ഫ്രാൻസീസ് പാപ്പായ്ക്ക് ആധികാരിക സാക്ഷിപത്രങ്ങൾ സമർപ്പിക്കുന്ന ഭാരതത്തിൻറെ സ്ഥാനപതി ശംഭു എസ് കുമാരൻ (Shambhu S. KUMARAN) ഫ്രാൻസീസ് പാപ്പായ്ക്ക് ആധികാരിക സാക്ഷിപത്രങ്ങൾ സമർപ്പിക്കുന്ന ഭാരതത്തിൻറെ സ്ഥാനപതി ശംഭു എസ് കുമാരൻ (Shambhu S. KUMARAN)  (VATICAN MEDIA Divisione Foto)

സമാധാനാന്വേഷണം എന്ന കടമയിൽ നിന്ന് അന്താരാഷ്ട്രസമൂഹം ഒഴിഞ്ഞുമാറരുത്, പാപ്പാ!

ഇന്ത്യ, ജോർദ്ദാൻ, ഡെന്മാർക്ക്, ലക്സംബർഗ്, സാവൊ ടോം ആൻറ് പ്രിൻസിപ്പെ, റുവാണ്ട, ടർക്ക്മെനിസ്ഥാൻ, അൾജീരിയ, ബംഗ്ലാദേശ്, സിംബാവ്വെ, കെനിയ എന്നീ നാടുകൾ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികളുടെ ആധികാരിക സാക്ഷിപത്രങ്ങൾ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഭാഷണം, അനുരഞ്ജനം, പരസ്പര ധാരണ, വ്യക്തികളുടെയും ജനതകളുടെയും ഔന്നത്യത്തോടും അന്താരാഷ്ട്രനിയമത്തോടുമുള്ള ആദരവ് എന്നിവ പരിപോഷിപ്പിച്ചുകൊണ്ട് സമാധാനം തേടുക എന്ന കടമയിൽ  നിന്ന് അന്താരാഷ്ട്ര സമൂഹം ബുദ്ധിമുട്ടുകൾക്കും തോൽവികൾക്കും സായുധസംഘർഷങ്ങൾക്കും   നിയമത്തിൻറെ പക്ഷത്താണെന്ന വൈരുദ്ധ്യപരമായ അവകാശവാദങ്ങൾക്കു മിടയിൽ ഒഴിഞ്ഞുമാറരുതെന്ന് പാപ്പാ.

ഇന്ത്യ, ജോർദ്ദാൻ, ഡെന്മാർക്ക്, ലക്സംബർഗ്, സാവൊ ടോം ആൻറ് പ്രിൻസിപ്പെ, റുവാണ്ട, ടർക്ക്മെനിസ്ഥാൻ, അൾജീരിയ, ബംഗ്ലാദേശ്, സിംബാവ്വെ, കെനിയ എന്നീ നാടുകൾ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികൾ ആധികാരിക സാക്ഷിപത്രങ്ങൾ സമർപ്പിക്കാനെത്തിയ വേളയിൽ അവരെ ശനിയാഴ്ച (07/12/24) പൊതുവായി സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വത്തിക്കാനു വേണ്ടി നിയമിതരായ ഈ നാടുകളുടെ സ്ഥാനപതികൾക്ക് വത്തിക്കാനിൽ സ്ഥാനപതികാര്യാലയങ്ങൾ ഇല്ല. അവരുടെ ഔദ്യോഗിക വസതികൾ മറ്റു രാജ്യങ്ങളിലാണ്. ശംഭു എസ് കുമാരൻ (Shambhu S. KUMARAN) ആണ് ഇന്ത്യ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി.

തൻറെ ആശംസകൾ രാഷ്ട്രത്തലവന്മാർക്ക് കൈമാറാൻ പാപ്പാ ഈ കൂടിക്കാഴ്ചയിൽ സ്ഥാനപതികളോട് അഭ്യർത്ഥിച്ചു. രാഷ്ട്രീയമോ വാണിജ്യമോ സൈനികമോ ആയ ലക്ഷ്യങ്ങൾ പിന്തുടരാതെ പരിശുദ്ധസിംഹാസനം അതിൻറെ സവിശേഷമായ സ്വഭാവത്തിനും ദൗത്യത്തിനുമനുസൃതം, പൊതുനന്മയുടെ സേവനാർത്ഥം സംഭാഷണം പരിപോഷിപ്പിക്കാനാണ് പരിശ്രമിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

അന്താരാഷ്ട്ര നയതന്ത്രജ്ഞതയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു വേളയിലാണ് ഈ സ്ഥാനപതികൾ ചുമതല ഏൽക്കുന്നത് എന്നതും പാപ്പാ അനുസ്മരിച്ചു. മാനവകുടുംബം മുഴുവനെയും ബാധിക്കുന്നതും നമ്മുടെ ഗ്രഹത്തിൻറെ ഭാവിയെക്കുറിച്ച് ഔത്സുക്യമുള്ള സകലരുടെയും പ്രവർത്തനം ആവശ്യമായതുമായ പ്രശ്നങ്ങളാൽ വലയുകയാണ് നമ്മുടെ ലോകമെന്നു പറഞ്ഞ പാപ്പാ കാലാവസ്ഥമാറ്റം, സായുധപോരാട്ടങ്ങൾ, കുടിയേറ്റം, നാടുവിട്ടോടുന്ന അഭയാർത്ഥികൾ തുടങ്ങിയവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

ഈ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ ഇല്ലെന്നും ഒരു നാടു മാത്രമോ ഏതാനും നാടുകളുടെ ഒരു സംഘമോ വിചാരിച്ചാൽ പരിഹാരം കാണാനാകില്ലെന്നും ഒരോ നാടും പരിഹൃതിക്കായി പരിശ്രമിക്കണമെന്നും നയതന്ത്രജ്ഞത ഇതിൽ പരമപ്രധാനമാണെന്നും പാപ്പാ പറഞ്ഞു. പുതിയ സ്ഥാനപതികളുടെ പ്രവർത്തനങ്ങൾ ലോകത്തിൽ പ്രത്യാശാഭരിതമായ ഭാവിയുടെ വിത്തുകൾ വിതയ്ക്കുന്നതിന് സഹായകമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2024, 17:22