് നന്നായി അറിയാം: ദാരിദ്ര്യം, യുദ്ധങ്ങൾ, അഴിമതി, അക്രമങ്ങൾ. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം: ചിലപ്പോൾ കൂടിക്കാഴ്ചാ വേളകളിൽ ഉക്രൈയിൻകാരായ കുട്ടികൾ ഉണ്ടാകാറുണ്ട്. അവർ യുദ്ധം കാരണം കൊണ്ടുവരപ്പെടുന്നതാണ്. നിങ്ങൾക്ക് ഒരു കാര്യം അറിയാമോ? ഈ കുട്ടികൾ ചിരിക്കില്ല! അവർ പുഞ്ചിരി മറന്നുപോയിരിക്കുുന്നു. യുദ്ധഭൂമിയിലെ ഈ കുട്ടികളെക്കുറിച്ച്, നിരവധി കുട്ടികളുടെ വേദനയെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
എന്നിരുന്നാലും, ദൈവവചനം എപ്പോഴും നമുക്ക് പ്രചോദനമേകുന്നു. ജനങ്ങളെ അടിച്ചമർത്തുന്ന കൊടിയ നാശത്തിൻറെ പശ്ചാത്തലത്തിൽ, സഭ ഒരു സുനിശ്ചിത പ്രത്യാശ പ്രഘോഷിക്കുന്നു, അത് നിരാശപ്പെടുത്താത്തതാണ് , കാരണം കർത്താവ് നമ്മുടെ ഇടയിൽ വസിക്കാൻ വരുന്നു. അപ്പോൾ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള നമ്മുടെ യത്നം അവൻറെ ആഗമനത്തിൽ അക്ഷയമായ ശക്തി കണ്ടെത്തുന്നു.
സഹോദരീ സഹോദരന്മാരേ, എക്കാലത്തും എല്ലാ കഷ്ടതകളിലും ക്രിസ്തു ഉണ്ട്, ക്രിസ്തുവാണ് നമ്മുടെ സന്തോഷത്തിൻറെ ഉറവിടം. നമ്മെ മുന്നോട്ട് കൊണ്ടുപോകാനും സന്തോഷം നൽകാനും അവൻ കഷ്ടതയിൽ നമ്മോടൊപ്പമുണ്ട്. ഈ സന്തോഷം, ക്രിസ്തു നമ്മോടൊപ്പമുണ്ട്, നമ്മോടൊപ്പം നടക്കുന്നു എന്ന ഈ ഉറപ്പ് എപ്പോഴും നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം. നാം അത് മറക്കരുത്! അങ്ങനെ ഈ സന്തോഷത്തോടെ, യേശു നമ്മോടൊപ്പമുണ്ട് എന്ന ഈ ഉറപ്പോടെ, നമ്മൾ ആനന്ദിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യും. ഇതായിരിക്കണം നമ്മുടെ സാക്ഷ്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: