യുദ്ധം അവസാനിപ്പിക്കുക, അഖിലാണ്ഡത്തിൽ ശാന്തി വാഴട്ടെ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനരാജൻ പിറന്ന മണ്ണിലും ലോകത്തിൻറെ ഇതരഭാഗങ്ങളിലും യുദ്ധദുരന്തം അരങ്ങേറുമ്പോൾ നാം കണ്ണീരോടെ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് മാർപ്പാപ്പാ.
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ നാട്ടുന്നതിന് 29 മീറ്റർ ഉയരമുള്ള ദേവദാരു വൃക്ഷം സമ്മാനിച്ച ഉത്തര ഇറ്റലിയിലെ ത്രെന്ത്രോ പ്രവിശ്യയിലെ ലേദ്രൊയുടെയും ബസിലിക്കാങ്കണത്തിലെ തിരുപ്പിറവി രംഗം സമ്മാനിച്ച ഗൊറീത്സിയ പ്രവിശ്യയിലെ ഗ്രാദൊയുടെയും പോൾ ആറാമൻ ശാലയിലെ തിരുപ്പിറവിരംഗം സമ്മാനിച്ച ബത്ലഹേം നഗരത്തിൻറെയും പ്രതിനിധികളടങ്ങിയ രണ്ടായിരത്തോളം പേരെ ശനിയാഴ്ച (07/12/24) ഉദ്ഘാടന ദിനത്തിൽ, സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ചത്വരത്തിൽ കൊണ്ടുവന്നിട്ടുള്ള ദേവദാരു മരം നിരവധി വർഷങ്ങളുടെ അടയാളങ്ങൾ പേറുന്നതും നിരവധി പാളികളടങ്ങിയ ശിഖരങ്ങളുള്ളതും അതുപോലെതന്നെ പഴയ ശിഖരങ്ങൾ പുതിയ ചെറു ശിഖരങ്ങൾക്ക് ജന്മമേകിയതും ചെറിയവ വലിയവയെ ചുറ്റി നിന്ന് സംരക്ഷിച്ചതുമായ പ്രക്രിയകളുമെല്ലാം അനുസ്മരിച്ച പാപ്പാ ആ വൃക്ഷത്തെ ലോകത്തിൽ ക്രിസ്തുവിൻറെ വെളിച്ചം പരത്തുന്ന സഭയോടു സാദൃശപ്പെടുത്തി.
ഗ്രാദോയിലെ തടാകത്തിൻറെ പശ്ചാത്തലത്തിൽ ജലത്താൽ ചുറ്റപ്പെട്ടതും ചെളിയും മുളയും ചേർത്തു മീൻപിടുത്തക്കാർ നിർമ്മിച്ചിരുന്ന ഉയർന്ന മേൽക്കൂരയോടുകൂടിയ കുടിൽ രൂപത്തിലുള്ള പുൽക്കൂടിനെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് പാപ്പാ അടിപരന്ന ചെറുവള്ളം വെള്ളത്താൽ ചുറ്റപ്പെട്ട കുടിലുകളിലെത്താൻ ഉപയോഗിച്ചിരുന്നതു പോലെ യേശുവിലെത്താനും ഒരു വള്ളം ആവശ്യമാണെന്നും ആ വള്ളം സഭയാണെന്നും ഉദ്ബോധിപ്പിച്ചു.
എന്നാൽ യേശുവിലേക്കെത്തുന്നതിനുള്ള യാത്ര ഒറ്റയ്ക്കല്ല നടത്തുക പ്രത്യുത ഒന്നിച്ചാണ്, സമൂഹമായിട്ടാണ് എന്നും അതു ചെയ്യുന്നത് പത്രോസ് എന്നും നയിക്കുന്ന ചെറുതും വലുതുമായ സഭാനൗകയിലാണെന്നും ഒതുങ്ങിയിരുന്നാൽ അതിൽ എല്ലാവർക്കും ഇടം ഉണ്ടാകുമെന്നും പാപ്പാ പറഞ്ഞു. സഭയിൽ എല്ലാവർക്കും ഇടമുണ്ടെന്ന് പാപ്പാ ആവർത്തിച്ചു. അപ്പോൾ പാപികളോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരായിരിക്കും അവിടെ ഒന്നാമത്തെ സ്ഥാനത്തെന്നും അവർക്ക് സവിശേഷ ആനുകൂല്യമുണ്ടെന്നും കാരണം, യേശു വന്നത് പാപികൾക്കുവേണ്ടിയാണെന്നും പാപ്പാ പറഞ്ഞു.
ബത്ലഹേമിലെ കലാകാരന്മാരുടെ സൃഷ്ടിയായ തിരുപ്പിറവിരംഗത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ തിരുപ്പിറവി രംഗങ്ങൾ വ്യത്യസ്തങ്ങളാണെങ്കിലും അവയെല്ലാം സംവഹിക്കുന്നത് യേശു നമുക്കേകിയ സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സന്ദേശമാണെന്ന വസ്തുത പാപ്പാ ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: