സങ്കീർത്തനചിന്തകൾ - 92 സങ്കീർത്തനചിന്തകൾ - 92 

നീതിമാന്മാരെ വളർത്തുന്ന സ്തുത്യർഹനായ ദൈവം

വചനവീഥി: തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സാബത്തുദിവസത്തേക്കുള്ള ഗീതമെന്ന തലക്കെട്ടോടെയുള്ള തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനം ഒരു ജ്ഞാനപ്രബോധനാഗീതമാണ്. സാബത്ത് വിശ്രമത്തിനായുള്ള ദിനം മാത്രമല്ല, ലൗകികചിന്തകളിൽനിന്നകന്ന്, ദൈവത്തിൽനിന്നു ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയേകാനുള്ള ദിവസം കൂടിയാണെന്ന് ഈ കീർത്തനം ഓർമ്മിപ്പിക്കുന്നുണ്ട്. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് സ്തുതി പാടാൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്ന ഈ ഗീതം, തന്റെ സമൃദ്ധി താൽക്കാലികമാണെന്നറിയാതെ കബളിപ്പിക്കപ്പെടുന്ന ദുഷ്ടർ ഏറ്റുവാങ്ങേണ്ടിവരുന്ന ശിക്ഷയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ദൈവത്തിന്റെ സംരക്ഷണം അനുഭവിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് സങ്കീർത്തകൻ ഈ ഗീതം എഴുതുക. പ്രബോധനസ്വഭാവമുള്ള ഈ സങ്കീർത്തനം പ്രവാസനന്തരകാലത്ത് രചിക്കപ്പെട്ടതാകാമെന്ന് കരുതപ്പെടുന്നു. തങ്ങൾക്ക് ലഭിച്ച രക്ഷയുടെ പേരിൽ ദൈവത്തെ സ്തുതിക്കാൻ നീതിമാന്മാരെ ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണിത്.

വിശ്വസ്തനായ ദൈവത്തിന് നന്ദി പറയുക

സങ്കീർത്തനത്തിന്റെ ആദ്യ അഞ്ചുവാക്യങ്ങൾ, എന്തുകൊണ്ട്, എപ്രകാരം ദൈവത്തിന് നന്ദി പറയണം എന്ന ചിന്തയാണ് വിശ്വാസികൾക്ക് മുന്നിൽ വയ്ക്കുന്നത്. ആദ്യ രണ്ടുവാക്യങ്ങളിൽ ദൈവത്തിന് സ്തുതിയും നന്ദിയുമർപ്പിക്കുന്നതിലെ ശ്രേഷ്ഠതയും ഔചിത്യവുമാണ് സങ്കീർത്തകൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത്. അത്യുന്നതനായ കർത്താവേ അങ്ങേക്ക് കൃതജ്ഞതയർപ്പിക്കുന്നതും, അവിടുത്തെ നാമത്തിന് സ്തുതികൾ ആലപിക്കുന്നതും ശ്രേഷ്ഠവും, സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പ്രഭാതത്തിൽ അവിടുത്തെ കരുണയും രാത്രിയിൽ അവിടുത്തെ വിശ്വസ്തതയും ഉദ്ഘോഷിക്കുന്നത് എത്ര ഉചിതവുമെന്ന വാക്യങ്ങളിൽ, (സങ്കീ. 92, 1-3), ദൈവത്തോടുളള സങ്കീർത്തകന്റെ നന്ദിയുടെ പ്രകടനം മാത്രമല്ല ഉള്ളത്. അവയ്ക്കുപിന്നിൽ, രാവിലും പകലിലും, തന്റെ ജനത്തിന് സംരക്ഷകനായി കൂടെയുള്ള ദൈവത്തിന് നന്ദിയേകാൻ വിശ്വാസികളുടെ മുന്നിൽ ആവർത്തിക്കപ്പെടുന്ന ആഹ്വാനവും നമുക്ക് കാണാൻ സാധിക്കും. ഹെബ്രായഭാഷയിലെ കവിതകളിൽ ഉപയോഗിക്കപ്പെടുന്ന, സമാന്തരവാക്കുകളിലൂടെ ഒരേ ആശയം ആവർത്തിക്കുന്ന ശൈലിയാണ് ഇവിടെ നാം കാണുന്നത്.

എന്തുകൊണ്ടാണ് താൻ ദൈവത്തിന് നന്ദി പറയുകയും, അതുവഴി ജനത്തിന് ആഹ്വാനം നൽകുകയും ചെയ്യുന്നതെന്ന് നാലും അഞ്ചും വാക്യങ്ങളിൽ സങ്കീർത്തകൻ വ്യക്തമാക്കുന്നുണ്ട്. വിശ്വാസികൾക്ക് ആനന്ദവും സന്തോഷവുമേകുന്ന അത്ഭുതപ്രവൃത്തികളാണ് ദൈവം ചെയ്യുന്നത്. എത്രയോ മഹനീയമായ പ്രവൃത്തികളും, അഗാധമായ ചിന്തകളുമാണ് ദൈവത്തിന്റേതെന്ന് അവൻ ഏറ്റുപറയുന്നു (സങ്കീ. 92, 4-5). വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന, ദൈവത്തിൽനിന്ന് ഏറെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ മനുഷ്യർ ദൈവത്തിനെതിരായി പിറുപിറുക്കുമ്പോൾ, തന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്ന നന്മകൾ തിരിച്ചറിയുന്ന സങ്കീർത്തകനിലെ യഥാർത്ഥ വിശ്വാസി ദൈവത്തിന് നന്ദി പറയുന്നു. തന്റെ ദൈവത്തിൽ അഭിമാനിക്കുന്ന, അവന്റെ പ്രവൃത്തികളുടെയും ചിന്തകളുടെയും മാഹാത്മ്യം തിരിച്ചറിയുന്ന ഒരുവനാണ് സങ്കീർത്തകൻ.

ഭോഷന്റെ താത്കാലികസമൃദ്ധിയും ദൈവത്തിന്റെ ശിക്ഷയും

ദൈവത്തിന്റെ പ്രവൃത്തികളുടെയും ചിന്തകളുടെയും ആഴവും പരപ്പും, അവയുടെ മഹത്വവും തിരിച്ചറിയാൻ ഭോഷനും ദുഷ്ടനുമായ മനുഷ്യന് കഴിയില്ലെന്ന് ആറാം വാക്യത്തിൽ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു (സങ്കീ. 92, 6). ഭോഷൻ തന്നെത്താനെയാണ് എല്ലാത്തിന്റെയും അളവുകോലാക്കി കരുതുന്നത്. ഏഴാം വാക്യത്തിലാകട്ടെ, സാധാരണ വിശ്വാസിസമൂഹത്തിന് സംശയത്തിന് കാരണമാകുന്ന, ദുഷ്ടന്റെ വളർച്ചയെന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ് സങ്കീർത്തകൻ പരാമർശിക്കുക. ദുഷ്ടൻ പുല്ലുപോലെ മുളച്ചുപൊങ്ങുകയും, തിന്മ ചെയ്യുന്നവർ തഴച്ചുവളരുകയും ചെയ്യുന്നത്, സാധാരണ ജനത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ടെന്ന് സങ്കീർത്തകൻ തിരിച്ചറിയുന്നു. ഇസ്രയേലിന്റെ ദൈവത്തെ അംഗീകരിക്കാത്ത ജനതകൾ താത്കാലികമായെങ്കിലും വളരുന്നതും ശക്തിപ്രാപിക്കുന്നതും അവർ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, ദുഷ്ടരും തിന്മ പ്രവർത്തിക്കുന്നവരും എന്നേക്കുമായി നശിപ്പിക്കപ്പെടും എന്ന് ഏഴാം വാക്യത്തിൽ സങ്കീർത്തകൻ ഉറപ്പുനൽകുന്നത് (സങ്കീ. 92, 7). ഇത് ജനത്തിനുള്ള ഒരു മുന്നറിയിപ്പും അതോടൊപ്പം ആശ്വാസവചനവുമാണ്. ഉന്നതനായ കർത്താവിന്റെ ശത്രുക്കൾ നശിക്കുകയും ദുഷ്കർമ്മികൾ ചിതറിക്കപ്പെടുകയും ചെയ്യുമെന്ന് തുടർന്നുള്ള വാക്യങ്ങളിലും സങ്കീർത്തകൻ ആവർത്തിക്കുന്നു (സങ്കീ. 92, 8-9). ഒരു ആശയം കൂടുതൽ ഉറപ്പിച്ച് വ്യക്തമാക്കാനായി, സമാന്തരവാക്കുകളിലൂടെ അത് ആവർത്തിക്കുന്ന ശൈലിയാണ് ഇവിടെ നാം വീണ്ടും കണ്ടുമുട്ടുന്നത്.

സങ്കീർത്തകന്റെ ദൈവാനുഭവം

ദുഷ്ടരുടെയും തിന്മ പ്രവർത്തിക്കുന്നവരുടെയും വളർച്ച സാധാരണ ജനത്തിന്റെ മനസ്സിൽ ഉളവാക്കുന്ന ആശയക്കുഴപ്പവും, എന്നാൽ അതേസമയം ദൈവത്തിന് സ്തോത്രമർപ്പിക്കുന്നതിലെ ഔചിത്യവും സംബന്ധിച്ച് ജനത്തെ ഉദ്‌ബോധിപ്പിച്ച സങ്കീർത്തകൻ ഈ കീർത്തനത്തിന്റെ പത്ത് മുതലുള്ള വാക്യങ്ങളിൽ തന്റെ വിശ്വാസവും, അതിനുള്ള കാരണങ്ങളും കൂടുതൽ ശക്തമായ വാക്കുകളിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. തനിക്ക് ദൈവാനുഗ്രഹത്താൽ ലഭിച്ച സംരക്ഷണത്തിന്റെ അനുഭവമാണ് അവൻ ഇവിടെ വിവരിക്കുക. കൊമ്പ് അധികാരത്തിന്റെയും ശക്തിയുടെയും അടയാളമായാണ് കരുതപ്പെടുന്നത്. കാട്ടുപോത്തിന്റെ കൊമ്പുപോലെ തന്റെ കൊമ്പുയർത്തിയതും, ശക്തിയും പ്രസരിപ്പുമേകുന്ന, സമർപ്പണത്തിന്റെയും അഭിഷേകത്തിന്റെയും അടയാളം കൂടിയായ പുതിയ തൈലം തന്റെമേൽ ഒഴിച്ചതും കർത്താവാണെന്നും, തന്റെ ശത്രുക്കളുടെ പതനം താൻ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടുവെന്നും, തന്നെ ആക്രമിക്കുന്ന ദുഷ്ടരുടെ ദുരന്തം തന്റെ ചെവികൾ കൊണ്ട് കേട്ടുവെന്നും അവൻ ജനത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്തുന്നു (സങ്കീ. 92, 10-11). നന്മയുടെയും സത്യത്തിന്റെയും ഭാഗത്തുനിൽക്കുന്നവൻ എന്നെന്നേക്കും ശക്തമായി നിലനിൽക്കുന്നു എന്നൊരു അർത്ഥംകൂടി ഈ വാക്കുകൾക്കുണ്ട്. പന്ത്രണ്ടാം വാക്യത്തിൽ ഈയൊരർത്ഥം കൂടുതൽ വ്യക്തമായി നമുക്ക് കാണാം: "നീതിമാന്മാർ പനപോലെ തഴയ്ക്കും; ലെബനോനിലെ ദേവദാരു പോലെ വളരും" (സങ്കീ. 92, 12). വരണ്ട മരുഭൂമിയെപ്പോലും അതിജീവിക്കുന്ന പനയും, മനോഹരവും എന്നാൽ ശക്തവുമായ ദേവദാരുവും പഴയനിയമജനതയ്ക്ക് ചിരപരിചിതങ്ങളായ ചിത്രങ്ങളാണ്.

നീതിമാന്മാരെ, ദൈവത്തിന്റെ വിശ്വസ്തരും പ്രിയപ്പെട്ടവരുമായ മനുഷ്യരെ, ദേവാലയാങ്കണത്തോട് ചേർന്നുവളരുന്ന വൃക്ഷത്തോടാണ് പതിമൂന്നാം വാക്യത്തിൽ സങ്കീർത്തകൻ ഉപമിക്കുന്നത് (സങ്കീ. 92, 13). ദൈവാനുഗ്രഹത്തിന്റെ നനവിൽ, ദൈവത്തിന്റെ സംപ്രീതിയിൽ, അവന്റെ കൃപയേറ്റു വളരുന്ന മനുഷ്യർ, വാർദ്ധക്യത്തിലും ഫലം പുറപ്പെടുവിക്കുന്ന, എന്നും ഇല ചൂടി പുഷ്ടിയോടെ നിൽക്കുന്ന വൃക്ഷം പോലെയാണെന്ന മനോഹരമായ വിവരണമാണ് സങ്കീർത്തകൻ നടത്തുക (സങ്കീ. 92, 14). ദൈവത്തോട് ചേർന്ന് നിൽക്കുന്ന മനുഷ്യർക്ക്, മാനുഷികമായി അസാദ്ധ്യമെന്ന് തോന്നുന്നയിടങ്ങളിലും, സമയങ്ങളിലും പോലും ദൈവം അനുഗ്രഹമേകുന്നത് വിശുദ്ധഗ്രന്ഥത്തിൽ നാം കണ്ടുമുട്ടുന്നുണ്ടല്ലോ. ഇങ്ങനെ ദൈവത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങി, അവന്റെ സാമീപ്യത്തിൽ ജീവിക്കുന്ന നന്മയുള്ള മനുഷ്യർ, കർത്താവ് നീതിമാനാണെന്ന് പ്രഘോഷിക്കുമെന്ന സങ്കീർത്തകന്റെ വാക്കുകൾ ദൈവസ്‌തുതിക്കായുള്ള ഒരു ആഹ്വാനം കൂടിയാണ് (സങ്കീ. 92, 15). ദൈവമാണ് തന്റെ അഭയശിലയെന്നും, അവനിൽ അനീതിയില്ലെന്നുമുള്ള സാക്ഷ്യത്തോടെയാണ് സങ്കീർത്തകൻ ഈ പ്രബോധനാഗീതം അവസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

എന്തുകൊണ്ട് ദൈവത്തിന് നന്ദിയേകണം എന്ന ചോദ്യത്തിനുള്ള ഒരുത്തരമാണ്, സ്വജീവിതാനുഭവങ്ങളുടെയും ബോധ്യങ്ങളുടെയും വെളിച്ചത്തിൽ തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനത്തിലൂടെ സങ്കീർത്തനകർത്താവ് നൽകുന്നത്. ദുഷ്ടന്റെ വളർച്ചയും അവന്റെ മഹത്വവും നൈമിഷികമാണെന്ന് സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നു. പാപത്തിൽ ജീവിക്കുന്നവർ തങ്ങളുടെ സമൃദ്ധിയും നേട്ടങ്ങളും താത്കാലികം മാത്രമാണെന്നറിഞ്ഞ്, അനുതപിച്ച് നന്മതന്നെയായ ദൈവത്തിലേക്ക് തിരികെ വരാനുള്ള ഒരു വിളിയായിക്കൂടി ഈ സങ്കീർത്തനത്തെ നമുക്ക് കാണാനാകും. ദൈവത്തോട് ചേർന്നുനിൽക്കുന്ന, നന്മയിലും നീതിയിലും സ്വജീവിതം നയിക്കുന്ന, ഒരു വിശ്വാസിയുടെ ജീവിതത്തിലെ പരാജയങ്ങളും വിഷമതകളും നൈമിഷികം മാത്രമാണെന്ന് കൂടിയാണ് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത്. ദൈവത്തോട് ചേർന്ന്, അവന്റെ അങ്കണത്തിൽ വളരുന്ന മനോഹരവും ശക്തവുമായ ദേവദാരു പോലെ നാമും നമ്മിലെ നന്മകളും നമ്മുടെ വിശ്വാസജീവിതവും വളർന്നുവരട്ടെ. അനുഗ്രഹങ്ങൾ ദൈവത്തിന്റെ ദാനങ്ങളാണെന്ന തിരിച്ചറിവിൽ, അവനോട് ചേർന്ന് നിൽക്കാം, അനുദിനം സ്തുതികൾ പാടാം. നീതിമാനും സർവ്വാധിപനും കരുണാമയനുമായ, തന്റെ വിശ്വാസികൾക്ക് ശക്തമായ അഭയശിലയായ കർത്താവിൽ നമുക്കും ഉറപ്പുള്ള സംരക്ഷണം തേടാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2024, 16:43