സമ്മേളനത്തിനിടയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിൻ സമ്മേളനത്തിനിടയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിൻ 

ജ്ഞാനപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ട്രംപിനു സാധിക്കട്ടെ: കർദിനാൾ പരോളിൻ

റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നടന്ന ഒരു സമ്മേളനത്തിനിടയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിൻ, അമേരിക്കയിൽ പുതിയ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചും, ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്ത കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. കുടിയേറ്റക്കാരുടെ വിഷയത്തിൽ, മനുഷ്യത്വപരമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള പാപ്പായുടെ നിലപാടുകളെ തദവസരത്തിൽ കർദിനാൾ അനുസ്മരിച്ചു.

സാൽവത്തോരെ ചേർണ്ണൂത്സിയോ, മാരിയോ ഗൽഗാനോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അമേരിക്കയുടെ നാല്പത്തിയേഴാമത്‌ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനു വളരെയധികം ജ്ഞാനപൂർണ്ണവും, വിവേചനപരവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കട്ടെയെന്നു  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ  ആശംസിച്ചു. ജനീവ കൺവെൻഷനുകളുടെ 75 വർഷത്തെ അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം എന്ന വിഷയത്തിൽ റോമിലെ, ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നടന്ന ചർച്ചായോഗത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു കർദിനാൾ. തദവസരത്തിൽ, മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്കു അദ്ദേഹം മറുപടി നൽകി. 

അമേരിക്കയിലെയും, ലോകം മുഴുവനിലെയും ധ്രുവീകരണങ്ങളെ അതിജീവിച്ചുകൊണ്ട് എല്ലാവർക്കും സ്വീകാര്യനായ ഒരു ഭരണാധികാരിയാകുവാനും, ലോകത്തെ ചോരക്കളമാക്കുന്ന നിലവിലെ സംഘർഷങ്ങളിൽ നിർഭയത്വത്തിൻ്റെയും സമാധാനത്തിൻ്റെയും ഒരു ഘടകമാകാനും ട്രംപിനു സാധിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞ വാക്കുകളും കർദിനാൾ അനുസ്മരിച്ചു. "ഞാൻ യുദ്ധങ്ങൾ ആരംഭിക്കില്ല, മറിച്ച് അവയെ ഇല്ലായ്മ ചെയ്യും", ഈ വാക്കുകൾ യാഥാർഥ്യമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നു അദ്ദേഹം പറഞ്ഞു. സ്വകാര്യ താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മനുഷ്യരാശിയുടെ പൊതു താൽപ്പര്യങ്ങൾക്കായുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കർദിനാൾ അടിവരയിട്ടു പറഞ്ഞു.

എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിന്, അദ്ദേഹം എന്തുതരം തീരുമാനങ്ങളാണ് കൈകൊള്ളുന്നതെന്ന ചോദ്യത്തിന്, വ്യക്തതകൾക്കായി ഇനിയും കാത്തിരിക്കണമെന്നും കർദിനാൾ പറഞ്ഞു. കുടിയേറ്റക്കാരോടുള്ള വിവേകപൂർണ്ണമായ നയത്തിനു ഊന്നൽ നൽകിക്കൊണ്ട്, മാനുഷികപരമായ രീതിയിൽ കാര്യങ്ങൾ പരിഹരിക്കുവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജീവൻ്റെ പ്രതിരോധം പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണെന്നിരിക്കെ, ട്രംപ് ഉറപ്പുനൽകിയ ഈ ജീവന്റെ  പ്രതിരോധം അദ്ദേഹത്തിൻ്റെ അധികാരകാലത്ത് നടപ്പിലാക്കപ്പെടുമെന്നു പ്രതീക്ഷിക്കാമെന്നും കർദിനാൾ പറഞ്ഞു. വത്തിക്കാനും, അമേരിക്കയും തമ്മിലുള്ള ബന്ധം ഇനിയും ഊഷ്മളമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ പൊതുനന്മയ്ക്കും സമാധാനത്തിനും വേണ്ടി എപ്പോഴും ഒരുമിച്ച് ചർച്ച നടത്താനും സമവായത്തിൻ്റെ പുതിയ നയങ്ങൾ രൂപീകരിക്കുവാനുമുള്ള സമയമാണിതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2024, 12:01