സിനഡ് ദിനത്തിന്റെ പതിനഞ്ചാം ദിനം അന്തിമ രേഖകളുടെ അവതരണം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സിനഡ് സമ്മേളനം അവസാനിക്കുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അന്തിമ രേഖയുടെ കരട് സിനഡിൽ പങ്കെടുത്ത എല്ലാവർക്കും ഒക്ടോബർ 21നു വിതരണം ചെയ്തു. വത്തിക്കാനിലെ മാധ്യമ ഓഫീസിലെ പ്രതിദിന വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റും സിനഡ് വിവരാവകാശ കമ്മീഷൻ പ്രസിഡൻ്റുമായ ഡോ. പൗളോ റുഫിനി “ഞങ്ങൾ ഒരു നിർണായക നിമിഷത്തിൽ എത്തിയിരിക്കുന്നുവെന്നു” പറഞ്ഞു.
സിനഡൽ യാത്രയുടെ ഹൃദയഭാഗത്ത് ആഗോള പ്രേഷിത മിഷൻ ഞായറാഴ്ച്ച നടന്ന വിശുദ്ധരുടെ പ്രഖ്യാപന ശുശ്രുഷ സിനഡ് അംഗങ്ങളിൽ നൽകിയ സന്തോഷവും അദ്ദേഹം എടുത്തു പറഞ്ഞു. സിനഡ് പഠനരേഖയിൽ പരാമർശിക്കുന്ന സഭയുടെ ‘മറ്റുള്ളവരെ ശ്രവിക്കുക’ എന്ന സംരംഭത്തിൻ്റെ ഭാഗമായി ഡിജിറ്റൽ മിഷനറിമാരെ ഓൺലൈനിൽ ഒരുമിച്ചുകൂട്ടിക്കൊണ്ട് നടത്തിയ പ്രാർത്ഥന കൂട്ടായ്മയും അദ്ദേഹം പത്രസമ്മേളനത്തിൽ പരാമർശിച്ചു . അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പാലാത്സോ സാൻ കാലിസ്റ്റോയിൽ അത്‌ലറ്റിക്ക വത്തിക്കാനയും ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷനും സംഘടിപ്പിക്കുന്ന “സിനഡ് ഓഫ് സ്‌പോർട്‌സ്” പരിപാടി നടക്കുമെന്നുള്ള കാര്യവും അദ്ദേഹം പറഞ്ഞു. അതിൽ അത്‌ലറ്റുകൾ-അഭയാർത്ഥികൾ, പാരാലിമ്പ്യന്മാർ, ഒളിമ്പ്യന്മാർ എന്നിവരുമായി സമാധാനത്തിൻ്റെയും പരസ്പര സേവനത്തിൻ്റെയും വിഷയങ്ങളിൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന്, വിവരാവകാശ കമ്മീഷൻ സെക്രട്ടറി ഷീല പിയേഴ്സ് ഇന്നത്തെ നടപടികളുടെ ഒരു പുനരാവിഷ്കാരം നൽകി. സിനഡ്സമ്മേളനത്തിന്റെ പതിനഞ്ചാം ദിവസത്തിൽ, അന്തിമ രേഖയുടെ കരട് കർദ്ദിനാൾ ജീൻ ക്ലോഡ് ഹോളറിച്ച് അവതരിപ്പിച്ചു. “താൽക്കാലിക വാചകം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിന് രഹസ്യസ്വഭാവം ആവശ്യമാണെന്ന് ഊന്നിപ്പറയുന്നു-സുതാര്യതയുടെ അഭാവം കൊണ്ടല്ല, മറിച്ച് ചർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം നിലനിർത്താനാണ്, ഇതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതെന്നും സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഇറ്റാലിയൻ മെത്രാൻസമിതിയുടെ പ്രസിഡൻ്റ് കർദ്ദിനാൾ മത്തെയോ സുപ്പി, സിനഡിൻ്റെ ആത്മീയ ഉപദേഷ്ടാവ് ഫാദർ തിമോത്തി പീറ്റർ ജോസഫ് റാഡ്ക്ലിഫ്, ജനറൽ സെക്രട്ടേറിയറ്റ് അണ്ടർസെക്രട്ടറി സിസ്റ്റർ നതാലി ബെക്വാർട്ട്, ഗ്രീസിലെ ബൈസൻ്റൈൻ കത്തോലിക്കരുടെ അപ്പോസ്തോലിക് എക്സാർക്ക് മോൺസിഞ്ഞോർ മാനുവൽ നിൻ ഗ്വെൽ എന്നിവർ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു. കർദ്ദിനാൾ സുപ്പി സിനഡിലുടനീളം നിലനിന്ന സംഭാഷണത്തിൻ്റെ അനുഭവം എടുത്തു പറഞ്ഞു.
നിയുക്ത കർദിനാൾ ഫാ. റാഡ്ക്ലിഫ്, അന്തിമ രേഖയിൽ “ഓരോ രാജ്യത്തിൻ്റെയും വ്യത്യസ്ത അനുഭവങ്ങൾ അടങ്ങിയിരിക്കുമെന്നു പറഞ്ഞു. സഭ ഇപ്പോൾ നടത്തുന്ന നവീകരണ യാത്രയെക്കുറിച്ച് പറയുകയും, അത് അന്തിമ രേഖയിൽ ഉയർന്നുവരുമെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. സിനഡിൻ്റെ ജനറൽ സെക്രട്ടേറിയറ്റ് അണ്ടർസെക്രട്ടറി സിസ്റ്റർ നതാലി ബെക്വാർട്ട്, എക്യുമെനിക്കൽ പ്രതിനിധികൾക്കിടയിലെ സാഹോദര്യ അന്തരീക്ഷത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചു.
സിനഡ് നമുക്ക് ‘സഭ’ എന്നതിൻ്റെ ഒരു പുതിയ പ്രതിച്ഛായ നൽകുന്നു, പങ്കെടുക്കുന്നവരുടെ ഇടയിൽ ഇരുന്നു സാധാരണക്കാരനെ പോലെ ശ്രവിക്കുന്ന പാപ്പായുടെ ചിത്രത്തെയും, വിശുദ്ധ പത്രോസിൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് പങ്കെടുത്തവർ ഒരുമിച്ച് പ്രാർത്ഥിക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയിലെ ചിത്രത്തെയും പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു. ആഴത്തിലുള്ള ധാരണയ്ക്കുള്ള അവസരമാണ് സിനഡ് വാഗ്ദാനം ചെയ്യുന്നതെന്നു ബിഷപ്പ് മാനുവൽ നിൻ, വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: