പല്സതീൻ രാഷ്ട്രത്തിൻറെ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 12/12/24 പല്സതീൻ രാഷ്ട്രത്തിൻറെ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 12/12/24  (ANSA)

പാപ്പായും പല്സതീൻ രാഷ്ട്രത്തിൻറെ പ്രസിഡൻറും കൂടിക്കാഴ്ച നടത്തി!

പല്സതീൻ രാഷ്ട്രത്തിൻറെ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പല്സതീൻ രാഷ്ട്രത്തിൻറെ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. വ്യാഴാഴ്ച (12/12/24) രാവിലെ ആയിരുന്നു മുപ്പതു മിനിറ്റോളം ദീർഘിച്ച ഈ കൂടിക്കാഴ്ച.

ഗാസയിലെ വിശുദ്ധ പ്രൊഫിറിയൊയുടെ ഒരു രൂപവും 2014-ൽ ഫ്രാൻസീസ് പാപ്പാ ബത്ലഹേം മതിൽ സന്ദർശിച്ചതിൻറെ ഒരു ചിത്രവും പ്രസിഡൻറ് അബ്ബാസ് പാപ്പായ്ക്ക് സമ്മാനിച്ചു.

പാപ്പായുമായുള്ള നേർക്കാഴ്ചാനന്തരം പ്രസിഡൻറ് അബ്ബാസ് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വിദേശനാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും സംഭാഷണം നടത്തി.

പരിശുദ്ധസിംഹാസനവും പലസ്തീനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങൾ, കത്തോലിക്ക സഭ പലസ്തീൻ സമൂഹത്തിനേകുന്ന സംഭാവനകൾ, ഗാസയിലെ ഗുരുതരമായ മാനവികാവസ്ഥയയുടെ പശ്ചാത്തലത്തിൽ ഏകുന്ന സഹായങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി. എത്രയും വേഗം വെടിനിറുത്തൽ ഉണ്ടാകേണ്ടതിൻറെയും എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടേണ്ടതിൻറെയും ആവശ്യകതയും ഇവർ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. എല്ലാത്തരം ഭീകരതയെയും ആവർത്തിച്ച് അപലപിക്കുകയും സംഭാഷണത്തിലൂടെയും നയതന്ത്ര സമീപനത്തിലൂടെയും ഇസ്രായേൽ പലസ്തീൻ പ്രശ്ന പരിഹൃതിയിലെത്തേണ്ടതിൻറെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. പ്രത്യേക പദിവിയാൽ സംരക്ഷിക്കപ്പെട്ട്, ജറുസലേം, ഏകദൈവ വിശ്വാസം പുലർത്തുന്ന മൂന്നു മഹാ മതങ്ങളുടെ സമാഗമത്തിൻറെയും സൗഹൃദത്തിൻെയും വേദിയായിരിക്കുമെന്ന് ഉറപ്പാക്കേണ്ടതിൻറെ ആവശ്യകതയും ഈ കുടിക്കാഴ്ച എടുത്തുകാട്ടി. സമാധാനം ഏറെ അഭിലഷിക്കുന്ന വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടകർ വീണ്ടും എത്തിച്ചേരുന്നതിന് 2025-ലെ ജൂബിലി വർഷം ഇടയാക്കുമെന്ന പ്രത്യാശയും പ്രസിഡൻറ് അബ്ബാസും കർദ്ദിനാൾ പരോളിനും ആർച്ചുബിഷപ്പ് ഗാല്ലഗെറും ആശംസിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2024, 15:26