സങ്കീർത്തനചിന്തകൾ - 91 സങ്കീർത്തനചിന്തകൾ - 91 

ദൈവം സുരക്ഷിതമായ ശക്തിസങ്കേതം

വചനവീഥി: തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവാശ്രയബോധത്തിലേക്ക് വിശ്വാസികളെ ക്ഷണിക്കുന്ന ഒരു ജ്ഞാനപ്രബോധനാഗീതമായാണ് തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തെ വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ച് തലക്കെട്ടുകൾ ഒന്നുമില്ലാത്ത ഈ സങ്കീർത്തനത്തിന്റെ രചയിതാവ് ആരെന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ഇരുപത്തിയേഴ്, മുപ്പത്തിയൊന്ന് എന്നീ സങ്കീർത്തനങ്ങളിലെ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന വാക്യങ്ങൾ ഉള്ളതുകൊണ്ടുതന്നെ ദാവീദാകാം ഈ സങ്കീർത്തനവും രചിച്ചതെന്ന് കരുതുന്നവരുണ്ട്.  ദൈവസഹായത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഒരു ഭക്തൻ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ നൽകുന്ന ഒരു ആഹ്വാനമായി ഈ സങ്കീർത്തനത്തെ നമുക്ക് കാണാനാകും. ദൈവത്തിൽ, പ്രത്യേകിച്ച് അവന്റെ ദേവാലയത്തിൽ അഭയം തേടിയ ഒരുവനായിരിക്കണം സങ്കീർത്തകൻ. ദൈവത്തിന്റെ സാന്നിദ്ധ്യം ദൈവജനത്തിന്റെ അനുഗ്രഹവും സംരക്ഷണവുമാണെന്ന ബോധ്യമാണ് സങ്കീർത്തകനുള്ളത്. കർത്താവിൽ ആശ്രയിക്കുന്നവർക്ക് വരാനിരിക്കുന്ന രക്ഷയെക്കുറിച്ചുള്ള പ്രവചനസ്വഭാവത്തോടുകൂടിയ വാക്യങ്ങൾ സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് നമുക്ക് കാണാം. ദൈവവിശ്വാസത്തെക്കുറിച്ച് ഏറ്റവും മനോഹരമായി വർണ്ണിക്കുന്ന സങ്കീർത്തനങ്ങളിൽ ഒന്നാണിത്.

ദൈവത്തിൽ അഭയം

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ, ദൈവത്തിൽ, ഒരുപക്ഷെ അവന്റെ ഭവനമായ ദേവാലയത്തിൽ അഭയം കണ്ടെത്തിയ ഒരു മനുഷ്യന്റെ വാക്കുകളാണെന്ന് വ്യക്തമാണ്: "അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവ്വശക്തന്റെ തണലിൽ കഴിയുന്നവനും, കർത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും" (സങ്കീ. 91, 1-2). രണ്ട് ചിത്രങ്ങളാണ് ഇവിടെ ദൈവികസംരക്ഷണത്തെക്കുറിച്ച് നമുക്ക് മുന്നിൽ വ്യക്തമാകുന്നവ. ഒന്ന് അത്യുന്നതന്റെ സംരക്ഷണവും, കോട്ടയുമായി ബന്ധപ്പെട്ടതാണ്. ഒരു ഒളിസങ്കേതം പോലെ വിശ്വാസിക്ക് അഭയമായി നിൽക്കുന്ന, ദൈവഭവനമായ ദേവാലയത്തിലേക്കാണ് ഈ ചിത്രം വിരൽചൂണ്ടുക. ദൈവത്തിന്റെ കൂടാരത്തിലും ആലയത്തിലും അഭയം കണ്ടെത്തുന്നതിനെക്കുറിച്ച് 27,5; 31, 20; 61, 4 എന്നീ സങ്കീർത്തനവാക്യങ്ങളിലും നാം വായിക്കുന്നുണ്ട്. സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു ചിത്രം തണൽ എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്. അത്യുന്നതന്റെ ചിറകിൻ കീഴിലെ തണലിൽ അഭയവും ആശ്വാസവും ആനന്ദവും കണ്ടെത്തുന്ന വിശ്വാസിയെപ്പറ്റി 17, 8; 36, 6; 57, 1; 63, 7 തുടങ്ങിയ സങ്കീർത്തനവാക്യങ്ങളിലും, തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിന്റെ തന്നെ നാലാം വാക്യത്തിലും (സങ്കീ. 91, 4) നാം വായിക്കുന്നുണ്ട്. ഇവിടെ നിഴലിനെ സുരക്ഷിതത്തത്തിന്റെ ഇടമായാണ് സങ്കീർത്തനം വിശേഷിപ്പിക്കുക. പഴയനിയമത്തിൽത്തന്നെ നാം വായിക്കുന്ന കെരൂബുകളുടെ ചിറകിൻ കീഴിലെ സുരക്ഷിതത്വവും ആശ്വാസവുമായി ബന്ധപ്പെട്ട ചിന്തകളിലേക്കും ഈ വാക്യങ്ങൾ നമ്മെ കൊണ്ടുപോകുന്നുണ്ട്. തനിക്ക് തണലേകാനും സുരക്ഷിതമായ അഭയസ്ഥാനമാകാനും കഴിയുന്ന ഒരു ദൈവത്തിന് മുന്നിലാണ്, "ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവമാണ്" നീ എന്ന് ഒരു വിശ്വാസിയ്ക്ക് പറയാനാവുക (സങ്കീ. 91, 2).

ദൈവികസംരക്ഷണത്തിന്റെ വിവിധ മുഖങ്ങൾ

സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങൾ ദൈവജനത്തിന്റെ സംരക്ഷകനും പരിപാലകനുമായ ദൈവത്തിൽ എന്തുകൊണ്ട് ഒരുവൻ ആശ്രയിക്കണം എന്നതിനെക്കുറിച്ചുള്ള ഉദ്ബോധനങ്ങളാണെന്ന് പറയാം. തന്നിൽ അഭയം തേടുന്ന വിശ്വാസിയെ, വേടന്റെ കെണിയിൽനിന്നും, മാരകമായ മഹാമാരിയിൽനിന്നും രക്ഷിക്കുകയും, തന്റെ തൂവലുകൾകൊണ്ട് മറയ്ക്കുകയും, ചിറകുകളുടെ കീഴിൽ അഭയം നൽകുകയും ചെയ്യുന്ന ദൈവമാണ് കർത്താവ് എന്നാണ് മൂന്നും നാലും വാക്യങ്ങൾ വ്യക്തമാക്കുക. അവന്റെ വിശ്വസ്‌തത വിശ്വാസിക്ക് കവചവും പരിചയുമാണ് (സങ്കീ. 91, 3-4).

ദൈവത്തിന്റെ കരുതലിന്റെ ഉറപ്പിൽ ഒരുവന് ധൈര്യമായിരിക്കാൻ സാധിക്കുമെന്ന ഒരു ബോധ്യമാണ് അഞ്ചും ആറും വാക്യങ്ങൾ നൽകുന്നത്. രാത്രിയുടെ ഭീകരതയെയോ മഹാമാരിയെയോ, പകൽ പറക്കുന്ന അസ്ത്രത്തെയോ, വിനാശത്തെയോ അവൻ ഭയപ്പെടേണ്ടതില്ല (സങ്കീ. 91, 5-6).

തന്റെ കൺമുന്നിൽ കാണുന്ന ദുരനുഭവങ്ങളിൽ ഒരു വിശ്വാസി ഭയപ്പെടേണ്ട കാര്യമില്ലെന്ന ഉറപ്പാണ് ഏഴും എട്ടും വാക്യങ്ങൾ നൽകുക. ആയിരങ്ങളും പതിനായിരങ്ങളൂം മരിച്ചുവീണാലും, നിനക്ക് ഒരനർത്ഥവും സംഭവിക്കുകയില്ലെന്നും ദുഷ്ടരുടെ പ്രതിഫലം നിനക്ക് കാണാനാകുമെന്നും വിശ്വാസിക്ക് സങ്കീർത്തകൻ ഉറപ്പുനൽകുന്നു (സങ്കീ. 91, 7-8). പതിനായിരങ്ങൾക്കിടയിലും തന്റെ ആടിനെ തിരിച്ചറിയുന്ന നല്ലിടയനും, നന്മതിന്മകൾക്ക് പ്രതിഫലം നൽകുന്ന നീതിമാനുമാണ് കർത്താവെന്ന ഒരു ആശയം ഈ വാക്യങ്ങളിൽ വ്യക്തമാണ്.

ഒൻപത് മുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങളിൽ, സങ്കീർത്തനത്തിന്റെ ഇതുവരെയുള്ള ഭാഗത്ത് ദൈവികസംരക്ഷണത്തെക്കുറിച്ച് നാം കണ്ട ചിന്തകളുടെ വ്യത്യസ്തമായ ആവർത്തനം തന്നെയാണ് നാം കാണുക. അത്യുന്നതനിൽ അഭയമുറപ്പിച്ചതിനാൽ സുരക്ഷിതമായ വാസവും (സങ്കീ. 91, 9-10), ദൈവദൂതന്മാരുടെ പരിപാലനവും (സങ്കീ. 91, 11-12) ഒരു വിശ്വാസിക്ക് ലഭിക്കുമെന്ന ബോധ്യമാണ് ഈ വാക്യങ്ങൾ പകരുന്നത്. തിന്മയുടെ കെണികളൊരുക്കി കാത്തിരിക്കുന്ന ശത്രുവിന്റെ ഇരയാകാതെ, പ്രത്യാശയോടെയും ഉറപ്പോടെയും ദൈവത്തിൽ ആശ്രയം തേടുകയും അവന്റെ സാന്നിദ്ധ്യത്തിൽ വസിക്കുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

രക്ഷയെക്കുറിച്ചുള്ള വാഗ്ദാനം

സങ്കീർത്തനത്തിന്റെ പതിനാല് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങൾ, ദൈവത്തെ സ്നേഹിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കാനിരിക്കുന്ന രക്ഷയെക്കുറിച്ചുള്ളവയാണ്. സ്നേഹത്തിൽ തന്നോട് ഒട്ടിനിന്നതിനാൽ, തന്റെ നാമം അറിഞ്ഞതിനാൽ, തന്റെ വിശ്വാസിയെ താൻ സംരക്ഷിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (സങ്കീ. 91, 14; സങ്കീ. 9, 11; 119, 132). തന്നെ വിളിച്ചപേക്ഷിക്കുന്ന തന്റെ ഭക്തർക്ക് ഉത്തരമരുളുന്ന, കഷ്ടതയുടെ കാലത്ത് അവരെ ഉപേക്ഷിക്കാത്ത, അവർക്ക് മോചനമേകുകയും അവരെ മഹത്വപ്പെടുത്തുകയും ചെയ്യുന്നവനാണ് കർത്താവെന്ന് പതിനഞ്ചാം വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു (സങ്കീ. 91, 15; ജെറമിയ 333; ഏശയ്യാ 43, 2).  തന്റെ ദാസർക്ക് ദീർഘായുസ്സ് നൽകുകയും, അവരെ സംതൃപ്തരാക്കുകയും, തന്റെ രക്ഷയുടെ അനുഭവം അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നവനാണ് ദൈവമെന്ന ബോധ്യം പകരുന്ന വാക്കുകളോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത് (സങ്കീ. 91, 16; സുഭാ. 3, 2)). ഒരു ഭാഗത്ത് കർത്താവിന് മനുഷ്യരോടുള്ള സ്നേഹവും, കരുതലും, അവനേകുന്ന സംരക്ഷണവും നമുക്ക് കാണാനാകുമെങ്കിൽ, മറുഭാഗത്ത്, ഇത്രയേറെ സ്നേഹിക്കുന്ന ദൈവത്തോട് മനുഷ്യർക്കുണ്ടായിരിക്കേണ്ട ഭക്തിയുടെയും സ്നേഹത്തിന്റെയും ശരണത്തിന്റെയും ആവശ്യവും ഈ സങ്കീർത്തനം നമുക്ക് മുന്നിൽ വ്യക്തമാക്കിത്തരുന്നുണ്ട്.

സങ്കീർത്തനം ജീവിതത്തിൽ

തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനവിചിന്തനം അവസാനിപ്പിക്കുമ്പോൾ, പ്രത്യാശയോടും ശരണത്തോടും ഉറച്ച ബോധ്യങ്ങളോടുംകൂടെ ദൈവത്തിൽ ആശ്രയമർപ്പിക്കുവാനും അഭയം തേടുവാനും നമുക്ക് പരിശ്രമിക്കാം. ദൈവത്തിന്റെ ശക്തമായ കരങ്ങൾക്ക് കീഴിൽ, അവനാകുന്ന പാറയുടെ നിഴലിൻകീഴിൽ, ഒരിക്കലും കൈവിടാത്ത സ്നേഹമുണ്ടെന്ന് തിരിച്ചറിയാം. അവന്റെ ഭവനമാകുന്ന ദേവാലയത്തിന്റെ സുരക്ഷിതത്വത്തിൽ, അവന്റെ സാന്നിദ്ധ്യത്തിൽ നമുക്ക് ആനന്ദിക്കാം. ഈ ലോകജീവിതം മുന്നിൽ നിരത്തുന്ന നന്മതിന്മകളുടെയും, സുഖദുഃഖങ്ങളുടെയും അനുഭവങ്ങൾക്ക് മുന്നിൽ പതറാതെയും കാലിടറാതെയും ദൈവകരങ്ങൾ നൽകുന്ന ഉറപ്പിൽ ആശ്രയിച്ച് മുന്നോട്ടുപോകാം. ഒരമ്മപ്പക്ഷിയുടെ ചിറകിൻകീഴിലെന്നപോലെ, ദൈവം നമ്മെയും തന്നോട് ചേർത്തുനിറുത്തട്ടെ. സ്നേഹത്തിലും, വിശ്വാസത്തിലും അവനോട് ഒട്ടി നിൽക്കാം. നമ്മുടെ ഭയങ്ങളെയും ആശങ്കകളെയും ദൈവനാമത്തിൽ അകറ്റാം. ഞാൻ നിന്നെ മോചിപ്പിക്കുന്ന, മഹത്വപ്പെടുത്തുന്ന നിനക്ക് രക്ഷനൽകുന്ന ദൈവമാണെന്ന് അവൻ നമ്മുടെ ചെവികളിലും മന്ത്രിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2024, 15:52